കന്നിസെഞ്ചുറിയിൽ തിളങ്ങി ഗിൽ; ഫിഫ്റ്റിയടിച്ച് കിഷൻ; ഇന്ത്യക്ക് മികച്ച സ്കോർ

സിംബാബ്‌വെയ്ക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. പരമ്പരയിൽ ആദ്യമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. കന്നി ഏകദിന സെഞ്ചുറി നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 97 പന്തുകൾ നേരിട്ട് 130 റൺസെടുത്ത ഗില്ലിനൊപ്പം ഫിഫ്റ്റിയടിച്ച ഇഷാൻ കിഷനും (50) തിളങ്ങി. സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ് 5 വിക്കറ്റ് നേടി. (india odi score zimbabwe)
ഓപ്പണർമാർ 63 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും ഇരുവരുടെയും മെല്ലെപ്പോക്ക് ഇന്ത്യൻ സ്കോറിംഗിനെ ബാധിച്ചു. പവർ പ്ലേയിൽ വെറും 41 റൺസാണ് ഇന്ത്യ നേടിയത്. 15ആം ഓവറിൽ രാഹുൽ (30) മടങ്ങി. ബ്രാഡ് ഇവാൻസിനായിരുന്നു വിക്കറ്റ്. ഏറെ വൈകാതെ ശിഖർ ധവാനും (40) മടങ്ങി. മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ശുഭ്മൻ ഗില്ലും ഒത്തുചേർന്നതോടെ ഇന്ത്യ കുതിച്ചു. ടി-20 ശൈലിയിൽ ബാറ്റ് വീശിയ ഗിൽ സിംബാബ്‌വെ ബൗളർമാരെ അനായാസം നേരിട്ടപ്പോൾ കിഷൻ സെക്കൻഡ് ഫിഡിൽ റോളാണ് കളിച്ചത്. ഇരുവരും ചേർന്ന് 140 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായി. ഫിഫ്റ്റിക്ക് പിന്നാലെ 43ആം ഓവറിൽ കിഷൻ ദൗർഭാഗ്യകരമായി റണ്ണൗട്ടായി. ദീപക് ഹൂഡ (1) വേഗം മടങ്ങി. ഇതിനിടെ വെറും 82 പന്തുകളിൽ നിന്ന് ഗിൽ ഫിഫ്റ്റി തികച്ചു.
Read Also: ഇനിയും സഞ്ജു സാംസണെ ഒഴിവാക്കാനാകുമോ? ചോദ്യവുമായി ആരാധകർ
സ്ലോഗ് ഓവറുകളിൽ ക്രീസിലെത്തിയ സഞ്ജു ലൂക് യോങ്‌വെയെ തുടരെ രണ്ട് സിക്സറുകളടിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും തുടർച്ചയായ മൂന്നാം സിക്സറിനു ശ്രമിച്ച് പുറത്തായി. അവസാന ഓവറുകളിൽ ഇന്ത്യക്ക് വേഗം വിക്കറ്റുകൾ നഷ്ടമായി. അക്സർ പട്ടേൽ (1), ശാർദ്ദുൽ താക്കൂർ (9) എന്നിവരൊക്കെ വേഗം പുറത്തായി. അവസാന ഓവറിൽ ഗില്ലും മടങ്ങി. ദീപക് ചഹാർ (1), കുൽദീപ് യാദവ് (2) എന്നിവർ പുറത്താവാതെ നിന്നു.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു.
Story Highlights: india odi score zimbabwe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here