കേരള വിമൻസ് ലീഗ്; ഡോൺ ബോസ്‌കോയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്

പോയിന്റ് ടേബിളിൽ ഒന്നാമതായിരുന്ന ഡോൺ ബോസ്‌കോ ഫുട്‌ബോൾ അക്കാദമിയെ അഞ്ച് ഗോളിന് തകർത്ത് രാംകോ കേരള വനിതാ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. നാല് കളിയിൽ മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ ടീം പട്ടികയിൽ ഒന്നാമതെത്തി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന കളിയിൽ അപുർണ നർസാറി ബ്ലാസ്‌റ്റേഴ്‌സിനായി ഹാട്രിക് അടിച്ചു. സുനിത മുണ്ടയും കിരണും മറ്റ് ഗോളുകൾ നേടി. ആദ്യ പകുതിയിലായിരുന്നു അഞ്ച് ഗോളുകളും. (womens league blasters bosco)
കളി തുടങ്ങി അഞ്ചാം മിനിറ്റിൽതന്നെ അപുർണയുടെ മനോഹര ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. ബോക്‌സിന് പുറത്തുനിന്നു തൊടുത്ത വോളി ഡോൺ ബോസ്‌കോ ഗോൾ കീപ്പർക്ക് എത്തിപ്പിടിക്കാൻ പോലുമായില്ല. ആ ഷോട്ട് വല തന്നെ തകർത്തു. ക്യാപ്റ്റൻ പ്രിയങ്കാ ദേവിയാണ് ഈ ഗോളിലേക്ക് അവസരമൊരുക്കിയത്.
Read Also: ഫിഫ വിലക്ക് നീങ്ങി; യുഎഇ പ്രീസീസണിൽ ആദ്യ മത്സരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്
പതിനെട്ടാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോളെണ്ണം രണ്ടാക്കി. ബോക്‌സിന് നേരെ മുന്നിൽനിന്നുള്ള കിരണിന്റെ തകർപ്പൻ ഫ്രീകിക്ക് ഡോൺ ബോസ്‌കോ ഗോൾ കീപ്പറെ മറികടന്ന് കൃത്യമായി വലയിൽ പതിച്ചു. 27ാം മിനിറ്റിൽ മൂന്നാംഗോളുമെത്തി. വലതുഭാഗത്ത് നിന്ന് മാളവിക നൽകിയ പന്ത് പ്രിയങ്ക ഗോൾമുഖത്തേക്ക് പായിച്ചു. അപുർണ അതിനെ വലയിലേക്ക് തട്ടിയിട്ടു. മത്സരത്തിൽ അപുർണയുടെ രണ്ടാംഗോൾ.
ആദ്യപകുതി അവസാനിക്ക് മൂന്ന് മിനിറ്റ് ശേഷിക്കെ മറ്റൊരു ലോങ് റേഞ്ച് ഷോട്ടിലൂടെ അപുർണ ഹാട്രിക് പൂർത്തിയാക്കി. സുനിത മുണ്ടയുമായുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു അപുർണയുടെ ഗോൾ. രണ്ട് മിനിറ്റിനുള്ളിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോളെണ്ണം അഞ്ചാക്കി. ഇക്കുറി സുനിതയാണ് വല കുലുക്കിയത്. കിരൺ നൽകിയ പന്തുമായി ബോക്‌സിൽ കയറിയ സുനിത അനായാസം ലക്ഷ്യം കണ്ടു. 5-0 എന്ന സ്കോറിന് ആദ്യ പകുതി കളി പിരിഞ്ഞു.
രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സിന്റെ നിയന്ത്രണത്തിൽ തന്നെയായിരുന്നു മത്സരം. എന്നാൽ, ഡോൺ ബോസ്‌കോ പ്രതിരോധം കടുപ്പിച്ചതോടെ ആദ്യപകുതിയിലെ പോലെ അനായാസം ബോക്‌സിലേക്ക് കടക്കാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. സെപ്തംബർ രണ്ടിന് കടത്തനാട് രാജ എഫ്എയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കോഴിക്കോടാണ് വേദി.
Story Highlights: kerala womens league blasters won don bosco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here