‘ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടം, കുട്ടികളുടെ ശ്രദ്ധ പാളും’; ജെൻഡർ ന്യൂട്രൽ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ്

ജെൻഡർ ന്യൂട്രൽ എന്ന പേരിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറയുന്നു. (pma salam gender neutral)
ഇന്നലെ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലെ തീരുമാനങ്ങളാണ് പിഎംഎ സലാം വിശദീകരിച്ചത്. ലിബറലിസത്തിൻ്റെ നിഗൂഢമായ ദുരുദ്ദേശ്യമാണ് നിർദ്ദേശത്തിനു പിന്നിൽ. ഇത് എല്ലാ മതവിശ്വാസികളുടെയും പ്രശ്നമാണ്. മതവിശ്വാസങ്ങളിൽ കാലാനുസൃത മാറ്റം എന്നൊന്നില്ല. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. പുരുഷ വസ്ത്രം സ്ത്രീയിൽ അടിച്ചേല്പിക്കുന്നതിനു പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്മാർക്ക് സ്ത്രീകളെ ബഹുമാനിച്ചുകൂടേ? എന്നും പിഎംഎ സലാം ചോദിച്ചു. എന്നാൽ, എംഎകെ മുനീർ ഇന്നലെ നടത്തിയ പ്രതികരണങ്ങളിൽ വിശദീകരണം നൽകാൻ പിഎംഎ സലാം തയ്യാറായില്ല.
ജെൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞത്. കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ട്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയിൽ എന്തിനാണ് കേസ് എടുക്കുന്നത്. ആൺകുട്ടികൾ മുതിർന്ന പുരുഷന്മാരുമായി ബന്ധപ്പെട്ടാൽ കേസ് എടുക്കുന്നത് എന്തിനാണെന്നും എംകെ മുനീർ ചോദിച്ചു. ഇതിനെതിരെ പ്രതികരിച്ചത് കൊണ്ട് തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. കെഎടിഎഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുനീർ.
എന്നാൽ, ഒരിടത്തും ജൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്‌കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും. സർക്കാരിന് പ്രത്യേക നിർബന്ധം ഇല്ല. നിലപാട് സർക്കാർ വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
ഒരു നിലയിലും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യത യൂണിഫോം വേണമെങ്കിൽ പിടിഎയും സ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനവും കൂടിയാലോചിച്ച് ആ തീരുമാനം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ വകുപ്പ് അത് പരിശോധിച്ച ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും വി.ശിവൻ കുട്ടി പറഞ്ഞു.
Story Highlights: pma salam gender neutral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here