Advertisement

ആയത്തുള്ള ഖൊമൈനിയുടെ ഫത്വയുടെ നിഴലില്‍ മുപ്പതാണ്ട്; ആരാണ് സല്‍മാന്‍ റുഷ്ദി?

August 12, 2022
Google News 2 minutes Read

അല്‍പസമയം മുന്‍പ് ന്യൂയോര്‍ക്കിലെ ഒരു സ്‌റ്റേജില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുഖത്തേറ്റ കുത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവുകൂടിയാണെന്നാണ് സാഹിത്യലോകം പ്രതികരിക്കുന്നത്. സതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് പിന്നാലെ ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം വലിയ അതിജീവന പോരാട്ടം നടത്തിയ റുഷ്ദി ഇന്നുണ്ടായ ആക്രമണത്തെയും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് റുഷ്ദിയുടെ എഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍. ലെക്ച്വറിനിടെ സ്റ്റേജിലേക്ക് പാഞ്ഞുവന്ന് റുഷ്ദിയെ രണ്ട് തവണ കുത്തിയ അക്രമി പിടിയിലായിട്ടുണ്ട്. കുത്തേറ്റ ഉടന്‍ റുഷ്ദിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഇപ്പോഴും പൂര്‍ണമായി സ്ഥിരീകരിച്ച വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. (who is salman rushdie stabbed in new york)

റുഷ്ദിയുടെ സാതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിനെതിരെ ദൈവനിന്ദ എന്ന ആരോപണമാണ് തീവ്ര മതവാദികള്‍ ഉയര്‍ത്തിയിരുന്നത്. 1988ല്‍ റഷ്ദിയുടെ പുസ്തകം ഇറാനില്‍ നിരോധിച്ചു. ഇതിന് പിന്നാലെ ഇറാനിയന്‍ നേതാവ് ആയത്തുള്ള ഖൊമൈനി സല്‍മാന്‍ റഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളറാണ്( 23,89,29,150 രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഒരു സുരക്ഷിത താവളത്തിനുവേണ്ടി പലായനം ചെയ്യാന്‍ ഇത് എഴുത്തുകാരനെ നിര്‍ബന്ധിതനാക്കി.

പിന്നീടുള്ള നാളുകളില്‍ വെറുപ്പും ഭയവും നിറഞ്ഞ വഴികളിലൂടെയാണ് റുഷ്ദിക്ക് സഞ്ചരിക്കേണ്ടി വന്നത്. സാതാനിക് വേഴ്‌സസിന്റെ പകര്‍പ്പുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പുസ്തകത്തിന്റെ പ്രസിദ്ധീകരണ ശാലകള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. ജപ്പാന്‍, ഇംഗ്ലണ്ട്, തുര്‍ക്കി, ഇറ്റലി, അമേരിക്ക, നോര്‍വേ തുടങ്ങിയ പല രാജ്യങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനും ബ്രിട്ടണും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടാന്‍ പോലും റുഷ്ദിയുടെ പുസ്തകം കാരണമായി.

Read Also: 100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…

ഖൊമൈനിയുടെ കല്‍പ്പനയില്‍ നിന്നും ഇറാന്‍ വളരെക്കാലമായി അകലം പാലിക്കുകയാണെങ്കിലും സല്‍മാന്‍ റഷ്ദി വിരുദ്ധ വികാരം ചില തീവ്രമതവാദികള്‍ക്കുള്ളില്‍ വളരെക്കാലം നിലനിന്നു. പിന്നീട് 2012ല്‍ ഒരു മതസ്ഥാപനം റഷ്ദിയെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം 3.3 മില്യണ്‍ ഡോളറായി ഉയര്‍ത്തി. ഫത്വ കാലത്തെക്കുറിച്ച് റഷ്ദി എഴുതിയ ജോസഫ് ആന്റണ്‍ എന്ന ഓര്‍മക്കുറിപ്പും പിന്നീട് വളരെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദി കഴിഞ്ഞ 20 വര്‍ഷക്കാലമായി അമേരിക്കയിലാണ് താമസം. റുഷ്ദിയുടെ രണ്ടാമത്തെ നോവലായ മിഡ്‌നൈറ്റ് ചില്‍ഡ്രണ് ബുക്കര്‍ സമ്മാനം ലഭിച്ചതോടെയാണ് ലോകസാഹിത്യ ഭൂപടത്തില്‍ സല്‍മാന്‍ റുഷ്ദി എന്ന പേര് അടയാളപ്പെടുന്നത്. ഗ്രിമസ്, ഷെയിം, ജാഗ്വാര്‍ സ്‌മൈല്‍: എ നിക്കരാഗ്ലന്‍ ജേര്‍ണി, ഈസ്റ്റ് വെസ്റ്റ്, ഫ്യൂറി, ദി ഗ്രൗണ്ട് ബിനീത്ത് ഹെര്‍ ഫീറ്റ് മുതലായവയാണ് റുഷ്ദിയുടെ പ്രശസ്തമായ മറ്റ് കൃതികള്‍.

Story Highlights: who is salman rushdie stabbed in new york

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here