Advertisement

ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

August 25, 2022
2 minutes Read
DIMITRIOS DIAMANTAKOS at Kerala Blasters

ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍. ഡയമാന്റകോസുമായി കരാറിലെത്തിയതായി ക്ലബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ് എച്ച്എന്‍കെ ഹയ്ദുക് സ്പ്ലിറ്റില്‍നിന്നാണ് ഇരപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത് ( DIMITRIOS DIAMANTAKOS at Kerala Blasters ).

ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ഈ സ്‌ട്രൈക്കറുടെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2009ല്‍ ഒളിമ്പിയാകോസിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അണ്ടര്‍ 19 ലീഗിലെയും യൂത്ത് ചാമ്പ്യന്‍സ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബിന്റെ സീനിയര്‍ ടീമുമായി കരാര്‍ നല്‍കി. 2012നും 2014നും ഇടയില്‍ വിവിധ ഗ്രീക്ക് ക്ലബുകളായ പനിയോനിയോസ് ഏതന്‍സ്, അറിസ് തെസലോനികി, എര്‍ഗോടെലിസ് എഫ്‌സി എന്നിവയ്ക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ഒളിമ്പിയാകോസില്‍ തിരിച്ചെത്തുന്നതിന് മുമ്പായി 49 മത്സരങ്ങളില്‍ 14 ഗോളും നേടി. ഒളിമ്പിയാകോസില്‍ 17 കളിയില്‍ നാല് ഗോളും നേടി.

അദ്ദേഹത്തിന്റെ കരിയറിലെ പുതിയതും നീണ്ടതുമായ ഒരു അധ്യായം 2015ലാണ് സംഭവിച്ചത്. ജര്‍മന്‍ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ് കാള്‍ഷ്രുഹെര്‍ എസ്‌സിയില്‍ ഡയമാന്റകോസ് വായ്പാടിസ്ഥാനത്തിലെത്തി. തുടര്‍ന്നുള്ള സമ്മറില്‍ ജര്‍മന്‍ ക്ലബുമായി സ്ഥിരം കരാറിലുമെത്തി. ജര്‍മനിയില്‍ ആറ് വര്‍ഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വിഎഫ്എല്‍ ബോചും, എഫ്‌സി സെന്റ് പോളി ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങളില്‍നിന്ന് 34 ഗോളും എട്ട് അവസരമൊരുക്കലുകളും അദ്ദേഹം നടത്തി.

2020 ജൂലൈയില്‍ ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ് ഹയ്ദുക് സ്പ്‌ളിറ്റുമായി മൂന്ന് വര്‍ഷത്തെ കരാറിലൊപ്പിട്ടു. 30ല്‍ കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുന്‍പ് ഇസ്രയേലി ക്ലബ് എഫ്‌സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മത്സരങ്ങളില്‍ 19 ഗോളുംനേടി. യൂറോപ്യന്‍ അണ്ടര്‍ 19 ചാന്‍പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ ടീമിനൊപ്പമുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഡയമാന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.

Story Highlights: DIMITRIOS DIAMANTAKOS at Kerala Blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top