കെ.എം ബഷീറിന്റെ മരണം; സി.ബി.ഐ അന്വേഷണത്തിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിൻറെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി പൊലിസിന്റെ വിശദീകരണം തേടി. ഹർജി ഓണാവധി കഴിഞ്ഞു പരിഗണിക്കും. സിബിഐ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ( KM Basheer’s death; High Court with a decisive move )
Read Also: ‘കൂടെ നിന്ന എല്ലാവർക്കും നന്ദി’; സർക്കാർ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് കെ.എം ബഷീറിന്റെ കുടുംബം
പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുകയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. അപകട ദിവസം കെ.എം ബഷീറിൻറെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിലുണ്ട്.
രാത്രി ഒരു മണിക്ക് നടന്ന അപകടത്തിൽ 7 മണിക്കാണ് എഫ്ഐആർ ഇടുന്നത്. അതിൽത്തന്നെ ദുരൂഹതയുണ്ട്. രക്ത സാമ്പിൾ എടുക്കാൻ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടും പ്രതിയെ കിംസിലാണ് കൊണ്ടുപോയത്. ഇത് അന്വേഷണം വൈകിപ്പിക്കാൻ വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോൾ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടാണ് ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതും വിവാദമായപ്പോൾ മാറ്റിയതും. ഇത് സർക്കാരും ശ്രീറാം വെങ്കിട്ടരാമനും തമ്മിലുള്ള ഒത്തുകളിയാണ് തുടങ്ങിയ ആരോപണങ്ങളാണ് സഹോദരൻ ഉന്നയിക്കുന്നത്.
Story Highlights: KM Basheer’s death; High Court with a decisive move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here