Advertisement

വിദ്വേഷ പ്രസംഗക്കേസിൽ യോഗി ആദിത്യനാഥിന് ആശ്വാസം

August 26, 2022
Google News 2 minutes Read

15 വർഷം പഴക്കമുള്ള കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വൻ ആശ്വാസം. ഗോരഖ്പൂർ കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗക്കേസിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. യോഗിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജി തള്ളി. ഹർജിയിൽ കഴമ്പില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2007 ജനുവരി 27 ന് ഗോരഖ്പൂരിൽ ഒരു വർഗീയ കലാപം ഉണ്ടായി. ഈ കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അന്ന് ഗോരഖ്പൂർ എംപിയായിരുന്ന യോഗി ആദിത്യനാഥ്, അന്നത്തെ എം.എൽ.എ രാധാ മോഹൻ ദാസ് അഗർവാൾ, ഗോരഖ്പൂർ മേയർ അഞ്ജു ചൗധരി എന്നിവർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും കലാപത്തിന് പ്രേരിപ്പിച്ചുവെന്നും ആരോപണം ഉയർന്നു. യോഗിയുടെ പ്രകോപനപരമായ പ്രസംഗത്തിന് ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്നാണ് ആരോപണം.

വിഷയത്തിൽ അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനെ തുടർന്ന് യോഗി ആദിത്യനാഥ് ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം സംസ്ഥാന സർക്കാർ കേസിന്റെ അന്വേഷണം സിബിസിഐഡിക്ക് കൈമാറിയെങ്കിലും മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അഞ്ജു ചൗധരിയുടെ ഹർജിയിൽ സുപ്രിം കോടതി കേസ് അന്വേഷണം ദീർഘനാളത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ 2008 മുതൽ 2012 വരെ നീണ്ടു.

തുടർന്ന് 2017ൽ യുപിയിൽ ബിജെപി സർക്കാർ രൂപീകരിക്കുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുകയും ചെയ്തു. കലാപത്തിൽ യോഗിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച ഹർജി 2018ൽ അലഹബാദ് ഹൈക്കോടതിയും തള്ളി. ഇതോടെയാണ് യോഗിക്കെതിരെ വിചാരണ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയിൽ എത്തുന്നത്.

Story Highlights: SC dismisses plea challenging denial of sanction to prosecute Yogi Adityanath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here