ഇർഷാദിന്റെ കൊലപാതകം; പ്രതികളുടെ പാസ്പോർട്ട് റദ്ദാക്കാൻ നടപടി

പെരുവണ്ണാമൂഴിയിലെ ഇർഷാദിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു. നാസർ എന്ന സ്വാലിഹ്, നൗഷാദ്, ഉവൈസ് എന്നിവർക്ക് നോട്ടീസയച്ചു. പൊലീസ് റിപ്പോർട്ട് പ്രകാരമാണ് പാസ്‌പോർട്ട് റദ്ദാക്കലിന് മുന്നോടിയായുള്ള നോട്ടീസയച്ചത്.
പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതികളെ നാട്ടിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങിക്കഴിഞ്ഞു.ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് നാസർ എന്ന സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 19ന് ആണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്നും പൊലീസ് കണ്ടെത്തി. കൊയിലാണ്ടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സ്വാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടത്.
ജൂലൈ 6ന് കാണാതായ ഇർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡിഎൻഎ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. നേരത്തെ മേപ്പയൂർ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരം ലഭിച്ചത്.
Read Also: ഇർഷാദിന്റെ കൊലപാതകം; സ്വർണം കൊണ്ടുപോയത് കണ്ണൂരിലേക്ക്
രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. ജൂലൈ 17ന് പരിസരപ്രദേശത്ത് ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ കാര്യം പൊലീസ് അറിഞ്ഞ് എത്തിയപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്‍റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് തിരിച്ചറിയുകയായിരുന്നു.
Story Highlights: Kozhikode irshad murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here