”തല്ലുകൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായതിനാൽ ഓടാൻ കഴിഞ്ഞില്ലമ്മേ”; ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായിക ലീല

വയനാട്ടിൽ അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്. നെയ്ക്കുപ്പ കോളനിയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങളുൾപ്പടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ലീല സന്തോഷ് വിഷയത്തിൽ പ്രതികരണവുമായെത്തിയത്. അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന, വിനായകൻ നായകനായെത്തുന്ന കരിന്തണ്ടൻ എന്ന സിനിമയുടെ സംവിധായികയാണ് ലീല സന്തോഷ്. ( Director Leela Santhosh with a heart touching Facebook post )
വരമ്പ് നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് അയൽക്കാരൻ നെയ്ക്കുപ്പ കോളനിയിലെ കുട്ടികളെ മർദിച്ചത്. രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞിനെ ഉൾപ്പടെയാണ് അയൽക്കാരൻ ക്രൂരമായി മർദിച്ചത്. തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായതിനാൽ ഓടാൻ കഴിഞ്ഞില്ലമ്മേ, അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നാണവൻ പറഞ്ഞത്.

നരസി പുഴയും കോളനി ഭിത്തിയും തമ്മിൽ ഏകദേശം മൂന്നോ നാലോ മീറ്റർ ദൂരം മാത്രമേയുള്ളൂ. കോളനിക്ക് മുന്നിലോ, രണ്ട് മീറ്റർ ദൂരത്തിൽ അയൽക്കാരന്റെ കൃഷിയിടം. കുഞ്ഞുങ്ങൾക്ക് കളിക്കാൻ മാത്രമല്ല. നെൽകൃഷി ആരംഭിച്ചാൽ മുതിർന്നവർക്ക് കൂടി നടക്കാൻ വഴിയില്ലാതാവും. ഈ ഒന്നര മീറ്റർ വീതിയുള്ള മുറ്റത്താണ് വർഷങ്ങളായി എന്റെ ഹസ്ബന്റ് സന്തോഷ് അടങ്ങുന്ന വലിയൊരു തലമുറ കളിച്ചു വളർന്നതെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. വയനാട്ടിലെ ഒട്ടുമിക്ക ഊരുകളുടെയും ദുരവസ്ഥയെക്കുറിച്ചും അവർ വിശദമായി പോസ്റ്റിൽ പറയുന്നുണ്ട്.
Read Also: വയനാട്ടിൽ ആദിവാസി വിദ്യാർത്ഥികളെ മർദിച്ച കേസ്; പ്രതി അറസ്റ്റിൽ
ആഗസ്റ്റ് 15ന് നടവയൽ എൽപി സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികൾ കളിച്ചുകൊണ്ടിരിക്കെയാണ് അയൽവാസി മർദ്ദിച്ചത്. 6-7 വയസുവരെ പ്രായമുള്ള മൂന്ന് കുട്ടികൾക്കാണ് പരിക്കേറ്റത്. അടിയേറ്റ മൂന്ന് കുട്ടികളുടെയും കാലിലും വയറിന്റെ ഭാഗത്തും പുറത്തും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്.
സംവിധായിക ലീല സന്തോഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇത് നെയ്ക്കുപ്പ കോളനി. രാജസ്ഥാനിൽ കുടിവെള്ളം നിഷേധിച്ച് ഒരു പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ ചൂടാറു മുമ്പ് , ഇവിടെ വയനാട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ അയൽക്കാരന്റെ മർദ്ദനത്താൽ പരിക്കേറ്റ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ജീവിക്കുന്ന ഇടം. അവരിൽ രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞു മുണ്ടായിരുന്നു. തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാൻ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നവൻ പറഞ്ഞു.
Read Also: വരമ്പില്‍ ചവിട്ടിയതിന് ആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മിഷന്‍
നരസി പുഴയും കോളനി ഭിത്തിയും തമ്മിൽ ഏകദേശം മൂന്നോ നാലോ മീറ്റർ ദൂരം മാത്രം. കോളനിയ്ക്ക് മുന്നിലോ, രണ്ട് മീറ്റർ ദൂരത്തിൽ അയൽക്കാരന്റെ കൃഷിയിടം. കുഞ്ഞുങ്ങൾക്ക് കളിക്കാൻ മാത്രമല്ല. നെൽകൃഷി ആരംഭിച്ചാൽ മുതിർന്നവർക്ക് കൂടി നടക്കാൻ വഴിയില്ലാതാവും. ഈ ഒന്നര മീറ്റർ വീതിയുള്ള മുറ്റത്താണ് വർഷങ്ങളായി എന്റെ ഹസ്ബന്റ് സന്തോഷ് അടങ്ങുന്ന വലിയൊരു തലമുറ കളിച്ചു വളർന്നത്. കളിക്കാൻ ഇടം തേടി കുഞ്ഞുങ്ങൾ വയലുകളിലിറങ്ങിയാൽ ചാട്ടവാറുമായി അയൽക്കാരിറങ്ങും. തൊട്ടടുത്ത് കാടാണ്. കഴിഞ്ഞ വർഷം ഒരമ്മ ആ കാട്ടിൽ വെച്ചാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മഴക്കാലത്ത് പുഴവെള്ളം നിറഞ്ഞ് വീടുകളിലൂടെ ഒഴുകും. ഊരിലെ അന്തേവാസികൾ (രോഗികളും, വയസ്സായവരും അടക്കം) നടവയൽ സ്കൂളിലേയ്ക്ക് അഭയാർഥികളായി മാറ്റപ്പെടും. സ്വരുകൂട്ടി വെച്ചതെല്ലാം ഒഴുകി പോകും. വീടിനും സ്ഥലത്തിനുമായി സർക്കാർ ഓഫീസുകളിൽ നടന്ന് തഴമ്പിച്ച കാലുകളാണ് ഇവിടുത്തെ അന്തേവാസികളിലധികവും. ഇനിയും അതിനൊരു വഴിതിരിവ് ഉണ്ടായിട്ടില്ല. വയനാട്ടിലെ ഒട്ടുമിക്ക ഊരുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല.
കുഞ്ഞുങ്ങൾ സ്കൂളുകളിൽ സ്വാതന്ത്ര്യാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലെത്തി, തോട്ടിലെ മീൻ പിടിച്ച് കളിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. ഈ സംഭവത്തോടെ സ്വാതന്ത്ര്യം, ഗോത്രങ്ങൾക്കിന്നും എത്തിപ്പിടിക്കാനാവാത്ത ദൂരത്താണെന്ന് തന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. കയ്യിൽ നിറങ്ങളുള്ള സ്വാതന്ത്ര്യത്തിന്റെ കൊടി തരുംമുമ്പ്, ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എവിടെയാണ് സ്വാതന്ത്ര്യമെന്നും കൂടി കാട്ടിത്തരിക. അവരിനിയും ക്രൂശിക്കപ്പെടുന്നത് കാണാനാവില്ല.
Story Highlights: Director Leela Santhosh with a heart touching Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here