Advertisement

ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയാണ് ആരിഫ് മുദമ്മദ് ഖാൻ; അഭിനന്ദനവുമായി കെ. സുധാകരൻ

August 21, 2022
Google News 3 minutes Read
K Sudhakaran in support of Governor Arif Mohammad Khan

സര്‍വകലാശാല ബന്ധുനിയമന വിവാദത്തിൽ ഗവര്‍ണ്ണറുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ സിപിഐഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണ്ണറുടെ നടപടിയെ അനുകൂലിച്ചാണ് കെ. സുധാകരന്‍ രം​ഗത്തെത്തിയത്. ഈ നടപടിയിലൂടെ ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കുകയാണ് ആരിഫ് മുദമ്മദ് ഖാൻ. ( K Sudhakaran in support of Governor Arif Mohammad Khan )

സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണ്ണര്‍ ഒറ്റക്കാവില്ല. എല്ലാ പിന്തുണയും കേരളീയ സമൂഹം അദ്ദേഹത്തിന് നൽകുന്നുണ്ട്. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവര്‍ണ്ണറെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫ് ഭരണത്തിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറുവര്‍ഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവര്‍ണ്ണര്‍ തയ്യാറാകണം. കണ്ണൂര്‍, കേരള, കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളില്‍ ഇക്കാലയളവില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് അര്‍ഹതയും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് സിപിഐഎമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്.

Read Also: ‘നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റര്‍ നരേന്ദ്ര മോദി’; കേന്ദ്രസര്‍ക്കാരിനെതിരെ കെ.സുധാകരന്‍

സിപിഐഎം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങള്‍ക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നു.സിപിഎം നടത്തുന്ന വഴിവിട്ട നിയമനങ്ങള്‍ക്ക് കുടപിടിക്കുന്ന വിസിമാരെ എല്ലാ ഭരണസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനഃനിമയനം വരെ നല്‍കി. കണ്ണൂര്‍ വിസിയുടെ പുനഃനിയമനത്തില്‍ ഗവര്‍ണ്ണറെ പോലും ചോദ്യം ചെയ്താണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. അധ്യാപക നിയമനത്തിലെ സംവരണം വരെ വിസിമാരെ ഉപയോഗിച്ച് അട്ടിമറിച്ചു.

സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണ്ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത് തന്നെ അധികാരത്തിന്റെ തണലില്‍ സിപിഎം നടത്തിയ ബന്ധുനിയമനങ്ങള്‍ അസാധുവാകാതിരിക്കാനാണ്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം ഇനിയും വര്‍ധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

വൈസ് ചാന്‍സിലറെ ഇറക്കി ഗവര്‍ണ്ണറിനെതിരെ നിഴല്‍ യുദ്ധം നടത്തുന്നതും സര്‍ക്കാരാണ്. ഇത്രയും നാള്‍ചെയ്ത അഴിമതിയും ക്രമക്കേടും പിടിക്കപ്പെടുമോയെന്ന ഭയം കൊണ്ടാണ് ഗവര്‍ണ്ണര്‍ക്കെതിരെ ശക്തമായ ആക്രമണം സിപിഐഎം നേതാക്കള്‍ നടത്തുന്നത്. കണ്ണൂര്‍ വിസിക്കും, കേരള കലാമണ്ഡലം വിസിക്കും ഗവര്‍ണ്ണര്‍ക്കെതിരെ നിയമനടപടിയെ കുറിച്ച് ആലോചിക്കാന്‍ പോലും ധൈര്യം നല്‍കിയത് പിന്നില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പിന്‍ബലമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്‍മ സിപിഐഎം തകര്‍ത്ത് ഈജിയന്‍ തൊഴുത്താക്കി മാറ്റി. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണ്ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Story Highlights: K Sudhakaran in support of Governor Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here