Advertisement

ആ ഓണം മറക്കില്ല, സതിയമ്മ പറഞ്ഞു… രായേട്ടനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി ചെയ്തു, ഒരു ആന്തലോടെ ആണ് അത് കേട്ടത്…! ജെയ്ന്‍ രാജ്

August 25, 2022
Google News 2 minutes Read
Jain Raj Facebook post

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവോണ ദിവസം വീട്ടിലേക്ക് ഇരച്ചുകയറിയ ആര്‍എസ്എസ് ആക്രമികള്‍ പി.ജയരാജന് നേരെ നടത്തിയ വധശ്രമത്തെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. 1999ലെ തിരുവോണദിവസമാണ് സിപിഐഎം നേതാവ് പി.ജയരാജനെ ആര്‍എസ്എസ് സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമിക്കുന്നത്. ആ സംഭവം ഓര്‍ത്തെടുക്കുകയാണ് മകന്‍ ജെയ്ന്‍ രാജ് ( Jain Raj Facebook post ).

ബന്ധുവീട്ടിലായിരിക്കുമ്പോഴാണ് താനും അനിയനും ആക്രമണ വിവരം അറിയുന്നതെന്ന് ജെയ്ന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എല്ലാ സന്തോഷങ്ങള്‍ക്കും മേലെ അന്ന് വൈകുന്നേരം സതിയമ്മയുടെ വീട്ടിലെ ലാന്റ് ഫോണില്‍ ഒരു കോള്‍ വന്നു. ആ കോള്‍ വന്നതും സതിയമ്മയുടെ വാക്കുകള്‍ ഇടറുന്നതും. കൈകള്‍ വിറക്കുന്നതും.ഞാന്‍ കണ്ടു. പിന്നീട് സതിയമ്മ വിറക്കുന്ന കൈകള്‍ കൊണ്ട് ആ സത്യം ഞങ്ങളോട് പറഞ്ഞു രായേട്ടനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി ചെയ്തു. പിന്നീട് എല്ലാം ഒരു ആന്തലോടെ ആണ് കേട്ടത്.

രണ്ടു ദിവസം കഴിഞ്ഞാണ് കിഴക്കേ കതിരൂരിലെ വീട്ടിലേക്ക് ഞാന്‍ തിരിച്ചു വന്നത്. വീടിന്റെ മുന്‍ വശത്ത് ബോംബ് വീണു പിളര്‍ന്ന പാടുകള്‍. ചുമരില്‍ പറ്റി പിടിച്ച നാടന്‍ബോംബിന്റെ ചാക്ക് നൂലുകള്‍. വീട്ടിന്റെ ഉളില്‍ വെട്ടുകൊണ്ട് പിളര്‍ന്നു കിടക്കുന്ന അച്ഛന്റെ ചൂരല്‍ കസേര. നെടുകെ പിളര്‍ന്നു കിടക്കുന്ന ടിവി. നമ്മള്‍ നമ്മുടേതെന്ന് വിശ്വസിച്ചു നില്‍ക്കുന്നയിടത്തു നമ്മുടേതായി ഒന്നും ഇല്ലാത്ത അവസ്ഥ. അമ്മയോളം പ്രിയപ്പെട്ട അച്ഛനും ഇല്ല. അച്ഛന് എന്തു സംഭവിച്ചു എന്നുള്ളതായിരുന്നു ചിന്ത.

വീട്ടില്‍ നിന്നും 800 മീറ്റര്‍ അകലെയുള്ള ശ്രീ കൂര്‍മ്പ ഭഗവതി കാവിലേക്ക് നാട്ടുകാരുടെ ശ്രദ്ധ തിരിക്കുവാനായി പത്തോളം പേര് ഉള്‍പ്പെടുന്ന സംഘം ബോംബ് എറിഞ്ഞു ഭീതി പരത്തി. ആ സ്‌ഫോടന ശബ്ദം കേട്ട് സഖാക്കള്‍ അങ്ങോട്ട് നീങ്ങിയ സമയം നോക്കിയാണ് മുപ്പത്തോളം പേരങ്ങുന്ന മറ്റൊരു സംഘം വീട്ടിലേക്ക് ഇരച്ചു കയറിയത്. തുടരെ തുടരെ ഉള്ള സ്‌ഫോടനശബ്ദം കേട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങി നിന്ന അച്ഛന്‍ കാണുന്നതും വാളും ബോംബും കൊണ്ട് കയറി വരുന്ന ആര്‍എസ്എസ് കൊലയാളി സംഘത്തെ ആയിരുന്നു. വീട്ടില്‍ കയറി വാതില്‍ അടക്കാന്‍ ഉള്ള ശ്രമം നടത്തിയെങ്കിലും ഓടി കയറിയ അക്രമികള്‍ വടിവാള്‍ വാതിലില്‍ തിരുകി കയറ്റി ആ ശ്രമം തടഞ്ഞു. അന്ന് നാലുപേരാണ് വീട്ടില്‍ കയറി വെട്ടിയത്. കൈ മഴുവും വടിവാളും ഉപയോഗിച്ചു തുടരെ തുടരെ വെട്ടുകള്‍. കൈയില്‍ കിട്ടിയ ചൂരല്‍ കസേരയും മനോധൈര്യവും ഉപയോഗിച്ച് വെട്ടുകള്‍ നേരിട്ടത് കൊണ്ട് ജീവന്‍ ബാക്കിയായി. അന്നവര്‍ക്ക് ഒരു മിനിറ്റ് കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ ചിത്രവും ചരിത്രവും മറ്റൊന്ന് ആയേനെയെന്നും ജെയ്ന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കൈമഴുവും വടിവാളുമായി വന്ന നാലുപേരെ കളരിയഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വെറുമൊരു ചൂരല്‍ കസേര കൊണ്ട് നേരിട്ട അച്ഛന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ ഹീറോ. ഇന്ന് ആ ദിവസമാണ് ഓര്‍മയില്‍ ചോര ചിതറിയ ദിവസമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാ ഓണവും ആഗസ്റ്റ് മാസത്തിലെ അവസാന ദിവസങ്ങളും ഓർമകളുടെ കുത്തൊഴുക്കായാണ് പുലരുന്നത്..

ഓർമകളിലെ പഴയ ആ ഓണം ഞാനും അനിയനും കോഴിക്കോട് സതിയമ്മയുടെ വീട്ടിൽ ആയിരുന്നു.. കുട്ടികാലത്തെ ഓണം അവധി അങ്ങനെ ആണല്ലോ.. എല്ലാ സന്തോഷങ്ങൾക്കും മേലെ അന്ന് വൈകുന്നേരം 5:30ന് സതിയമ്മയുടെ വീട്ടിലെ ലാന്റ് ഫോണിൽ ഒരു കോൾ വന്നു.. ആ കോൾ വന്നതും സതിയമ്മയുടെ വാക്കുകൾ ഇടറുന്നതും.. കൈകൾ വിറക്കുന്നതും.. ഞാൻ കണ്ടു.. പിന്നീട് സതിയമ്മ ഞങ്ങളുടെ കൈകൾ ചേർത്തു പിടിച്ചു മുറിഞ്ഞു വീഴുന്ന വാക്കുകളിൽ കൂടി. വിറക്കുന്ന കൈകൾ കൊണ്ട് ആ സത്യം ഞങ്ങളോട് പറഞ്ഞു രായേട്ടനെ ആർ എസ് എസ് കാർ വീട്ടിൽ കയറി ചെയ്തു.. പിന്നീട് എല്ലാം ഒരു ആന്തലോടെ ആണ് കേട്ടത്..

അച്ഛനെ കോഴിക്കോട് കൊണ്ട് പോയ്‌ എന്നും പിന്നീട് അവിടെ നിന്നും എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയിൽ കൊണ്ട് പോകുന്നു എന്നും ഒക്കെ..

പിന്നീട്‌ രണ്ടു ദിവസം കഴിഞ്ഞാണ് കിഴക്കേ കതിരൂരിലെ വീട്ടിലേക്ക് ഞാൻ തിരിച്ചു വന്നത്. വീടിന്റെ മുൻ വശത്ത് ബോംബ് വീണു പിളർന്ന പാടുകൾ.. ചുമരിൽ പറ്റി പിടിച്ച നാടൻബോംബിന്റെ ചാക്ക് നൂലുകൾ.. വീട്ടിന്റെ ഉളിൽ വെട്ടുകൊണ്ട് പിളർന്നു കിടക്കുന്ന അച്ഛന്റെ ചൂരൽ കസേര.. നെടുകെ പിളർന്നു കിടക്കുന്ന ടി വി.. നമ്മൾ നമ്മുടേതെന്ന് വിശ്വസിച്ചു നിൽക്കുന്നയിടത്തു നമ്മുടേതായി ഒന്നും ഇല്ലാത്ത അവസ്ഥ.. അമ്മയോളം പ്രിയപ്പെട്ട അച്ഛനും ഇല്ല.. അച്ഛന് എന്തു സംഭവിച്ചു എന്നുള്ള ചിന്ത..

അന്നവർ RSS ചെയ്തത് ഞങ്ങളുടെ കിഴക്കേ കതിരൂരിലെ വീട്ടിൽ നിന്നും 800 മീറ്റർ അകലെയുള്ള ശ്രീ കൂർമ്പ ഭഗവതി കാവിലേക്ക് നാട്ടുകാരുടെ ശ്രദ്ധ തിരിക്കുവാനായി ബോംബ് എറിയുക ആയിരുന്നു.. അന്ന് പത്തോളം പേര് ഉൾപ്പെടുന്ന സംഘം ബോംബ് എറിഞ്ഞു ഭീതി പരത്തി.. ആ സ്ഫോടന ശബ്ദം കേട്ട് സഖാക്കൾ അങ്ങോട്ട് നീങ്ങിയ സമയം നോക്കിയാണ് മുപ്പത്തോളം പേരങ്ങുന്ന മറ്റൊരു സംഘം വീട്ടിലേക്ക് ഇരച്ചു കയറിയത്..

തുടരെ തുടരെ ഉള്ള സ്ഫോടനശബ്ദം കേട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങി നിന്ന അച്ഛൻ കാണുന്നതും വാളും ബോംബും കൊണ്ട് കയറി വരുന്ന ആർ എസ് എസ് കൊലയാളി സംഘത്തെ ആയിരുന്നു.. വീട്ടിൽ കയറി വാതിൽ അടക്കാൻ ഉള്ള ശ്രമം നടത്തിയെങ്കിലും ഓടി കയറിയ അക്രമികൾ വടിവാൾ വാതിലിൽ തിരുകി കയറ്റി ആ ശ്രമം തടഞ്ഞു.. അന്ന് നാലുപേരാണ് വീട്ടിൽ കയറി വെട്ടിയത്. കൈ മഴുവും വടിവാളും ഉപയോഗിച്ചു തുടരെ തുടരെ വെട്ടുകൾ.. കയ്യിൽ കിട്ടിയ ചൂരൽ കസേരയും മനോധൈര്യവും ഉപയോഗിച്ച് വെട്ടുകൾ നേരിട്ടത് കൊണ്ട് ജീവൻ ബാക്കിയായി.. അന്നവർക് ഒരു മിനിറ്റ് കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ ചിത്രവും ചരിത്രവും മറ്റൊന്ന് ആയേനെ

അത് വരെ അച്ഛൻ കാണിച്ച സ്നേഹം പിന്നീട് അങ്ങോട്ടായ് ചലന ശേഷി നഷ്ടപെട്ട വലതു കൈക്ക് പകരമായി. ചോറ് വാരി കൊടുക്കുന്നത് മുതൽ നഖം വെട്ടി കൊടുക്കുക കുപ്പായം ഇടുമ്പോൾ ബട്ടൺ ഇട്ടു കൊടുക്കുക..പൊങ്ങി നിന്ന മീശയിലെ നരച്ച രോമങ്ങൾ വെട്ടിയൊതുക്കി കൊടുക്കുക,ഒക്കെ ആയി അച്ഛനോട് ചേർന്ന് നിന്നു.

അച്ഛൻ എന്ന വലിയ തണലിനെ ഓർക്കുമ്പോൾ ഒരുപാട് ഓർമ്മകൾ ഉണ്ട്. ഓർക്കാൻ ആഗ്രഹിക്കുന്നതും. ഓർമകളിൽ നില നിൽക്കുന്നതുമായ ഒരുപാട്.. അന്ന് ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം.. ഏതോ ഒരു പ്രശ്നത്തിൽ പെട്ട ഒരാൾക്ക് അച്ഛൻ എന്തോ സഹായം ചെയ്തു. പിറ്റേ ദിവസം അയാൾ രണ്ടും കൈയ്യിൽ ബേക്കറി സാധനങ്ങളുമൊക്കെയായി വീട്ടിലേക്ക്‌ വന്നു.ആ കാലത്ത്‌ ഇന്നുള്ളത്‌ പോലെ വീടുകളിൽ ബേക്കറി സാധനങ്ങൾ വാങ്ങലുകൾ പതിവുള്ളതായിരുന്നില്ല.. ബേക്കറി സാധനങ്ങൾ ഇപ്പോ കിട്ടുമെന്ന് ധാരണയിൽ ഞാനും അനിയനും വീടിന്റെ പടിയിൽ നിന്ന് കവറിലേക്ക്‌ അയാളെ തന്നെ നോക്കുന്നു..ഇത്‌ ഇവിടെ വേണ്ടെന്ന് പറഞ്ഞ്‌ അയാളെ അച്ഛൻ തിരിച്ചയച്ചു.. അന്ന് അച്ഛനോട്‌ തോന്നിയ ദേഷ്യം ചില്ലറയായിരുന്നില്ല.. ആ അച്ഛനെ കുറിച്ച് ഇന്നോർക്കുമ്പോൾ അഭിമാനവും..

പത്ത്‌ മുപ്പത്‌ കൊല്ലങ്ങൾക്കിപ്പുറം അന്ന് ബേക്കറി സാധനങ്ങളുമായി വന്ന ആളിന്റെ മുഖം ഓർമ്മയില്ലെങ്കിലും, രൂപം നന്നായി ഓർക്കുന്നുണ്ട്‌ ഞാൻ..

വെളുത്ത്‌ മുടി ഇല്ലാത്ത നീളം കുറഞ്ഞ ഒരു മനുഷ്യൻ.. അന്ന് അച്ഛന് ഡ്രൈവിങ് ഒരുപാട് ഇഷ്ടമായിരുന്നു അച്ഛന്റെ സുഹൃത്തിന്റെ കാറിൽ ഞങ്ങളെ കൂട്ടി പോകുമായിരുന്നു.. രണ്ടു കൈ കൊണ്ടും താളം പിടിച്ചു അച്ഛന്റെ ഡ്രൈവിംഗ് കുറച്ചു കാലം ആണെങ്കിലും ഞങ്ങൾ ആസ്വദിച്ചിരുന്നു ..

കമ്മ്യുണിസ്റ്റ് ആയതു കൊണ്ട് ചില ജീവിതങ്ങൾ അനുഭവിക്കാൻ മാത്രം ബാധ്യസ്ഥർ ആണല്ലോ..

ഞങ്ങളെ ജീവനെയും ജീവിതവും മാറ്റി മറിച്ചത് സംഘപരിവാറിന്റെ ഒരൊറ്റ തീരുമാനം ആയിരുന്നല്ലോ ജയരാജൻ ഇനി ഓണം ഉണ്ണണ്ട എന്നുള്ള തീരുമാനം.

ആ തീരുമാനവുമായി കൈമഴുവും വടിവാളുമായി വന്ന നാലുപേരെ കളരിയഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വെറുമൊരു ചൂരൽ കസേര കൊണ്ട്‌ നേരിട്ട അച്ഛൻ തന്നെയാണ്‌ എന്റെ ഏറ്റവും വലിയ ഹീറോ..

ഇന്ന് ആ ദിവസമാണ് ഓർമയിൽ ചോര ചിതറിയ ദിവസം..

Story Highlights: P. Jayarajan assassination attempt; Jain Raj Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here