പുരോഹിതന്റെ വീട്ടിൽ നിന്ന് 50 പവൻ മോഷ്ടിച്ച സംഭവത്തിൽ ട്വിസ്റ്റ്; പ്രതി മകൻ

കൂരോപ്പടയിൽ പുരോഹിതന്റെ വീട്ടിൽ നിന്ന് 50 പവൻ മോഷ്ടിച്ച സംഭവത്തിൽ ട്വിസ്റ്റ്. പ്രതി മകനെന്ന് കണ്ടെത്തിയതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് മകൻ ഷൈനു നൈനാൻ കോശി പിടിയിലാകുന്നത്. ഫാ.ജേക്കബ് നൈനാന്റെ വീട്ടില്‍ നിന്ന് നഷ്ടമായ സ്വര്‍ണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തിരുന്നു.
വലിയ സാമ്പത്തിക ബാധ്യതയാണ് ഷൈനുവിന് ഉണ്ടായിരുന്നത്. ഇത് തീർക്കാൻ വേണ്ടിയാണ് ഷൈനു മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ മുതൽ ഇയാൾ പൊലീസിന്റെ സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാൽ അത് പുറത്ത് പ്രകടിപ്പക്കാതെയുള്ള അന്വേഷണമായിരുന്നു സംഘം ആദ്യ ഘട്ടം മുതൽ നടത്തിയത്.
ആദ്യഘട്ടത്തിൽ തന്നെ ഷൈനുവിന്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിന്റെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. മോഷണം നടക്കുന്ന സമയത്ത് പ്രതി ഒരു മണിക്കൂറോളം സമയം മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇട്ടിരുന്നു. എന്തിനാണ് ഈ സമയം മൊബൈൽ ഫോൺ ഫ്ലൈറ്റ് മോഡിൽ ഇട്ടത് എന്ന ചോദ്യത്തിന് ഷൈനുവിന് ഉത്തരം പറയാനയില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സ്വയം സമ്മതിക്കുകയായിരുന്നു.
വലിയ കടബാധ്യതയുണ്ടായിരുന്നു ഷൈനു വീട്ടുകാർ അറിയാതെ അത് തീർക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്. പലപ്പോഴായ മോഷണം നടത്തിയിരുന്ന ഷൈനു അത് പിടിക്കപ്പെടാതിരിക്കാൻ വേണ്ടി മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ഡ്രാമ മോഡലിൽ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. അടുക്കള വാതിൽ പൊളിച്ച് കള്ളൻ അകത്തു കയറി എന്നറിയിക്കാൻ അടുക്കള വാതിലിലെ ലോക്ക് ഇളക്കി മാറ്റി. പൂട്ട് കുത്തിപൊളിച്ച് അകത്ത് കേറി എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമമെങ്കിലും സ്പെയർ കീ ഉപയോഗിച്ച് പൂട്ട് തുറക്കുകയായിരുന്നുവെന്ന് അന്വേഷണം സംഘം കണ്ടെത്തി.
മോഷണ പ്രതീതി സൃഷ്ടിക്കുന്നതിനായി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതിൽ പൊളിക്കുകയും വീടിനുള്ളിൽ മുളകുപൊടി വിതറുകയും ചെയ്തു. എന്നാൽ അലമാരയുടെ ഡോർ യഥാർത്ഥ താക്കോൽ കണ്ടെത്തി തുറക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കള്ളൻ രക്ഷപ്പെട്ടത് തെളിക്കുന്നതായി കള്ളൻ സഞ്ചരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച വഴിയിൽ ഇയാൾ സ്വർണം വിതറുകയും ചെയ്തു. കള്ളൻ ഓടി രക്ഷപെട്ടപ്പോൾ സ്വർണം വഴിയിൽ ചാടിയെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു ശ്രമം. അലമാരയിൽ 50 പവനിൽ കൂടുതൽ സ്വർണം ഉണ്ടായിരുന്നിട്ടും സ്വർണം ബാക്കി വച്ച് മോഷണം നടത്തിയതും മോഷ്ടാവിന് വീടുമായുള്ള ബന്ധം തെളിയിക്കാൻ ഇട നൽകി. മുളകുപൊടി വാങ്ങിയത് സമീപത്തെ കടയിൽ നിന്നുമാണെന്നും പൊലീസ് കണ്ടെത്തി.
സ്വർണ്ണവും പണവും വീടിന് എതിർവശത്തെ ബന്ധുവിന്റെ കടയിൽ നിന്നും കണ്ടെടുത്തു. കടയ്ക്ക് പിന്നിലെ കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
Story Highlights: Burglary at priest’s house; Defendant’s son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here