ഈ മനോരോഗികളുടെ ‘കരുതലിന്റെ’പരിണിതഫലമാണിതൊക്കെ; കുഞ്ഞ് താഴെ വീണതിലെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മേയര്‍ ആര്യ

കുഞ്ഞ് നാലാം നിലയില്‍ നിന്ന് വഴുതി വീണതിന്റെ രക്ഷാപ്രവര്‍ത്തന വിഡിയോയ്ക്കടിയിലെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ആരെയും എന്തും പറയാമെന്നും എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും ഏതറ്റം വരെയും അവഹേളിക്കാമെന്നും അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും തങ്ങളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരുകൂട്ടം സൈബര്‍ മനോരോഗികളുടെ ‘കരുതലിന്റെ’ പരിണിതഫലമാണ് ഈ ആത്മഹത്യയെന്ന് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ ആഴം വളരെ വലുതാണ്. രമ്യയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ഇത്തരം വൃത്തിക്കെട്ട മനുഷ്യര്‍ കൂടെ ഉള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന ബോധ്യത്തോടെ അതിനെയെല്ലാം അവഗണിച്ചും നേരിട്ടും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാനാണ് തയാറാകേണ്ടതെന്നും ആര്യ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മേയറുടെ പ്രതികരണം. (Arya rajendran facebook post on chennai mother suicide after cyber attack)
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
വേദനാജനകമായ വാര്‍ത്തയാണിത്. അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ ആഴം വളരെ വലുതാണ്. രമ്യയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ഏത് സംഭവം ഉണ്ടായാലും അതിന്റെ വസ്തുതകളെ കുറിച്ചോ സാഹചര്യങ്ങളെ കുറിച്ചോ യാതൊരു അന്വേഷണവും നടത്താതെയും മുന്‍പിന്‍ നോക്കാതെയും പരിണിതഫലങ്ങളെ കുറിച്ച് ആലോചിക്കാതെയും ആരെയും എന്തും പറയാമെന്നും എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും ഏതറ്റം വരെയും അവഹേളിക്കാമെന്നും അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും തങ്ങളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരുകൂട്ടം സൈബര്‍ മനോരോഗികളുടെ ‘കരുതലിന്റെ’ പരിണിതഫലമാണ് ഈ വാര്‍ത്ത. രമ്യയെ ഇക്കൂട്ടര്‍ എന്തൊക്കെ പറഞ്ഞു കാണുമെന്നും എങ്ങനെയൊക്കെ ദ്രോഹിച്ചിരിക്കുമെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇതൊരു ഗൗരവതരമായ സാമൂഹ്യപ്രശ്‌നമാണ്. ആത്മഹത്യയോ ഉള്‍വലിയലോ നാട് വിടലോ ഒന്നും കൊണ്ടല്ല ഇതിനെ നേരിടേണ്ടത് എന്ന് നമ്മുടെ സ്ത്രീസമൂഹം തിരിച്ചറിയണം. ഇത്തരം വൃത്തിക്കെട്ട മനുഷ്യര്‍ കൂടെ ഉള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന ബോധ്യത്തോടെ അതിനെയെല്ലാം അവഗണിച്ചും നേരിട്ടും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാനാണ് തയ്യാറാകേണ്ടത്. ഇത്തരം സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉണ്ടാകേണ്ടതുണ്ട്.
Story Highlights : Arya rajendran facebook post on chennai mother suicide after cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here