പരമാവധി ഉറങ്ങണം, ശമ്പളവും മറ്റു നിരവധി ആനുകൂല്യങ്ങളും; ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് യു.എസ് കമ്പനി

ആർക്കാണല്ലേ ഉറങ്ങാൻ ഇഷ്ടമില്ലാത്തത്. അക്കൂട്ടത്തിൽ തന്നെ മുഴുവൻ സമയവും ഉറങ്ങാൻ ഇഷ്ടപെടുന്നവരുമുണ്ട്. പണികളെല്ലാം പെട്ടെന്ന് തീർത്ത് ഉറങ്ങാൻ ഓടിവരുന്നവരും കുറവല്ല. അങ്ങനെ ഉറങ്ങാൻ ഇഷ്ടപെടുന്നവർക്ക് ഒരു സന്തോഷവാർത്തയാണ് ഇനി പങ്കുവെക്കുന്നത്. എത്രവേണമെങ്കിലും ഉറങ്ങിക്കോളൂ.. അതിന് ശമ്പളവും തരാം. അമേരിക്കയിലെ പ്രമുഖ കിടക്ക നിർമാതാക്കളായ കാസ്പർ ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് കൊണ്ട് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘കാസ്പർ സ്ലീപ്പേഴ്‌സ്’ എന്നാണ് തസ്തികയ്ക്ക് പേരിട്ടിരിക്കുന്നത്. എന്തൊക്കെയാണ് ഈ ജോലി നേടാൻ വേണ്ട യോഗ്യത എന്നറിയണ്ടേ…
ഏറ്റവും പ്രധാനപ്പെട്ട യോഗ്യത നന്നായി ഉറങ്ങാൻ കഴിയണമെന്നതു തന്നെയാണ്. മണിക്കൂറിന് 25 യു.എസ് ഡോളറാണ് അതായത് ഏകദേശം 2,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ജോലി എന്താണെന്ന് വിവരിച്ച് കമ്പനി വിവരിച്ച കുറിപ്പും രസകരമാണ്. പ്രധാനപ്പെട്ട ജോലി ഇതാണ് – കാസ്പറിന്റെ സ്റ്റോറുകളിൽ പരമാവധി സമയം കിടന്നുറങ്ങണം. ഇനി വല്ലപ്പോഴും ഉറക്കമില്ലാത്ത സമയത്ത് കാസ്പർ കിടക്കകളിലെ ഉറക്കത്തിന്റെ അനുഭവം പങ്കുവച്ച് വിഡിയോ ചെയ്യണം. ടിക്‌ടോക് മാതൃകയിലുള്ള വിഡിയോ ആണ് കമ്പനി നിർദേശിക്കുന്നത്. ഇത് കാസ്പറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കും.
ജോലിയ്ക്കായി കമ്പനി പറയുന്ന യോഗ്യതകൾ ഇതൊക്കെയാണ്. ഒന്ന് നന്നായി ഉറങ്ങാനുള്ള ശേഷി. അടുത്തത് എത്ര വേണമെങ്കിലും ഉറങ്ങാനുള്ള ആഗ്രഹം. മൂന്ന് കാമറയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിക്കാനുള്ള സന്നദ്ധത. നാല് ഏതു ഘട്ടത്തിലും ഉറങ്ങാനുള്ള ശേഷി. അഞ്ച് ഉറക്കത്തെക്കുറിച്ചുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലുടെ പങ്കുവയ്ക്കാനുള്ള താൽപര്യം. കൂടാതെ 18 വയസ് പൂർത്തിയായവർ ആയിരിക്കണം ജോലിയ്ക്ക് അപേക്ഷിക്കുന്നത്. ന്യൂയോർക്കിലുള്ളവർക്കാണ് മുൻഗണന നൽകുന്നുണ്ട്. പക്ഷെ അല്ലാത്തവർക്കും ജോലിയ്ക്ക് അപേക്ഷിക്കാമെന്ന് കമ്പനി പറയുന്നുണ്ട്.
ജോലിയുടെ സമയത്ത് ഉറങ്ങാൻ കമ്പനിയുടെ പ്രത്യേക പൈജാമ ലഭിക്കും. കൂടാതെ ശമ്പളത്തിനൊപ്പം കാസ്പറിന്റെ മറ്റു ഉൽപന്നങ്ങൾ സൗജന്യമായി ലഭിക്കും. പാർട്‌ടൈം ആയാകും ജോലിയുണ്ടാകുക. ഇതിന് ശമ്പളത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കാസ്പറിന്റെ വെബ്‌സൈറ്റിൽ https://boards.greenhouse.io/casper/jobs/4440302?gh_jid=4440302 എന്ന ലിങ്കിലാണ് ജോലിയ്ക്കായി അപേക്ഷിക്കേണ്ടത്. വ്യാഴാഴ്‌ച്ചയാണ് അവസാന തിയതി.
Story Highlights: Want to Sleep at Work? Casper Is Hiring Professional Nappers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here