കൊല്ലത്ത് കുത്തിവയ്പ്പ് എടുത്ത 10 വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്ന സംഭവം; പുതിയ അന്വേഷണ സംഘത്തെ നിയമിക്കുമെന്നും ആരോഗ്യ വകുപ്പ്

കൊല്ലം നെടുമ്പനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ്പ് എടുത്ത 10 വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്ന സംഭവത്തിൽ പുനരന്വേഷണം നടത്തും. കുറ്റാരോപിതരായ ആശുപത്രി ജീവനക്കാരെ വെള്ളപൂശുന്ന ഡിഎംഒ യുടെ റിപ്പോർട്ട് വിവാദമായ പിന്നാലെയാണ് നടപടി. പുതിയ അന്വേഷണ സംഘത്തെ നിയമിക്കുമെന്നും ആരോഗ്യ വകുപ്പിന്റെ ഉറപ്പ്. 24 ഇംപാക്ട് .
ജൂലൈ മാസത്തിലാണ് വട്ടവിള ആരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്‌പ്പെടുത്ത കൊല്ലം പള്ളിമൺ സ്വദേശികളായ അമീർഖാൻ – സുൽഫത്ത് ദമ്പതികളുടെ മകൾക്ക് ആരോഗ്യനില വഷളായത്. കുത്തിവെപ്പ് എടുത്ത പിറ്റേദിവസം ആ ഭാഗത്ത് വീക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ ആരോഗ്യനില വശളായ കുട്ടിയുടെ വീക്കം വന്ന ഭാഗത്തെ ദശ നീക്കം ചെയ്യേണ്ടി വന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും ഉൾപ്പെടെ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് ഡിഎംഒ വിചിത്ര റിപ്പോർട്ട് തയ്യാറാക്കി നൽകിയിരിക്കുന്നത്. കുട്ടിക്കൊപ്പം ആശുപത്രിയിലായിരുന്നതിനാൽ മാതാവിന് മൊഴി നൽകാൻ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിൽ എത്തി ഉദ്യോഗസ്ഥർ മൊഴി ശേഖരിച്ചതും ഇല്ല. കുറ്റാരോപിതരുടെ മൊഴി രഹസ്യമായി ശേഖരിച്ചപ്പോൾ, പരാതിക്കാരെ കുറ്റാരോപിതർക്ക് ഒപ്പം ഇരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
വീട്ടുകാരുടെ ആവശ്യപ്രകാരം സംഭവം അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കും. സെപ്റ്റംബർ 15നകം അന്വേഷണം പൂർത്തിയാക്കുമെന്നും ആരോഗ്യവകുപ് അധികൃതർ ഉറപ്പ് നൽകി.
കുട്ടിയുടെ അമ്മയുടെയും കുട്ടിയുടെയും പുതിയ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. പിതാവിൻറെ രഹസ്യ മൊഴിയും രേഖപ്പെടുത്തും. കൊല്ലം ജില്ല ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് പുനരന്വേഷണം രേഖാമൂലം ഉറപ്പുനൽകി.
Story Highlights: kollam 10 year old injection controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here