സർവകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കി മാറ്റിയിരിക്കുകയാണ്: കുമ്മനം രാജശേഖരൻ
സർവകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. യോഗ്യതയില്ലാത്തവരെ പ്രൊഫസർമാരും വൈസ് ചാൻസലർമാരുമൊക്കെ ആക്കാൻ ഒരു മടിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയ വർഗ്ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ കുമ്മനത്തിന്റെ പ്രതികരണം.(kummanam against pinarayi vijayan)
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല എത്ര മാത്രം അധ:പ്പതിച്ചുവെന്നറിയാൻ ഇവിടെ നിന്ന് ഉന്നത വിദ്യാഭ്യാസം തേടി പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ കണക്കെടുത്താൽ മാത്രം മതി. സർവ്വകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കി മാറ്റിയിരിക്കുകയാണ്.
യോഗ്യതയില്ലാത്തവരെ പ്രൊഫസർമാരും വൈസ് ചാൻസലർമാരുമൊക്കെ ആക്കാൻ ഒരു മടിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ ചൻസലർ കൂടിയായ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൈക്കൊണ്ട നിലപാട് ശ്ലാഘനീയമാണെന്ന് മാത്രമല്ല, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതുമാണ്.
തെറ്റില്ലാത്ത ഇംഗ്ലീഷിൽ ചാൻസലർക്ക് കത്തെഴുതാൻ പോലും അറിവില്ലാത്ത വൈസ് ചാൻസലർ ഉള്ള ഈ സംസ്ഥാനത്ത് , അയോഗ്യരായവരുടെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ നിലപാട് എടുത്ത ഗവർണ്ണറെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുവാനുള്ള ശ്രമമാണ് സി.പി.എം . നടത്തുന്നത്. നേരത്തെ കണ്ണൂരിൽ നടന്ന സർവ്വകലാശാലാ ചടങ്ങിൽ തന്റെ നേർക്ക് ഉണ്ടായ അക്രമ സംഭവത്തെപ്പറ്റി , ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാൻ കൂട്ടാക്കാഞ്ഞ വി.സി.യെ ഗവർണ്ണർ വിമർശിച്ചപ്പോൾ വി.സി.ക്ക് പിന്തുണ നൽകുന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചയാൾക്കെതിരെ കാപ്പ ചുമത്താൻ മടിക്കാത്ത സർക്കാരാണ്, സംസ്ഥാന സർക്കാർ തലവനെതിരെ കായിക അതിക്രമത്തിന് ഒരുമ്പെട്ടവർക്ക് സംരക്ഷണം ഒരുക്കുന്നത് ! അന്ന് ഗവർണ്ണറുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു കൊണ്ട് മാത്രമാണ് ശാരീരികാക്രമണത്തിൽ നിന്ന് ഗവർണ്ണർ രക്ഷപ്പെട്ടതെന്ന യാഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോൾ , ഇത്രയും ഗൗരവമുള്ള വിഷയത്തിൽ പോലും നാലാം കിട രാഷ്ട്രീയത്തിലൂടെ അണികളുടെ കൈയടിക്കു ശ്രമിക്കുകയാണ് ഇ.പി.ജയരാജനും കൂട്ടരും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ശുദ്ധീകരിക്കാൻ ഗവർണ്ണർ നടത്തുന്ന ശ്രമങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ അന്തസ് ഉയർത്താനുള്ളതാണെന്ന് തിരിച്ചറിയണം. സർവ്വകലാശാലയിൽ രാഷ്ട്രീയക്കാരെ മാത്രം കുത്തി നിറയ്ക്കുന്നവരെ തിരിച്ചറിഞ്ഞു പ്രതികരിച്ചില്ലെങ്കിൽ നഷ്ടം നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കാണ്.
Story Highlights: kummanam against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here