Advertisement

നാളെ അയ്യങ്കാളി ജയന്തി; പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കും

August 27, 2022
Google News 2 minutes Read
Mahatma Ayyankali Jayanthi

പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നണി പോരാളിയും നവോത്ഥാന നായകനുമായ അയ്യങ്കാളിയുടെ 159-ാം ജയന്തി ഞായറാഴ്ച വിവിധ പരിപാടികളോടെ നടക്കും. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണം വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8.30 ന് ആരംഭിക്കും. ( Mahatma Ayyankali Jayanthi )

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. എം.എൽ.എ.മാര്‍, എം.പി.മാർ തുടങ്ങിയ ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖൻ.

സവർണർ മാത്രം സഞ്ചരിച്ച രാജപാതയിൽ വില്ലുവണ്ടിയിൽ യാത്ര ചെയ്ത അയ്യൻകാളി എന്ന ചെറുപ്പക്കാരൻ കാളകളെ തെളിച്ചത് ചരിത്രത്തിലേക്കായിരുന്നു. 1893ൽ നടത്തിയ വില്ലുവണ്ടിയാത്ര സവർണാധിപത്യത്തിന്റെ കാട്ടുനീതിക്കെതിരെയായിരുന്നു. വെളുത്ത മുണ്ട്, വെളുത്ത അരക്കയ്യൻ ബനിയൻ, വെളുത്ത തലക്കെട്ട് എന്നിങ്ങനെയായിരുന്നു അയ്യൻകാളിയുടെ അന്നത്തെ വേഷം. അന്നുവരെ അരയ്ക്കു മേലോട്ടും മുട്ടിനു കീഴോട്ടും മുണ്ടു നീട്ടിയുടുക്കാൻ അവർണർക്ക് വിലക്കുണ്ടായിരുന്നു.

Read Also: ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ല; മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണൻ

1870 ജൂലൈ 9ന് പൊതുവഴിയിലൂടെ ചക്രത്തിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗക്കാർക്കും അവകാശങ്ങൾ നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ, പ്രമാണിമാരുടെ എതിർപ്പുമൂലം ഈ ഉത്തരവ് നടപ്പിലായിരുന്നില്ല. ഈ ഉത്തരവ് നടപ്പിൽ വരുത്തുന്നതിനു വേണ്ടിയാണ് ഇരട്ടക്കാളകൾ വലിച്ചിരുന്ന അലങ്കരിച്ച വില്ലുവണ്ടിയിൽ തലപ്പാവണിഞ്ഞ് തിരുവനന്തപുരം വെങ്ങാനൂരിൽ നിന്ന് ബാലരാമപുരം ആറാലുംമൂട് വഴി പുത്തൻകടവ് ചന്തയിലേക്ക് അയ്യങ്കാളി യാത്ര ചെയ്തത്. അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു അത്.

കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം അയ്യങ്കാളി നടത്തിയിട്ടുള്ള ചരിത്ര സമരങ്ങളായിരുന്നു. അയ്യങ്കാളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്ക് സമരം നയിച്ചത് അയ്യൻകാളിയാണ്. പലതരം എതിർപ്പുകളും പകവ്യവഹാരങ്ങളും ഒറ്റയ്ക്കു നേരിട്ടാണ് 1904ലാണ് അയ്യൻകാളി തന്റെ ആദ്യ കുടിപ്പള്ളിക്കൂടം വെങ്ങാനൂരിൽ സ്ഥാപിച്ചത്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചത് ചരിത്രമുഹൂർത്തമായി.

അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യൻ അരികുചേർക്കപ്പെടുന്നുവോ അവിടെയൊക്കെ ആ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.

Story Highlights: Mahatma Ayyankali Jayanthi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here