Advertisement

‘പൂജ്യത്തിനു പുറത്തായതിന് രാജസ്ഥാൻ റോയൽസ് ഉടമ മുഖത്തടിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലർ

August 14, 2022
Google News 2 minutes Read
ross taylor rajasthan royals

ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ ഉടമകളിലൊരാൾ തൻ്റെ മുഖത്തടിച്ചെന്ന വെളിപ്പെടുത്തലുമായി അടുത്തിടെ വിരമിച്ച ന്യൂസീലൻഡ് ബാറ്റർ റോസ് ടെയ്‌ലർ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പൂജ്യത്തിനു പുറത്തായതിനാണ് ഇയാൾ തന്നെ അടിച്ചതെന്നും ടെയ്‌ലർ പറയുന്നു. തൻ്റെ ആത്മകഥയായ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ടെയ്ലറുടെ വെളിപ്പെടുത്തൽ. (ross taylor rajasthan royals)

2011ലെ ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിൽ താൻ പൂജ്യത്തിന് പുറത്തായി. ശേഷം കളിക്കാരും സപ്പോർട്ട് സ്റ്റാഫും മാനേജ്‌മെന്റും ഹോട്ടലിലെ ബാറിൽ നിൽക്കുകയായിരുന്നു. ഇതിനിടെ റോയൽസിന്റെ ഉടമകളിലൊരാൾ പറഞ്ഞു, ‘പൂജ്യത്തിന് പുറത്താവാനല്ല ഞങ്ങൾ നിനക്ക് വൻ പ്രതിഫലം നൽകുന്നത്’ എന്ന്. എന്നിട്ട് തൻ്റെ മുഖത്ത് അയാൾ മൂന്നാല് തവണ അടിക്കുകയും ചെയ്തു. ചിരിച്ചുകൊണ്ടായിരുന്നു അടി. അത്ര ശക്തിയിലല്ല അടിച്ചത്. പക്ഷേ, അടി തമാശ ആയിട്ടായിരുന്നോ എന്നറിയില്ല എന്ന് ടെയ്‌ലർ കുറിച്ചു.

താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നും ടെയ്‌ലർ തൻ്റെ ആത്മഥയിൽ കുറിച്ചു.

Read Also: താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് റോസ് ടെയ്‌ലർ

“ന്യൂസീലൻഡിനെ ക്രിക്കറ്റ് വെളുത്തവർഗക്കാരുടെ കളിയാണ്. എന്റെ കരിയറിന്റെ ഭൂരിഭാഗവും ഞാൻ അവർക്ക് ഒരു അപാകതയായിരുന്നു. വാനില ലൈനപ്പിൽ ഒരു ബ്രൗൺ മുഖം. അതിന് അതിൻ്റേതായ വെല്ലുവിളികളുണ്ട്. അതിൽ പലതും ടീമംഗങ്ങൾക്കോ ​​ക്രിക്കറ്റ് കളിക്കാർക്കോ പെട്ടെന്ന് മനസ്സിലാവില്ല. പോളിനേഷ്യൻ വിഭാഗക്കാർക്ക് ക്രിക്കറ്റിൽ കാര്യമായ പ്രതിനിധാനം ഇല്ലാത്തതിനാൽ ആളുകൾ ചിലപ്പോൾ ഞാൻ മാവോറി വംശക്കാരനോ ഇന്ത്യക്കാരനോ ആണെന്ന് കരുതാറുണ്ട്.”- ടെയ്‌ലർ കുറിച്ചു.

2006 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ടെയ്‌ലർ ദേശീയ ജഴ്സിയിൽ അരങ്ങേറിയത്. 112 ടെസ്റ്റുകളിൽ ടെയ്‌ലർ കളിച്ചു. ന്യൂസീലൻഡിനായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയോടൊപ്പം ടെയ്‌ലർ പങ്കിടുകയാണ്.

മൂന്ന് ഫോർമാറ്റിലും 100ലധികം മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമാണ് ടെയ്‌ലർ. ന്യൂസീലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങളും (445), റൺസും (18074), സെഞ്ചുറികളും (40) ടെയ്‌ലറിൻ്റെ പേരിലാണ്. 233 ഏകദിനങ്ങളിൽ നിന്ന് 8581 റൺസുള്ള താരം 48.2 ബാറ്റിംഗ് ശരാശരിയും കാത്തുസൂക്ഷിക്കുന്നു. 102 ടി-20കളിൽ നിന്ന് 1909 റൺസും താരത്തിനുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി 55 ഐപിഎൽ മത്സരങ്ങളിലും ജഴ്സിയണിഞ്ഞ താരം 1017 റൺസാണ് നേടിയിട്ടുള്ളത്.

Story Highlights: ross taylor rajasthan royals controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here