Advertisement

സിപിഐഎമ്മിന് കീഴടങ്ങി മിണ്ടാതിരിക്കുക എന്നല്ലാതെ സിപിഐക്ക് മുന്നിലെന്ത് ? ലോകായുക്ത പിണയ്ക്കുന്ന കുടുക്കുകൾ

August 17, 2022
Google News 1 minute Read
lokayukta cpi

കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മന്ത്രിസഭാ ബഹിഷ്‌കരണം. ഇത്തവണ മന്ത്രിസഭാ യോഗത്തിൽ വിയോജിപ്പ് പ്രഖ്യാപനം.
ആരോപണ വിധേയനായ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞതവണ മന്ത്രിസഭ ബഹിഷ്‌കരിച്ചത് എങ്കിൽ ഇത്തവണ നയപരമാണ് കാര്യങ്ങൾ. ( lokayukta cpi )

ലോകായുക്ത നിയമത്തിലെ സിപിഐ നിലപാട് അംഗീകരിച്ചില്ലെങ്കിൽ സഭയിൽ തന്നെ ഭേദഗതി കൊണ്ടുവരും എന്നാണ് സിപിഐയുടെ നിലപാടായി പുറത്തുവരുന്ന വാർത്തകൾ. മന്ത്രിസഭ കൊണ്ടുവരുന്ന ബില്ലിൽ അതേ മുന്നണിയിൽ നിന്നു ഭേദഗതി വരുന്നത് സങ്കീർണമായ രാഷ്ട്രീയ സ്ഥിതിയാണ്. ഇതു സിപിഐയുടെ ഓലപ്പാമ്പ് മാത്രമാണോ?

അങ്ങനെ ആണെന്നു പെട്ടെന്നു തോന്നുമെങ്കിലും അത്ര ലളിതമല്ല കാര്യങ്ങൾ. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്കു കൊണ്ടുവരാൻ നടന്ന ഓരോ നീക്കത്തിലും സിപിഐ ഇങ്ങനെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് വഴിയൊരുക്കിയത് സിപിഐക്ക് ഒരു തരത്തിലും ഭീഷണി ആകില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ്. ലോകായുക്ത ഭേദഗതിയിൽ സിപിഐ പറയുന്നത് പലതും നടക്കണമെങ്കിൽ ചട്ടങ്ങൾ തന്നെ മാറേണ്ടി വരും. ലോകായുക്തയുടെ തീരുമാനങ്ങൾ സർക്കാർ പുനപരിശോധിക്കുന്നതിനു പകരം മറ്റൊരു സമിതി പരിശോധിക്കട്ടെ എന്നാണ് സിപിഐ പറയുന്നത്. ലോകായുക്തയ്ക്കു മേൽ സൂപ്പർ ലോകായുക്ത സ്ഥാപിക്കുകയും അതിന്റെ ചെലവുകൂടി സർക്കാർ വഹിക്കുകയും ചെയ്യുക എന്നല്ലാതെ ഇതുകൊണ്ടു മറ്റു നേട്ടങ്ങൾ ഒന്നുമില്ല.

Read Also: ലോകായുക്ത ഭേദഗതിയില്‍ വിയോജിപ്പുമായി സിപിഐ; ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

സിപിഐ ഓർമിപ്പിക്കുന്ന 1967

രാഷ്ട്രീയ അനുഭവ സമ്പത്തിൽ ഇപ്പോൾ പിണറായി വിജയന് ഒപ്പം നിൽക്കാൻ ഉമ്മൻ ചാണ്ടി അല്ലാതെ മറ്റാരും ഇല്ല. ഇരുവരും ഒരേ കാലത്ത് ആരംഭിച്ചതാണ് പാർലമെന്ററി രാഷ്ട്രീയം. 133ൽ 117 സീറ്റുമായി അധികാരത്തിലെത്തിയ ഇഎംഎസിന്റെ 1967ലെ സപ്തകക്ഷി മന്ത്രിസഭ വീണതിനു ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിലാണ് ഇരുവരും സഭയിൽ ആദ്യമായി എത്തിയത്. അതുകൊണ്ട് സിപിഐ ഉയർത്തുന്ന പ്രതിഷേധത്തിന്റെ അർത്ഥം വായിച്ചെടുക്കാൻ രണ്ടാമതൊരാളുടെ ആവശ്യം മുഖ്യമന്ത്രിക്ക് ഉണ്ടാകില്ല.

മന്ത്രിസഭയിൽ സിപിഐക്കോൾ പ്രാധാന്യം മുസ്ലിം ലീഗിനു കിട്ടുന്നുണ്ടോ എന്ന സംശയത്തിൽ നിന്നാണ് സപ്തികക്ഷി മന്ത്രിസഭയിലെ കലാപങ്ങളുടെ തുടക്കം. മലപ്പുറം ജില്ലാ രൂപീകരണത്തിനു പിന്നാലെ ലീഗ് പറയുന്നതു മാത്രമേ നടക്കുന്നുള്ളൂ എന്നൊരു വികാരം സിപിഐയിൽ പൊട്ടിപ്പുറപ്പെട്ടു. ഇ.എം.എസ് മുതൽ കെ.ആർ ഗൗരിയമ്മ വരെ ആരോപണങ്ങളിൽപെട്ട കാലം. മുഖ്യമന്ത്രി ഇ.എം.എസ്. റവന്യൂ-ഭക്ഷ്യ മന്ത്രിയായി ഗൗരിയമ്മയും വിദ്യാഭ്യാസമന്ത്രിയായി സി.എച്ച് മുഹമ്മദ് കോയയും. കൃഷി എം.എൻ ഗോവിന്ദൻ നായർക്കും ഗതാഗതം ഇ.കെ. ഇമ്പിച്ചിബാവയ്ക്കും. പി.കെ. കുഞ്ഞാണു ധനമന്ത്രി. ഭരണം തുടങ്ങി വലിയ താമസമില്ലാതെ കോലാഹലത്തിനും തുടക്കമായി.

ആരോപണത്തിൽ പെട്ട ഗൗരിയമ്മ

ആദ്യത്തെ ആരോപണം കെ.ആർ ഗൗരിയമ്മയ്ക്ക് എതിരേ ആയിരുന്നു. ബേക്കറികൾക്ക് അനുകൂലമായി കേരളം കടുത്ത ഭക്ഷ്യക്ഷാമത്തിലാണ്. അതിനു കാരണം ഗൗരിയമ്മയുടെ കഴിവുകേടാണെന്ന് ആരോപണം ഉയർന്നു. ദുർബലമായ പ്രതിപക്ഷത്തുനിന്നു മാത്രമല്ല ഭരണപക്ഷത്തിലെ ഘടകകക്ഷികളും അതിനൊപ്പംകൂടി. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി കടുത്ത തീരുമാനം എടുത്തു. ഭക്ഷ്യവകുപ്പ് ഗൗരിയമ്മയിൽ നിന്നു മാറ്റി ഇ.കെ. ഇമ്പിച്ചിബാവയ്ക്കു നൽകി. പ്രതിഷേധത്തിന്റെയും സമരങ്ങളുടേയും നാളുകൾക്കിടെ ധനമന്ത്രി പി.കെ. കുഞ്ഞിനെതിരേ കോൺഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചു. സോഷ്യലിസ്റ്റ് പാർട്ടി നേതാവായ കുഞ്ഞിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു. രാജിവച്ചെങ്കിലും ഭരിക്കുന്ന മുന്നണി ഇതോടെ താറുമാറായി. സപ്തകക്ഷികളിൽ പലതും പലകഷണങ്ങളായി പിരിഞ്ഞു.

അടുത്ത ആരോപണം ആരോഗ്യമന്ത്രി ബി. വില്ലിങ്ഡണിന് എതിരേയായിരുന്നു. നിയമസഭാ ചരിത്രത്തിൽ ആദ്യമായി മന്ത്രിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന പ്രമേയം പാസായി. സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടെ മന്ത്രി സഭയിലെ ഘടകകക്ഷികൾ തമ്മിലുണ്ടായിരുന്ന അകൽച്ചയായിരുന്നു അത്തരമൊരു പ്രമേയം പാസാകുന്നതിലേക്കു നയിച്ചത്. ഈ പ്രമേയം അവതരിപ്പിച്ചത് സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ നായരായിരുന്നു. വില്ലിങ്ഡണിനെതിരായ നീക്കത്തെ സി.പി.എം ശക്തിയുക്തം എതിർത്തു. സംസ്ഥാന സെക്രട്ടറിയായിരുന്നു എ.കെ.ഗോപാലൻ നേരിട്ട് ഇടപെട്ടിട്ടിട്ടും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ല.
ഇതിനു സി.പി.എം അതേനാണയത്തിൽ മറുപടികൊടുത്തു. സ്പീക്കർ ഡി. ദാമോദരൻ പോറ്റിക്കെതിരേ അവിശ്വാസപ്രമേയം സഭയിൽ വന്നു. അവതരിപ്പിച്ചതു സി.പി.എം നേതാവ് പി. ഗോവിന്ദപ്പിള്ള. തൊട്ടുപിന്നാലെ കോൺഗ്രസ് ഉണർന്നു. മുഖ്യമന്ത്രി ഇ.എം.എസിനെതിരെ പത്ത് ആരോപണങ്ങൾ സഭയിൽ എഴുതി നൽകി. അവയെല്ലാം അഴിമതി ആരോപണങ്ങളായിരുന്നു. ഇതിന് ഇ.എം.എസ് സഭയിൽ നൽകിയ മറുപടിയാണ് ജനാധിപത്യകേരളത്തിലെ ഏറ്റവും വലിയ തന്ത്രമായി വിലയിരുത്തുന്നത്.

ബി.വില്ലിങ്ഡണിനിതെരായ പ്രമേയം അംഗീകരിക്കുകയാണെന്നും ജുഡീഷ്യൽ അന്വേഷണം നടത്താൻ തയ്യാറാണെന്നുമായിരുന്നു പ്രഖ്യാപനം. ഒപ്പം സി.പി.ഐ മന്ത്രിമാരായ എം.എൻ. ഗോവിന്ദൻ നായർ, ടി.വി തോമസ് എന്നിവർക്കെതിരേയും മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് പാർട്ടി മന്ത്രിയായ പി.ആർ കുറുപ്പിനെതിരേയും അന്വേഷണം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചതോടെ മന്ത്രിമാർ കൂട്ടമായി രാജിവച്ചു. ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻ നായർ, സി.എച്ച് മുഹമ്മദ് കോയ, അവ്ക്കാദർ കുട്ടി നഹ, ടി.കെ. ദിവാകരൻ, പി.ആർ കുറുപ്പ്, ബി. വെല്ലിങ്ഡൺ എന്നിവർ രാജി നൽകി. അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ എ.എൻ മുള്ളയായിരുന്നു അന്വേഷണ കമ്മിഷൻ.
ഇതോടെ അടുത്തഘട്ടം ആരോപണങ്ങൾ സഭയിലൊഴുകി. മത്തായി മാഞ്ഞൂരാൻ, കെ.ആർ. ഗൗരിയമ്മ, ഇമ്പിച്ചിബാവ എന്നിവർക്കെതിരെ ആയിരുന്നു അഴിമതി ആരോപണങ്ങൾ. പ്രമേയം കൊണ്ടുവന്നതു സി.പി.ഐയിലെ ടി.എ മജീദ്. അതും സഭയിൽ പാസായി. അതോടെ മന്ത്രിസഭയും വീണു. 1969 ഓക്ടോബർ 24ന്.

സി അച്യുതമേനോന്റെ ഓർമദിനം

സി അച്യുതമേനോന്റെ ഓർമദിനത്തിലാണ് സിപിഐ മന്ത്രിസഭയിൽ വിയോജിപ്പ് അറിയിച്ചതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ഇ എം എസ് സർക്കാർ വീണ ശേഷം സി.അച്യുതമേനോൻ മുഖ്യമന്ത്രിയായി കോൺഗ്രസ് പിന്തുണയുള്ള മന്ത്രിസഭ അധികാരമേൽക്കുന്നതാണ് 1969ൽ കണ്ടത്. അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചു തുടർന്ന് ഏഴുവർഷം ഭരിക്കാനുള്ള അടിത്തറയും സിപിഐ പണിതെടുത്തു. സാഹചര്യങ്ങൾ ആ വഴിക്കു നീങ്ങും എന്നു പറയാൻ കഴിയില്ലെങ്കിലും ലോകായുക്ത ബില്ലിലെ തർക്കങ്ങൾ പെട്ടെന്നു പരിഹരിക്കാൻ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും കഴിയണം എന്നില്ല. അതിനു കാരണങ്ങൾ ഇവയാണ്.

ഒന്ന്. ലോകായുക്തയ്ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാരം നൽകി നിയമം നിർമിച്ചത് വി എസ് അച്യുതാനന്ദൻ സർക്കാരാണ്. അന്ന്് ഉയർത്താതിരുന്ന പ്രശ്‌നറങ്ങൾ ഇപ്പോൾ എന്താണ് എന്ന് എങ്ങനെ വിശദീകരിക്കും?

രണ്ട്. ലോകായുക്തയെ മറികടക്കാൻ സർക്കാരിന് അധികാരം നൽകുക എന്നാൽ നിയമം തന്നെ ദുർബലമാക്കുക എന്നാണ് അർത്ഥം. സർക്കാരിന് എതിരായ വിധി സർക്കാർ തന്നെ പുനപരിശോധിക്കുക എന്ന വിശ്വാസ്യത ഒട്ടുമില്ലാത്ത നടപടി.

മൂന്ന്. ലോകായുക്തയ്ക്കു മുകളിൽ സമിതി വയ്ക്കുക എന്നാൽ ചെലവ് ഇരട്ടിക്കുക എന്നാണ്. ലോകായുക്തയുടെ വിധി പുനപരിശോധിക്കാൻ കെൽപുള്ള മേൽ സമിതിയെ കണ്ടെത്തുന്നതും എളുപ്പമല്ല. അങ്ങനെ വന്നാൽ വിവാദങ്ങൾ ശക്തമാകും.

നാല്. ലോകായുക്ത വ്യക്തിപരമായി വിരോധം തീർക്കും എന്ന വാദം അംഗീകരിച്ചാൽ ലോകത്തെ ഒരു കോടതിയിലും വിശ്വാസമില്ലാത്ത സ്ഥിതി വരും. നിയമവാഴ്ച തന്നെ ഇല്ലാതാകും.

അഞ്ച്. സർക്കാർ ലോകായുക്തയെ എങ്ങനെ ദുർബലമാക്കിയാലും കോടതികളിൽ നിന്നു തിരിച്ചടിക്കു സാധ്യത. കർണാടകയിലെ അതിശക്തമായിരുന്ന ലോകായുക്ഥയെ ദുർബലമാക്കിയത് സിദ്ദരാമയ്യ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. ആറുവർഷത്തിനു ശേഷം ആ തീരുമാനമാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയതും ലോകായുക്തയുടെ അവകാശങ്ങൾ തിരികെ നൽകിയതും.

ആരോപണങ്ങളുടെ അവസാനം

അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് മുൻസർക്കാരിന് എതിരായ നാല് അന്വേഷണകമ്മിഷൻ റിപ്പോർട്ടുകൾ നിയമസഭയിൽ എത്തി. കെ.ആർ ഗൗരിയമ്മ, ഇ.കെ ഇമ്പിച്ചിബാവ, എൻ.കെ കൃഷ്ണൻ എന്നിവർക്കെതിരായ ആരോപണം അന്വേഷിച്ചത് വേലുപ്പിള്ള കമ്മിഷൻ ആയിരുന്നു. കള്ളുഷാപ്പ് അനുവദിച്ചതിലും കിസ്തിൽ ഇളവുനൽകിയതിലും അഴിമതി, സർക്കാർ ഭൂമി ബന്ധുക്കൾക്കു നൽകി, പഞ്ചസാര കുറച്ച് ഉപയോഗിച്ച ബേക്കറിക്ക് അനുകൂലമായി നടപടി എടുത്ത ഉദ്യോഗസ്ഥർക്കെതിരേ നിലപാട് എടുത്തു, പ്രോസിക്യൂട്ടർ സ്ഥാനങ്ങളിലേക്കു ബന്ധുക്കളേയും ഇഷ്ടക്കാരേയും നിയമിച്ചു തുടങ്ങിയവ ആയിരുന്നു ഗൗരിയമ്മയ്ക്ക്് എതിരായ ആരോപണങ്ങൾ. ഇവയൊന്നും തെളിവില്ലെന്നു കാണിച്ചു കമ്മിഷൻ തള്ളി.
റേഷൻ വ്യാപാരികളെ നിയമിക്കുന്നതിലും ഗതാഗതവകുപ്പിലെ നിയമനങ്ങളിലും ഇ.കെ. ഇമ്പിച്ചിബാവ വഴിവിട്ട് ഇടപെട്ടുവെന്ന നിഗമനത്തിലാണു കമ്മിഷമൻ എത്തിയത്. അതുപോലെ തടിയുടെ പെർമിറ്റ് നൽകുന്ന കാര്യത്തിൽ എം.കെ. കൃഷ്ണൻ ചട്ടങ്ങൾ പാലിച്ചില്ലെന്നും കമ്മിഷൻ വിധിയെഴുതി.

മണ്ണൂത്തി കാർഷികസർവകലാശാലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സി.പി.ഐക്ക് എതിരായ ആരോപണങ്ങൾ കെ.കെ രാമൻകുട്ടി കമ്മിഷൻ ഭാഗികമായി ശരിവച്ചു. ധനമന്ത്രി പി.കെ കുഞ്ഞ് മരുമകൻ മുഹമ്മദിനെ ലോട്ടറീസ് ഡപ്യൂട്ടി ഡയറ്കടറായി നിയമിച്ചതിൽ സ്വജനപക്ഷപാതമുണ്ടെന്നു കമ്മിഷൻ കണ്ടെത്തി. നാലു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും രാഷ്ട്രീയ രംഗത്തു തിരുത്തപ്പെടാതെ തുടരുന്നു ബന്ധുനിയമനങ്ങളുടെ കഥയാണ് ആ കമ്മിഷനുകൾ പുറത്തുകൊണ്ടുവന്നത്. പക്ഷേ, ആ കമ്മിഷൻ റിപ്പോർട്ടുകൾ പിന്നീട് വന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അത്തരം കേസുകൾ ഏറ്റെടുക്കാൻ അന്നത്തെ ഇഡിക്കും വലിയ താൽപര്യങ്ങൾ ഉണ്ടായിരുന്നില്ല.

ലോകായുക്തയിൽ ഇനി എന്ത്?

സിപിഐ ജില്ലാ സമ്മേളനങ്ങളിൽ നേതൃത്വത്തിന് എതിരേ ഉയരുന്ന വിമർശനം തണുപ്പിക്കാനുള്ള നീക്കം മാത്രമാകാം സിപിഐ നടത്തുന്നത്. പക്ഷേ, ലോകായുക്തയിൽ സർക്കാർ വന്നുനിൽക്കുന്നത് ഊരാക്കുടുക്കിലാണ്. വിജ്ഞാപനത്തിൽ ഉള്ളതിന് അപ്പുറം എന്ത് ബില്ലിൽ ചേർത്താലും അതു നിയമപരമായി നിലനിൽക്കില്ല. ലോകായുക്തയിൽ സർക്കാരിന് പുനപരിശോധനാ സാധ്യത നൽകുന്ന ബില്ലിനെ രാഷ്ട്രീയമായി സിപിഐ അംഗീകരിച്ചാൽ അതു പാർട്ടിയുടെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്യും.
കാനത്തിനു കീഴിലെ സിപിഐ സിപിഐഎമ്മിന്റെ ബി ടീം മാത്രമാണെന്നാണ് കുറേക്കാലമായുള്ള വിമർശനം. പാർട്ടി എന്ന നിലയിലുള്ള അസ്തിത്വം തന്നെയാണ് ഇവിടെ സംശയത്തിലാകുന്നത്. സിപിഎം പറയുന്നതെല്ലാം അംഗീകരിക്കാൻ ആണെങ്കിൽ രണ്ടും ഒരു പാർട്ടിയായാൽ പോരേ? ലോകായുക്തയിൽ ഇനി സിപിഐക്കു മുന്നിലുള്ള ഏക മാർഗം നിയമസഭയിൽ ഭേദഗതി കൊണ്ടുവരിക എന്നതാണ്. ഗവർണറുടെ പ്രമേയത്തിൽ ഉൾപ്പെടെ ഭരണപക്ഷത്തുനിന്നും ഭേദഗതികൾ അവതരിപ്പിച്ച ചരിത്രവുമുണ്ട്.

പക്ഷേ, ഏതു ഭേദഗതി വഴി ആണെങ്കിലും ലോകായുക്തയ്ക്കു മേൽ മറ്റൊരു സമിതിയെ കൊണ്ടുവന്നാൽ നിയമപരമായും പ്രായോഗികമായും നിലനിൽക്കില്ല. സർക്കാരിന് പുനപരിശോധനാ അധികാരം നൽകിയാൽ പിന്നെ ഇടതു രാഷ്ട്രീയത്തിന്റെ ധാർമികത എവിടെ എന്ന ചോദ്യവും ഉയരും. ഒന്നുകിൽ സിപിഐഎമ്മിന് കീഴടങ്ങി മിണ്ടാതിരിക്കുക; അല്ലെങ്കിൽ മുന്നണി വിടുന്നതിനെക്കുറിച്ചു വരെ ആലോചിക്കുക. ഇതു രണ്ടുമല്ലാതെ മറ്റൊരു സാധ്യതയും തൽക്കാലം സിപിഐക്കു മുന്നിൽ ഇല്ല.

Story Highlights: lokayukta cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here