ആശുപത്രിയിലേക്ക് വഴിയില്ല, മഹാരാഷ്ട്രയിൽ അമ്മയുടെ കൺമുന്നിൽ നവജാത ശിശുക്കൾ മരിച്ചു

മാസം തികയാതെ പ്രസവിച്ച കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ അമ്മയുടെ കൺമുന്നിൽ നവജാത ഇരട്ടക്കുട്ടികൾ മരിച്ചു. അമിതമായി രക്തം വാർന്ന സ്ത്രീയെ ഏകദേശം 3 കിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ഹൃദയഭേദകമായ സംഭവം.
പാൽഘർ ജില്ലയിലെ മൊഖദ തഹ്‌സിലിലെ താമസക്കാരിയായ വന്ദന ബുധർ, ഏഴാംമാസം തന്റെ വീട്ടിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. മാസം തികയാതെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് അടിയന്തിര ചികിത്സ ആവശ്യമായിരുന്നു. ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനാൽ രണ്ട് കുട്ടികളും അമ്മയുടെ കൺമുന്നിൽ മരിച്ചു. പിന്നാലെ കനത്ത രക്തസ്രാവം മൂലം സ്ത്രീയുടെ നില വഷളായി.
ആശുപത്രിയിലേക്ക് വഴിയോ വാഹനമോ ഇല്ലാത്തതിനാൽ കുടുംബാംഗങ്ങൾ കയറും ബെഡ്ഷീറ്റും തടിയും ഉപയോഗിച്ച് താൽക്കാലിക സ്‌ട്രെച്ചർ തയ്യാറാക്കി യുവതിയെ 3 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. ഇതിൻ്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. നവജാതശിശുക്കളെ നഷ്ടപ്പെട്ട അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി അവർ അപകടകരമായ ചരിവുകൾ നടന്നിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.
അമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ ഇല്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും അയച്ച കത്തിൽ ബിജെപി ചൂണ്ടിക്കാട്ടി. സംഭവം ദൗർഭാഗ്യകരമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെയുംപ്രതികരിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ പാവപ്പെട്ടവർ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നത് ദുഃഖകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
Story Highlights: No Road To Hospital Newborn Twins Die In Front Of Mother In Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here