Advertisement

ഇക്കൊല്ലം ഇതുവരെ മരിച്ചത് പത്ത് കുട്ടികൾ; അട്ടപ്പാടി ഇന്നും അടിസ്ഥാന സൗകര്യമില്ലാതെ വീർപ്പുമുട്ടുന്നു

August 19, 2022
1 minute Read

സർക്കാർ അട്ടപ്പാടിക്ക് വേണ്ടി പ്രഖ്യാപിച്ച പാക്കേജുകൾ നിരവധിയാണ്. എന്നാൽ 192 ഊരുകളിലായി 32,956 ആദിവാസികൾ അധിവസിക്കുന്ന അട്ടപ്പാടിയുടെ ഇന്നത്തെ അവസ്ഥയെന്താണ്?. അട്ടപ്പാടിയെന്ന പേരിനടിയിൽ ശിശുമരണത്തിന്റെ തലക്കെട്ട് ചേർത്തുവച്ച ഒരു നാടിന് പറയാനുള്ളത് അകംപൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങളാണ്.

പാലക്കാട് ജില്ലയിൽ സൈലന്റ് വാലിയോട് ചേർന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്.പൂത്തൂർ,ഷോളയൂർ,അഗളി പഞ്ചായത്തുകളിലായി മൂന്ന് വിഭാഗം ആദിവാസികൾ. ഇരുളർ സമുദായത്തിൽ 26,908 പേർ . മുഡുഗരുടെ എണ്ണം 3497. കുറുമ്പർ സമുദായക്കാരാകട്ടെ 2551 പേരും. ഇത്രയും പേർക്ക് സർക്കാർ ചെലവഴിക്കുന്നത് കോടികളെന്ന് അവകാശവാദം. കണക്കിനപ്പുറം കോടികൾ കൊണ്ട് ആർക്കാണ് പ്രയോജനം ? അട്ടപ്പാടിയിലെ ആദിവാസി ജനതക്കല്ലെന്ന് വ്യക്തം.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അമ്മയ്ക്കും കുഞ്ഞിനും പരിചരണം ഉറപ്പുവരുത്തുന്നതിനും പോഷക ആഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ളതാണ് ജനനി ജന്മരക്ഷ പദ്ധതി. മൂന്നാം മാസം മുതൽ കുഞ്ഞിന് ഒരു വയസാകുന്നതുവരെ പ്രതിമാസം 2000 രൂപ നൽകും. 50 ലക്ഷം ചെലവിട്ടെന്ന് രേഖ. കടലാസിലെ ഈ കണക്കിനേക്കാൾ ഭീതിതമാണ് വസ്തുത. ഇക്കൊല്ലം ഇതുവരെ 2 ഗർഭസ്ഥശിശുക്കളടക്കം 10 കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചു, . ഭ്രൂണാവസ്ഥയിൽ ഇല്ലാതായത് 36 കുഞ്ഞുങ്ങൾ. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ 100 കിടക്കകളെന്ന് സർക്കാർ പറയുമ്പോഴും അവിടെയുള്ളത് 54 കിടക്കകളും പരിമിതമായ സൗകര്യങ്ങളും മാത്രം. ആറ് ആംബുലൻസുകളിൽ മൂന്നെണ്ണമേ ഉപയോഗിക്കാനാകൂ.

Read Also: അട്ടപ്പാടിയിൽ യാത്രാ ക്ലേശം രൂക്ഷം; അവശ്യ സാധനങ്ങൾക്കായി സാഹസിക യാത്ര

ലൈഫ് മിഷൻ പദ്ധതിയിൽ 2884 പേർക്ക് ധനസഹായം നൽകിയെന്ന കണക്കും കടലാസിലുണ്ട്. പക്ഷേ, പൂർത്തിയാകാത്ത വീടുകളാണ് ആദിവാസികൾക്ക് ചൂണ്ടിക്കാട്ടാനുളളത്. പരമ്പരാഗത കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുന്നതിന് മില്ലറ്റ് ഗ്രാമം, നമുത് വെള്ളമേയും പദ്ധതികളുണ്ട്. 34 ഊരുകളിൽ മുക്കാൽ കോടിയോളം ചെലവിട്ടെന്ന് കണക്കുമുണ്ട്, പക്ഷേ കാര്യത്തിലില്ല. ഇന്നും യാത്രാസൗകര്യമില്ലാത്ത ഊരുകളും നിരവധി. വനത്തിലൂടെ 12 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് വേണം ഗലസി എന്ന ഊരിലെത്താൻ. വൈദ്യുതിയില്ലാത്ത ആറ് ഊരുകളിൽ ഇനിയെന്ന് വെട്ടമെത്തുമെന്നും പിടിയില്ല. അവഗണനയുടെ പേരിൽ അറിയപ്പെടാനാണോ ഇനിയും അട്ടപ്പാടിയുടെ വിധി.

Story Highlights: Failures in development programming in Attappadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top