ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകം; ഹാജരാകണോ എന്ന് ഹൈക്കോടതി വിധിയ്ക്ക് ശേഷം തീരുമാനിക്കും: തോമസ് ഐസക്ക്

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനു മുൻപിൽ ഹജരാകണോ എന്ന് ഹൈക്കോടതി വിധിയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് തീരുമാനിച്ചത് പാർട്ടിയുമായി ആലോചിച്ചതിനു ശേഷമാണ്. ഫെമ ലംഘനമുണ്ടെങ്കിൽ ആദ്യം അത് ചൂണ്ടിക്കാട്ടേണ്ടത് റിസർവ് ബാങ്കാണ്. ആർബിഐ കാണാത്ത എന്ത് കുറ്റമാണ് ഇഡി കണ്ടതെന്ന് വ്യക്തമാക്കണമെന്നും ഡോ. ടിഎം തോമസ് ഐസക്ക് ആവശ്യപ്പെട്ടു. (enforcement directorate thomas isaac)
‘കുതിര കയറാനായി നിന്നുകൊടുക്കാൻ പറ്റില്ല. അതുകൊണ്ട് എന്താണ് എൻ്റെ ഒഫൻസ് എന്ന് എന്നെ അറിയിക്കണം. അതിനു കഴിയില്ലെങ്കിൽ നോട്ടീസ് പിൻവലിക്കണം. ഞാനെന്തിന് ആശങ്കപ്പെടണം. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ്. അവർ ഇഡിയെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനാണ്. അവരെ അറസ്റ്റ് ചെയ്യാനാണ്. തടങ്കലിൽ വെക്കാനാണ്. സംസ്ഥാന സർക്കാരുകളെ അട്ടിമറിയ്ക്കാനാണ്.’- തോമസ് ഐസക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read Also: എന്താണ് ചെയ്ത കുറ്റം?; ഇ.ഡി നോട്ടിസിൽ തോമസ് ഐസക്ക് ഹൈക്കോടതിയിൽ
വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് തോമസ് ഐസകിന് ഇഡി നോട്ടിസ് നൽകിയിരുന്നത്. എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് എന്ത് സാഹചര്യത്തിലാണ് തനിക്ക് നോട്ടിസ് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് മറുപടിക്കത്ത് നൽകുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെൻറ് തോമസ് ഐസകിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. എന്നാൽ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഐഎം നിലപാട്.
Story Highlights: enforcement directorate thomas isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here