ഗവർണറെ പൂട്ടാൻ അപ്രതീക്ഷിത നീക്കവുമായി സർക്കാർ; സര്‍വ്വകലാശാല ഭേദഗതിയിൽ മുന്‍കാല പ്രാബല്യം കൊണ്ടുവരുന്നു

ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വ്വകലാശാല ഭേദഗതിയിൽ മുന്‍കാല പ്രാബല്യം കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ നീക്കം. ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രാബല്യം. ഭേദഗതി സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല വിസി നിയമനത്തിനായി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിയെ കൊണ്ടുവന്നത് ഓഗസ്റ്റ് അഞ്ചിനാണ്. ഈ തീരുമാനം മറികടക്കാനാണ് മുന്‍കാല പ്രാബല്യം കൊണ്ടുവരുന്നത്. (university amendment Government to defend Arif Mohammad Khan )
സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധമാണെന്ന് പി.സി.വിഷ്ണു നാഥ് ആരോപിച്ചു. ചാൻസിലറുടെ അധികാരം പരിമിതപ്പെടുത്താൻ ആണ് നീക്കമെന്നും ഭേദഗതി ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ യുജിസി ചട്ടങ്ങൾ ബിൽ വിരുദ്ധമല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു സഭയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനാണ് രണ്ടംഗങ്ങളെ അധികമായി നിയോഗിച്ചത്. ഭരണഘടനാ വിരുദ്ധമല്ല. സർവകലാശാല നിയമ ഭേദഗതിക്ക് സർക്കാരിന് അധികാരമുണ്ട്. പാനൽ നിയോഗിക്കേണ്ടതും വിസിയെ നിയോഗിക്കേണ്ടതും ചാൻസിലറാണെന്നും മന്ത്രി വ്യക്തമാക്കി.
Read Also: സാങ്കേതിക സര്‍വകലാശാലാ നിയമത്തില്‍ ഭേദഗതി
സർവകലാശാലകളുടെ നിയമനിർമ്മാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് നിയമമന്ത്രി പി.രാജീവും പറഞ്ഞു. സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് തടസവാദം. സംസ്ഥാന സർവകലാശാലകൾ യുജിസി ചട്ടങ്ങൾ അനുസരിക്കണമെന്നത് നിർബന്ധമല്ല. മാർഗ നിർദേശക സ്വഭാവം മാത്രമാണ്. നിയമ ഭേദഗതിക്ക് നിയമ സഭയ്ക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി.
തുടർന്ന് ബിൽ അവതരണത്തിന് നിയമ പ്രശ്‍നം ഇല്ലെന്നു സ്പീക്കർ റൂളിംഗ് നല്‍കി. പ്രതിപക്ഷത്തിന്റ തടസ വാദങ്ങൾ സ്പീക്കര്‍ തള്ളി. നിയമഭേദഗതിയനുസരിച്ച് വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ.
കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാരിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ട് വരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്.
Story Highlights: university amendment Government to defend Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here