Advertisement

കത്തിയെരിഞ്ഞത് പുടിന്റെ അടുത്ത അനുയായിയുടെ മകൾ; കടുക്കുമോ റഷ്യ-യുക്രൈൻ യുദ്ധം ?

August 23, 2022
3 minutes Read
daria dugina russia ukraine

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ അടുത്ത അനുയായിയുടെ മകൾ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇപ്പോൾ റഷ്യ – യുക്രൈൻ യുദ്ധത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. റഷ്യൻ ഫിലോസഫർ അലക്സാണ്ടർ ദുഗിന്റെ മകൾ മുപ്പതുകാരിയായ ഡാരിയ ദുഗിനയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മകൾ കത്തിയെരിയുന്നത് കണ്ട് തലയ്ക്കു കൈവച്ചു നിൽക്കുന്ന പുട്ടിന്റെ അനുയായി അലക്സാണ്ടർ ഡുന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അലക്സാണ്ടറിനെ ലക്ഷ്യംവച്ചു നടത്തിയ ആക്രമണമാണ് ഡാരിയയുടെ ജീവനെടുത്തതെന്ന് പുടിൻ അനുകൂലികൾ പറയുന്നു. പുടിന്റെ അടുത്ത അനുയായിയെ ലക്ഷ്യംവച്ചത് യുക്രൈൻ ആണെന്നും, ഇനി പുടിൻ ആണ് അവരുടെ ലക്ഷ്യമെന്നുമാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ. (daria dugina russia ukraine)

മോസ്കോയ്ക്കു സമീപം നടന്ന ചടങ്ങിൽ അതിഥികളായി അലക്സാണ്ടർ ഡുഗിനെയും ഡാരിയ ദുഗിനയെയും ക്ഷണിച്ചിരുന്നു. പങ്കെടുത്ത ശേഷം ഇരുവരും ഒരുമിച്ച് മടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അവസാന നിമിഷം അലക്സാണ്ടർ യാത്ര മാറ്റുകയായിരുന്നു. പിന്നീട് രണ്ടുപേരും രണ്ടു വാഹനങ്ങളിൽ യാത്ര ചെയ്തു. മോസ്കോയ്ക്കുസമീപം ഹൈവേയിൽവച്ച് ഡാരിയ സഞ്ചരിച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. കുറച്ചു മിനിറ്റുകൾക്കു ശേഷമാണ് അലക്സാണ്ടറുടെ വാഹനം അവിടേക്ക് എത്തിയത്. മകൾ മരിച്ച ഒരു പിതാവിന്റെ വേദനയുടെ ചിത്രം എന്ന നിലയിലാണ് റഷ്യയിലെ പ്രാദേശിക മാധ്യമങ്ങൾ തലയ്ക്കു കൈവച്ചു നിൽക്കുന്ന അലക്സാണ്ടറുടെ ചിത്രം പുറത്തുവിട്ടത്. ‘ഒന്നുകിൽ അലക്സാണ്ടറിനെ മാത്രം, അല്ലെങ്കിൽ ഇരുവരെയും ലക്ഷ്യംവച്ചുള്ള ആക്രമണത്തിലാണ് ഡാരിയ കൊല്ലപ്പെട്ടത്.’- ഡാരിയയുടെ അടുത്ത സുഹൃത് ആൻഡ്രേ ക്രാസ്നോവ് പറഞ്ഞത് ഇങ്ങനെയാണ്.

വ്ലാദിമിർ പുടിന്റെ ബുദ്ധികേന്ദ്രം എന്നാണ് കടുത്ത ദേശീയവാദിയായ അലക്സാണ്ടർ ദുഗിന അറിയപ്പെടുന്നത്. പുടിന്റെ ബുദ്ധിപൂർവമായ ഓരോ നീക്കവും ഈ എഴുത്തുകാരനും രാഷ്ട്രീയ തത്ത്വചിന്തകനും വിശകലന വിദഗ്ദ്ധനുമായ അറുപതുകാരനിൽ നിന്നാണ് വരുന്നതെന്നാണ് റഷ്യൻ മാധ്യമങ്ങൾ പറയുന്നത്. 30 ലധികം പുസ്തകങ്ങൾ ഇയാൾ എഴുതിയിട്ടുണ്ട്. മോസ്കോയിൽ ജനിച്ച ഇദ്ദേഹത്തെ ചിലപ്പോൾ ‘പുടിന്റെ തലച്ചോറ്’ അല്ലെങ്കിൽ പുടിന്റെ റാസ്പുട്ടിൻ എന്നും വിളിക്കാറുണ്ട്. ചില റഷ്യൻ നിരീക്ഷകർ അദ്ദേഹത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ആശയത്തെ പിന്തുണയ്‌ക്കുമ്പോൾ, മറ്റുള്ളവർ അതിനെ വിമർശിക്കാറുമുണ്ട്. 2014 മുതൽ യുക്രൈൻ അധിനിവേശത്തിൽ റഷ്യയുടെ കൂടെ ആശയങ്ങൾ പങ്കുവെച്ച് നിൽക്കുന്ന ആളാണ് ദുഗിൻ. റഷ്യ – യുക്രൈൻ യുദ്ധത്തിന് വർഷങ്ങൾക്ക് മുമ്പ്, 2015 ൽ, യുഎസ് അലക്സാണ്ടർ ഡുഗിനെതിരെ ഉപരോധം ഏർപ്പെടുത്തുകയും ബിസിനസ്സ് ബന്ധം വിച്ഛേദിക്കുകയും അദ്ദേഹത്തിന്റെ ആസ്തികൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ചില യൂറോപ്യൻ യൂണിയൻ നേതാക്കളും റഷ്യ ക്രിമിയ പിടിച്ചടക്കിയതിനുള്ള പ്രതികാരമെന്ന നിലയിൽ ‘അൾട്രാ-നാഷണലിസ്റ്റിന്’ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതെല്ലാം ദുഗിന് വെറുമൊരു കേസ് മാത്രമായിരുന്നു.

രാഷ്ട്രീയ വിശകലന വിദഗ്ധയും പുട്ടിൻ അനുകൂല ജേണലായ യുണൈറ്റഡ് വേൾഡ് ഇന്റർനാഷനലിന്റെ എഡിറ്ററുമാണ് കൊല്ലപ്പെട്ട ഡാരിയ ദുഗിന. പുടിന്റെ യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ സഹ രചയിതാവുകൂടിയായിരുന്നു ഡാരിയ. ഈ വർഷം ജൂലൈയിൽ യുകെ ഉപരോധ പട്ടികയിൽ ഡാരിയ ദുഗിനയും ഉൾപ്പെട്ടിരുന്നു.

ഡാരിയയുടെ കൊലപാതകത്തിന് പിന്നിൽ യുക്രൈൻ ആണ് എന്ന് റഷ്യയിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും യുക്രൈനോ അവരുടെ ഏജന്റുമാരോ ആണ് ഈ സ്ഫോടനത്തിനു പിന്നിലെന്നതിന് പ്രത്യക്ഷ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും ഡാരിയയുടെ മരണത്തിൽ കോപാകുലരായ പുടിൻ അനുകൂലികൾ എത്രയും പെട്ടെന്ന് യുക്രൈനെ ആക്രമിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ സൈനിക ആക്രമണം നടത്തിയത്. ഓഗസ്റ്റ് 24ന് സ്വാന്തത്രദിനം ആഘോഷിക്കാൻ പോകുന്ന യുക്രൈനിൽ ഈ ഒരു സംഭവത്തോട് കൂടി മറ്റൊരു ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Story Highlights: daria dugina murder russia ukraine war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top