ഏഷ്യാ കപ്പ്: പാകിസ്താന്റെ രണ്ടാം വിക്കറ്റും വീണു; ഫഖർ സമാനെ വീഴ്ത്തിയത് ആവേശ് ഖാൻ

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താന് രണ്ടാം വിക്കറ്റും നഷ്ടമായി. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ഫഖർ സമാനാണ് മടങ്ങിയത്. 6 പന്തുകളിൽ രണ്ട് ബൗണ്ടറിയടക്കം 10 റൺസെടുത്ത സമാനെ ആവേശ് ഖാൻ ദിനേഷ് കാർത്തികിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്യുന്നതിനു മുൻപ് തന്നെ സമാൻ പവലിയനിലേക്ക് നടക്കുകയായിരുന്നു. (asia cup fakhar zaman)
പവർപ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ്. ഓവറിലെ മൂന്ന്, നാല് പന്തുകളിൽ യഥാക്രമം ഒരു സിക്സറും ബൗണ്ടറിയുമടിച്ച മുഹമ്മദ് റിസ്‌വാൻ നാലാം പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് സമാനു കൈമാറി. ഓഫ് സ്റ്റമ്പിൽ വന്ന ഒരു ബൗൺസർ തേർഡ് മാനിലേക്ക് കളിക്കാൻ ശ്രമിച്ച സമാനു പിഴച്ചു. എഡ്ജായ പന്ത് ദിനേഷ് കാർത്തിക് പിടികൂടി. പന്തിന് ബാറ്റിൽ ടച്ചില്ലെന്ന ധാരണയിൽ അപ്പീൽ ചെയ്യാതിരുന്ന ഇന്ത്യൻ താരങ്ങളെ ഞെട്ടിച്ചാണ് സമാൻ പവലിയനിലേക്ക് മടങ്ങിയത്. പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ 43 റൺസാണ് നേടിയത്. ഇഫ്തിക്കാർ അഹ്മദാണ് നിലവിൽ റിസ്‌വാനൊപ്പം ക്രീസിൽ.
Read Also: ഏഷ്യാ കപ്പ്: പാകിസ്താനുള്ള ആദ്യ പ്രഹരം ഭുവനേശ്വർ വക; ബാബർ അസം പുറത്ത്
പാക് നായകൻ ബാബർ അസമാണ് ആദ്യം പുറത്തായത്. 9 പന്തുകളിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസെടുത്ത ബാബറിനെ ഭുവനേശ്വർ കുമാർ അർഷ്ദീപ് സിംഗിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. മനോഹരമായ സ്ട്രൈറ്റ് ഡ്രൈവുകളിൽ നിന്ന് ബൗണ്ടറികൾ കണ്ടെത്തി മികച്ച തുടക്കം ലഭിച്ച ബാബറിനെ ഒരു സർപ്രൈസ് ബൗൺസറിലാണ് ഭുവി മടക്കിഅയച്ചത്. ടോപ് എഡ്ജായ പന്ത് ഷോട്ട് ഫൈൻ ലെഗിൽ അർഷ്ദീപ് പിടികൂടുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനു പകരം ദിനേഷ് കാർത്തിക് കളിക്കും. യുവ പേസർ നസീം ഷാ പാകിസ്താനു വേണ്ടി അരങ്ങേറും.
ഇരു ടീമുകളിലും മികച്ച രണ്ട് താരങ്ങൾ പരുക്കേറ്റ് പുറത്താണ്. ഷഹീൻ ഷാ അഫ്രീദിയില്ലാതെ പാകിസ്താൻ ഇറങ്ങുമ്പോൾ ജസ്പ്രീത് ബുംറ ഇന്ത്യക്കായി കളിക്കില്ല.
കഴിഞ്ഞ ടി-20 ലോകകപ്പിൽ പാകിസ്താനോടേറ്റ പരാജയത്തിനു തിരിച്ചടി നൽകുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പ്രകടനം ആവർത്തിച്ച് ഇന്ത്യയെ കീഴടക്കുക എന്ന ലക്ഷ്യവുമായി പാകിസ്താൻ ഇറങ്ങും.
Story Highlights: asia cup avesh khan wicket fakhar zaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here