Advertisement

മഗ്വയറും ക്രിസ്റ്റ്യാനോയും ബെഞ്ചിൽ; ലിവർപൂളിനെ വീഴ്ത്തി യുണൈറ്റഡിന് ആദ്യ ജയം

August 23, 2022
1 minute Read

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ജയം. കരുത്തരായ ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മലർത്തിയടിച്ചാണ് യുണൈറ്റഡ് ആദ്യ ജയം സ്വന്തമാക്കിയത്. ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ് എന്നിവരാണ് യുണൈറ്റഡിൻ്റെ ഗോൾ സ്കോറർമാർ. ലിവർപൂളിനായി മുഹമ്മദ് സല ആശ്വാസഗോൾ നേടി.

പ്രതിരോധ താരം ഹാരി മഗ്വയറിനെയും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ബെഞ്ചിലിരുത്തിയാണ് എറിക് ടെൻ ഹാഗ് യുണൈറ്റഡിനെ അണിനിരത്തിയത്. ഏറെക്കാലത്തിനു ശേഷം ആദ്യ മിനിട്ട് മുതൽ ആത്മാർത്ഥതയോടെ ആക്രമിച്ചുകളിച്ച യുണൈറ്റഡ് തരം കിട്ടുമ്പോഴൊക്കെ ലിവർപൂൾ ഗോൾ മുഖം വിറപ്പിച്ചു. ഹൈ പ്രെസിംഗിന് 16ആം മിനിട്ടിൽ ഫലം കണ്ടു. എലാംഗയിൽ നിന്ന് പന്ത് സ്വീകരിച്ച സാഞ്ചോ ബോക്സിനുള്ളിലെ ചടുലനീക്കങ്ങൾക്കൊടുവിൽ വലകുലുക്കി. ചില കൊടുക്കൽ വാങ്ങലുകൾ തുടർന്നും ഉണ്ടായെങ്കിലും ആദ്യ പകുതിയിൽ പിന്നീട് ഗോൾ പിറന്നില്ല. എന്നാൽ, രണ്ടാം പകുതിയിൽ വീണ്ടും വലകുലുങ്ങി. 53ആം മിനിട്ടിൽ റാഷ്ഫോർഡിലൂടെ രണ്ടാം ഗോൾ നേടിയ യുണൈറ്റഡ് തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. തിരിച്ചടിക്കാനുള്ള ലിവർപൂളിൻ്റെ ശ്രമങ്ങൾ തുടരെ പാഴായിക്കൊണ്ടിരിക്കെ 81ആം മിനിട്ടിൽ സല ലിവർപൂളിനായി ഒരു ഗോൾ മടക്കി. തുടർന്നും ലിവർപൂൾ യുണൈറ്റഡ് ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഫലം കണ്ടില്ല.

Story Highlights: manchester united won liverpool

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top