Advertisement

30 വർഷങ്ങളുടെ കാത്തിരിപ്പ്; അമ്മയെ പീഡിപ്പിച്ച ക്രിമിനലുകളെ പിടികൂടാൻ സഹായിച്ച് മകൻ

August 23, 2022
Google News 4 minutes Read
Thirty years later son helped nab his mother’s rapists

നീണ്ട 30 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സവിതയെ തേടി ആ വാർത്ത വരുന്നത്. ഓഗസ്റ്റ് 11 പതിവ് പോലെ ജോലിക്ക് പോകാനായി തയാറാവുകയായിരുന്നു സവിത. അപ്പോഴാണ് സവിതയുടെ അഭിഭാഷകയുടെ ഫോൺ കോൾ വരുന്നത്. സവിതയെ ക്രൂരമായി പീഡിപ്പിച്ച രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു ! ആശ്വാസവും, സങ്കടവും, സന്തോഷവും, ദേഷ്യവുമെല്ലാം സവിതയുടെ മുഖത്ത് മിന്നിമാഞ്ഞു. തന്റെ ജീവിതം തകർത്തവരെ നേരിൽ കണ്ട് ചെകിടത്തടിക്കാനാണ് അപ്പോൾ സവിതയ്ക്ക് തോന്നിയത്. ( Thirty years later son helped nab his mother’s rapists )

പന്ത്രണ്ടാം വയസിൽ പീഡനത്തിനരയായ സവിത തന്റെ 13-ാം വയസിൽ ഒരു കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ഡിഎൻഎ പരിശോധിച്ചതോടെയാണ് അക്രമകാരിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. സവിതയുടെ മകനായിരുന്നു കേസിലെ ഏറ്റവും വലിയ തെളിവെന്ന് പൂനെ ഷാജഹാൻപുർ പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറയുന്നു. സവിതയുടെ മകൻ തന്നെയാണ് വർഷങ്ങൾക്ക് ശേഷം തന്റെ അമ്മ നേരിട്ട ക്രൂരതയ്‌ക്കെതിരെ കേസ് നൽകണമെന്ന് വാശി പിടിച്ചതും കേസ് നൽകാൻ സവിതയ്ക്ക് ധൈര്യം പകർന്നതും.

ആ വെറുക്കപ്പെട്ട ദിനം…

1994 ലാണ് സവിത സൈക്കിൾ ഓടിക്കാൻ പഠിക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന സവിതയ്ക്ക് അന്ന് 12 വയസായിരുന്നു പ്രായം. തന്റെ സോഹദരിക്കും സോഹദരീ ഭർത്താവിനുമൊപ്പം ഷാജഹാൻപുരിലായിരുന്നു സവിതയുടെ താമസം. സവിതയുടെ അച്ഛൻ പട്ടാളത്തിലായിരുന്നു. അമ്മയും മറ്റ് നാല് സഹോദരിമാരും രണ്ട് സഹോദരന്മാരും ഹർദോയിലെ ഗ്രാമത്തിലായിരുന്നു താമസം.

സ്‌കൂൾ വിട്ട് വരുന്ന സവിത സൈക്കിൾ ഓടിക്കുന്നതും , സൈക്കിൾ ഓടിച്ച് വീഴുമ്പോൾ കളിയാക്കാനും ഒരു പറ്റം യുവാക്കൾ ആ വഴിയിൽ തമ്പടിക്കുമായിരുന്നു. അതിൽപ്പെട്ട രണ്ട് പേരാണ് സഹോദരങഅങളായ റാസിയും ഹസനും. ഇന്ന് ഇരുവർക്കും 21, 21 വയസായിരുന്നു പ്രായം.

ഒരുദിവസം ഉച്ചയ്ക്ക് സവിതയുടെ അധ്യാപികയായ സഹോദരിയും സർക്കാർ ഉദ്യോഗസ്ഥനായ സഹോദരി ഭർത്താവും ജോലിക്ക് പോയ സമയം നോക്കി റാസിയും ഹസനും സവിതയുടെ വീടിന്റെ മതിൽ ചാടി അകത്ത് പ്രവേശിച്ചു. സവിതയെ കെട്ടിയിട്ട് 45 മിനിറ്റുകളോളം ഇരുവരും ചേർന്ന് പീഡിപ്പിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാൽ സഹോദരിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അടുത്ത ആറ് മാസക്കാലം സവിതയെ ഇത്തരത്തിൽ പീഡിപ്പിച്ചു.

ആദ്യത്തെ തവണ മാത്രമാണ് സവിതയ്ക്ക് ആർത്തവം വന്നത്. പിന്നീട് അർത്തവം വന്നില്ല. ഒപ്പം ശരിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സാധിക്കാതെ സവിത ശാരീരിക അസ്വസ്ഥതകൾ അനുഭവിച്ചു. ഇടക്കിടെ സവിത തലകറങ്ങി വീഴാൻ തുടങ്ങിയതോടെ സഹോദരി സവിതയെ ആശുപത്രിയിലെത്തിച്ചു. അപ്പോഴാണ് സവിത ഗർഭിണിയാണെന്ന് കുടുംബം മനസിലാക്കുന്നത്.

അപ്പോഴാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് സവിത കുടുംബത്തോട് പറയുന്നത്. അബോഷൻ നടത്തിയാൽ സവിതയുടെ ജീവന് അപകടമാകുമെന്നതിനാൽ അബോഷനും സാധിച്ചില്ല. പൊലീസ് പരാതി നൽകാൻ ഡോക്ടർ നിർബന്ധിച്ചുവെങ്കിലും കുടുംബം അപമാനം ഭയന്ന് കേസ് കൊടുത്തില്ല.

സഹോദരിയും ഭർത്താവും റാസിയുടെ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞുവെങ്കിലും അവർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. തൊട്ടടുത്ത ദിവസം റാസി ഒരുപറ്റം ഗുണ്ടകളെയും കൂട്ടി വന്ന് സവിതയുടെ സഹോദരിയെയും ഭർത്താവിനെയും തല്ലി ചതച്ചു. വീടടക്കം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സവിതയെയും കൂട്ടി ഇവർ 160 കി.മി അകലെയുള്ള രാംപൂരിലേക്ക് പോയി.

സവിതയുടെ പ്രസവമടുക്കാറായപ്പോഴാണ് സവിതയുടെ ദുർവിധിയെ കുറിച്ച് സഹോദരി പിതാവിനോട് പറയുന്നത്. എന്നാൽ കുടുംബത്തിന് നാണക്കേട് വരുത്തിയെന്ന് പറഞ്ഞ് സവിതയുടെ പിതാവ് ഒരുപാട് ദേഷ്യപ്പെട്ടു. സവിതയോടെ ഗ്രാമത്തിലേക്ക് മടങ്ങി വരരുതെന്ന് അമ്മയും നിർദേശിച്ചു.

പ്രസവത്തിന് പിന്നാലെ തന്നെ സവിതയുടെ സഹോദരി കുഞ്ഞിനെ മറ്റാർക്കോ കൊടുത്തു. സവിതയോട് കഴിഞ്ഞതെല്ലാം മറക്കാനും ഉപദേശിച്ചു.

ഈ സംഭവങ്ങളെല്ലാം സവിതയുടെ സഹോദരിയുടെ വിവാഹ ജീവിതത്തേയും ബാധിച്ചിരുന്നു. വൈകാതെ തന്നെ സഹോദരിയും ഭർത്താവും വേർപിരിഞ്ഞു. താൻ കാരണം തന്റെ സഹോദരിയുടെ ജീവിതവും താറുമാറായെന്നോർത്ത് സവിത നീറി.

വിവാഹം…

സവിതയും സഹോദരിയും രാംപൂരിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. 1998 ൽ സവിത പത്താം ക്ലാസ് പാസായി. 2000 ൽ സവിതയ്ക്ക് 18 വയസ് തികഞ്ഞ ഉടൻ കുടുംബം സവിതയെ വിവാഹം കഴിപ്പിച്ചു. പിന്നീട് സവിതയെ പഠിക്കാൻ ഭർത്താവ് അനുവദിച്ചില്ല.

2002 ൽ സവിതയ്ക്ക് ആൺ കുഞ്ഞ് പിറന്നു. എന്നാൽ 2006 ൽ സവിതയുടെ കഥ ഭർത്താവ് അറിയാൻ ഇടയായി. ഇതോടെ ഭർത്താവിന് സവിതയോട് വെറുപ്പായി. ‘നാളെ നിന്റെ മൂത്ത പുത്രൻ വന്ന് സ്വത്തിന് അവകാശം ചോദിച്ചാൽ ഞാൻ സമൂഹത്തിന് മുന്നിൽ നാണം കെടും. ആളുകൾ എന്ത് പറയും ?’ സവിതയോട് ഭർത്താവ് ചോദിച്ചു. മാസങ്ങൾക്കകം തന്നെ തന്റെ നാല് വയസായ മകനെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങാൻ ഭർത്താവ് സവിതയോട് പറഞ്ഞു.

ലഖ്‌നൗവിലേക്ക് മകനേയും കൂട്ടി പോയ സവിത അവിടെ വാടകയ്ക്ക് ഒരു വീട് എടുത്തു. ആദ്യം സെയിൽസ് ഗേളായും പിന്നീട് തുന്നൽ പഠിച്ച് തുന്നൽ കട നടത്തിയും ശേഷം പുസ്തക കടയിലും ജോലി നോക്കി.

മകന്റെ തിരിച്ചു വരവ്…

2007 ൽ കോൡഗ് ബെൽ കേട്ടാണ് സവിത വാതിൽ തുറക്കുന്നത്. ഒരു 13 കാരൻ വീടിന് മുന്നിൽ നിൽക്കുന്നത് സവിത കണ്ടു. ആരാണെന്ന് ചോദിച്ചപ്പോൾ മകനാണ് എന്ന ഉത്തരമാണ് ആ ബാലൻ നൽകിയത്. സവിത പൊട്ടിക്കരഞ്ഞുപോയി. ഒരിക്കലും മകനെ കാണും എന്ന് സവിത കരുതിയിരുന്നില്ല. അന്ന് മുതൽ രാജുവും സവിതയ്‌ക്കൊപ്പം ജീവിച്ചു.

സവിതയുടെ പ്രസവ ശേഷം രാജുവിനെ ഒരു അകന്ന ബന്ധുവിനായിരുന്നു സഹോദരി കൈമാറിയത്. അന്ന് അവർക്ക് കുട്ടികളുണ്ടായിരുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം കുട്ടികൾ ജനിച്ചതോടെ രാജുവിനെ അവർക്ക് വേണ്ടാതായി. സവിതയുടെ വിവാഹ മോചന കഥ കേട്ട ഇവർ രാജുവിനെ ലഖ്‌നൗവിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

25-ാം വയസിൽ അങ്ങനെ തന്റെ രണ്ട് മക്കളോടൊപ്പം സവിത ജീവിതം ആരംഭിച്ചു. ഇരുവരേയും സ്‌കൂളിൽ ചേർത്ത സവിത തന്റെ മുടങ്ങിപ്പോയ പഠിത്തവും വീണ്ടും തുടങ്ങി. പകൽ മുഴുവൻ ജോലി ചെയ്ത് രാത്രി പഠിച്ച് സവിത മുന്നോട്ട് പോയി.

ഇടക്കിടെ രാജു തന്റെ പിതാവ് ആരെന്ന് ചോദിച്ച് സവിതയെ ബുദ്ധിമുട്ടിച്ചു. ആദ്യം രാജുവിനെ അടിച്ച് സവിത ചോദ്യത്തിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ ഒരു ദിവസം രാജു ആത്മഹത്യാ ഭീഷണി മുഴക്കി. അന്ന് തനിക്കെന്താണ് സംഭവിച്ചതെന്ന് സവിത രാജുവിനോട് വിശദീകരിച്ചു. ഇതുകേട്ട് രാജു തകർന്നു. അമ്മയോട് പൊലീസിൽ പരാതിപ്പെടാൻ രാജു നിർബന്ധിച്ചു. ബന്ധുക്കൾ എന്ത് വിചാരിക്കുമെന്നായിരുന്നു സവിതയുടെ പേടി. പക്ഷേ മകൻ ചോദിച്ചു, ‘ഏത് ബന്ധുവാണ് നമുക്ക് ഒരു കിലോ അരി തന്നത് ? എല്ലാവരും നമ്മെ അവഗണിച്ചിട്ടേയുള്ളു. ഇനി എന്ത് പേടിക്കാനാണ് ?’

അങ്ങനെ 2020 ജൂലൈയിൽ സവിതയും രാജുവും ഷാജഹാൻപൂരിലേക്ക് വണ്ടി കയറി. സദർ ബസാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

നിയമപോരാട്ടം…

ആദ്യം എഫ്‌ഐആർ ഫയൽ ചെയ്യാൻ പൊലീസ് വിസമ്മതിച്ചു. കേസിന് വന്ന കാലപ്പഴക്കം തന്നെയായിരുന്നു പ്രധാന കാരണം. മാത്രമല്ല സവിതുയടെ പക്കൽ അക്രമികളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ സവിത മുഖ്താർ ഖാൻ എന്ന അഭിഭാഷകനെ കണ്ടു. ഇത് പ്രകാരം ഫയൽ ചെയ്ത ഹർജിയിൽ സെക്ഷൻ 156(3) പ്രകാരം മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തവിട്ടു. അങ്ങനെ 27 വർഷങ്ങൾക്ക് ശേഷം 2021 മാർച്ച് 5 ന് പൊലീസ് കേസെടുത്തു.

അന്വേഷണം…

റാസിയും ഹസനും ഷാജഹാൻപൂരിൽ നിന്ന് പോയിരുന്നു. ഇരുവരും ട്രക്ക് ഡ്രൈവർമാരായിരുന്നതിനാൽ ഓരോ ദിവസവും ഓരോ സ്ഥലത്തായിരുന്നു. അതുകൊണ്ട് തന്നെ ഇവർ കൃത്യമായി എവിടിയെന്ന് കണ്ടെത്താൻ പൊലീസ് വിഷമിച്ചു.

സവിതയും സ്വന്തം നിലയ്ക്ക് അന്വേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു വർക്ക് ഷോപ്പ് മെക്കാനിക്കിൽ നിന്ന് റാസിയുടെ നമ്പർ ലഭിച്ചു. സവിത ധൈര്യ സമേതം റാസിയെ വിളിച്ചു. ‘നീ ചത്തില്ലേ’ എന്നായിരുന്നു റാസിയുടെ ആദ്യ പ്രതികരണം. ‘ഇല്ല, ഞാൻ ജീവനോടെയുണ്ട്. ഇനി നിന്റെ ഊഴമാണ്’- ഇത് പറഞ്ഞ് സവിത കോൾ കട്ട് ചെയ്തു. ഉടൻ നമ്പർ പൊലീസിന് കൈമാറി.

ഒരു ആക്‌സിഡന്റ് കേസെന്ന വ്യാജേന പൊലീസ് റാസിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. റാസിയും ഹസനും അങ്ങനെ സ്റ്റേഷനിലെത്തി. കേസിൽ തെളിവില്ലാത്തത് വലിയ വെല്ലുവിളിയായിരുന്നു. അങ്ങനെ രാജുവിനെ ഉപയോഗിക്കാൻ തീരുമാനിച്ചു. രാജുവിന്റെ ഡിഎൻഎ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അവ ഹസന്റേതുമായി യോജിക്കുന്നുണ്ടായിരുന്നു. അങ്ങനെ രാജുവിന്റെ അച്ഛൻ ഹസനാണെന്ന് കണ്ടെത്തി.

അതിനിടെ റാസിയും ഹസനും ഒളിവിൽ പോയി. ഒടുവിൽ ഹൈദരാബാദിൽ നിന്ന് ഇരുവരേയും പൊലീസ് പിടികൂടി. ഇത്ര വർഷങ്ങൾക്ക് ശേഷം കേസ് വരുമെന്ന് ഇരുവരും കരുതിയിരുന്നില്ല. പൊലീസ് പിടിയിലായ ഇരുവരും കുറ്റസമ്മത് നടത്തി. നിലവിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

(വാർത്തയിൽ പീഡനക്കേസ് ഇരയുടേയും മകന്റേയും യഥാർത്ഥ പേരല്ല ഉപയോഗിച്ചിരിക്കുന്നത്).

Story Highlights: Thirty years later son helped nab his mother’s rapists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here