റഷ്യയിൽ വൻ വാഹനാപകടം; ട്രക്കും മിനി-ബസും കൂട്ടിയിടിച്ച് 16 മരണം

റഷ്യയിൽ ട്രക്കും മിനി-ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ കൊല്ലപ്പെട്ടു. റഷ്യൻ പ്രദേശമായ ഉലിയാനോവ്സ്കിയിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉലിയാനോവ്സ്ക് മേഖലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന മിനി ബസിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറുകയായിരുന്നു. റോഡുപണി നടക്കുന്നതിനാൽ അപകടസ്ഥലത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നതായും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
രണ്ട് ട്രക്കുകൾക്കിടയിൽപ്പെട്ട് പൂർണമായി തകർന്ന മിനി ബസിൻ്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കൊല്ലപ്പെട്ടവരിൽ ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നുവെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ റഷ്യൻ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. റഷ്യയിൽ റോഡ് സുരക്ഷാ ചട്ടങ്ങളുടെ ലംഘനം സാധാരണമാണ്.
ജനുവരിയിൽ മോസ്കോയിൽ നിന്ന് 270 കിലോമീറ്റർ തെക്ക് റിയാസാൻ മേഖലയിൽ ബസ് അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2019 ഡിസംബറിൽ സൈബീരിയയിലെ സബൈകാൽസ്ക് മേഖലയിൽ 40 യാത്രക്കാരുമായി ഒരു ബസ് നദിയിലേക്ക് മറിഞ്ഞ് 19 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Story Highlights: At least 16 dead after truck collision in Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here