സിവിക് ചന്ദ്രൻ ജാമ്യവിധിയിലെ കോടതി പരാമർശം സുപ്രിംകോടതി നിർദേശത്തിന് വിരുദ്ധം; അഭിഭാഷകയുടെ കുറിപ്പ്

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നു. കോടതി പരാമർശം സുപ്രിംകോടതി നിർദേശത്തിന് വിരുദ്ധമാണെന്ന് അഭിഭാഷക സന്ധ്യാ ജനാർദനൻ പിള്ള ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ( sandhya janardanan pillai against civic chandran )
‘വാർപ്പ് മാതൃകാ സങ്കൽപങ്ങളെ (ജൻഡർ stereotyping)അടിസ്ഥാനപ്പെടുത്തിയും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന മിഥ്യാ ധരണകൾ ഊട്ടി ഉറപ്പിക്കുന്ന തരത്തിലും കീഴ്‌കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന അപർണ ഭട് v. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലെ സുപ്രിംകോടതിയുടെ 2021-ലെ കർക്കശമായ നിർദേശത്തെ മറികടന്നുകൊണ്ടാണ് ഇത്തരം പിന്തിരിപ്പൻ ഉത്തരവ് കീഴ്‌കോടതിയിൽ നിന്നും ഉണ്ടായത്’- സന്ധ്യ ജനാർദനൻ പറഞ്ഞു.
പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിൽ പറയുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ജാമ്യാപേക്ഷയോടൊപ്പം പരാതിക്കാരിയുടെ ചിത്രങ്ങളും സിവിക് ചന്ദ്രൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
”ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതൻ സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ല.”- വിധിന്യായത്തിൽ കോടതി പറയുന്നു.
74കാരനായ, ശാരീരികമായി ദുർബലനായ പരാതിക്കാരൻ പരാതിക്കാരിയെ നിർബന്ധപൂർവം മടിയിൽ കിടത്തി ലൈംഗികാതിക്രമം നടത്തിയെന്നത് അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു.
2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് സിവിക്കിനെതിരായ രണ്ടാമത്തെ കേസ്. യുവകവയിത്രിയുടെ പരാതിയിലായിരുന്നു ആദ്യകേസ്. 2021ഏപ്രിലിൽ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയിൽ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. രണ്ടുകേസുകളും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും സിവിക്കിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
Story Highlights: sandhya janardanan pillai against civic chandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here