‘ഉടൻ തിരികെവരുമെന്ന് കരുതുന്നു’; എഐഎഫ്എഫിന്റെ ഫിഫ വിലക്കിൽ പ്രതികരിച്ച് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയതിൽ പ്രതികരിച്ച് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ. വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ തിരികെവന്ന് നമ്മളെ ആനന്ദിപ്പിക്കുമെന്ന് കരുതുന്നു. സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിമിഷങ്ങൾ പങ്കുവെക്കുന്നു എന്നും പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. (pakistan football aiff fifa)
എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡൻ്റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രിം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതാണ് എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം.
Read Also: ഫിഫ വിലക്ക്; ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ പര്യടനം റദ്ദാക്കി
2008ലാണ് പ്രഫുൽ പട്ടേൽ എഐഎഫ്എഫ് തലപ്പത്ത് എത്തുന്നത്. 2020 ഡിസംബറിൽ കാലാവധി കഴിഞ്ഞെങ്കിലും പ്രഫുൽ പട്ടേൽ തെരഞ്ഞെടുപ്പ് നടത്താതെ തലവനായി തുടരുകയായിരുന്നു. ദേശീയ കായിക ചട്ട പ്രകാരം 12 വർഷമാണ് പരമാവധി കാലാവധി. എന്നിട്ടും സ്ഥാനത്ത് തുടർന്നതിനെതിരെ ഡൽഹി ഫുട്ബോൾ ക്ലബ് അപ്പീൽ നൽകി. തുടർന്നാണ് സുപ്രിം കോടതി ഇടപെട്ടത്.
മുൻ സുപ്രിംകോടതി ജഡ്ജി അനിൽ ആർ ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്‌വൈ ഖുറേഷി, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവരാണ് സുപ്രിം കോടതി നിയമിച്ച സമിതിയിലെ അംഗങ്ങൾ.
ഫിഫയുടെ സസ്പെൻഷൻ പിൻവലിക്കാൻ ശ്രമിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രിം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. അതേസമയം, സസ്പെൻഷൻ പിൻവലിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
Story Highlights: pakistan football federation aiff fifa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here