മദ്യനയ അഴിമതി; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുത്തെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇഡി

മദ്യനയ അഴിമതിയിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുത്തെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇഡി. സിസോദിയക്കെതിരെ കേസെടുത്തതായി ഇഡി അഡീഷണൽ ഡയറക്ടർ സോണിയ നാരാംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം’ കേസിൽ മനീഷ് സിസോദിയ അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി സിബിഐ ഉടൻ വിളിപ്പിച്ചേക്കും.
മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് കേസെടുത്തു എന്ന റിപ്പോർട്ടുകൾ ഇഡി ഉന്നത വൃത്തങ്ങൾ നിഷേധിച്ചു. മനീഷ് സിസോദിയ അടക്കം 15 പേർക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇഡി അഡീഷണൽ ഡയറക്ടർ സോണിയ നാരാംഗ് സ്ഥിരീകരിച്ച റിപ്പോർട്ടുകളാണ് ഉന്നത നേതൃത്വം തള്ളിക്കളഞ്ഞത്. കേസ് രജിസ്റ്റർ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങൾ സാങ്കേതികമായി ഇതുവരെ പൂർത്തിയായിട്ടില്ല എന്നാണ് സൂചന. കേസിൽ ഇഡി, സിബിഐയിൽ നിന്ന്, എഫ്ഐആർ അടക്കമുള്ള വിശദ വിവരങ്ങൾ തേടിയിരുന്നു.
അതേസമയം, കേസിൽ ഇടനിലക്കാരും മദ്യക്കമ്പനി പ്രതിനിധികളും അടക്കമുള്ള 3 പേരെ സിബിഐ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മനീഷ് സിസോദിയയെയും ഉടൻ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും എന്നാണ് സിബിഐ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
Story Highlights: manish sisodia case ed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here