പ്രീസീസൺ കളറാക്കി ബ്ലാസ്റ്റേഴ്സ്; യുഎഇ ക്ലബിനെതിരെ തകർപ്പൻ ജയം

യുഎഇയിൽ നടക്കുന്ന പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ് അൽ ജസീറ അൽ ഹംറ ക്ലബിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. അഞ്ച് വ്യത്യസ്ത താരങ്ങൾ ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചു. ഫിഫ വിലക്കിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് പ്രീസീസൺ മത്സരങ്ങളും റദ്ദാക്കിയിരുന്നു. എന്നാൽ, വിലക്ക് നീങ്ങിയതിനാൽ ബ്ലാസ്റ്റേഴ്സ് വീണ്ടും പ്രീസീസൺ പോരിലേക്ക് കടക്കുകയായിരുന്നു. (kerala blasters won uae)
രാഹുൽ കെപി, സൗരവ് മൊണ്ഡാൽ, സഹൽ അബ്ദുൽ സമദ്, ദിമിത്രോസ്, ജെസൽ കാർനീറോ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. ആദ്യം രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിനെതിരെ അൽ ജസീറ ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് 2-1 എന്ന സ്കോറിനു മുന്നിലായിരുന്നു.
Read Also: ഫിഫ വിലക്ക് നീങ്ങി; യുഎഇ പ്രീസീസണിൽ ആദ്യ മത്സരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്
ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ പര്യടനം ഒരാഴ്ച കൂടി നീട്ടുമെന്ന് സൂചനയുണ്ട്. പ്രീസീസൺ പര്യടനം പൂർത്തിയാക്കി ഈ മാസം അവസാനം ടീം തിരികെ കൊച്ചിയിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, പ്രീസീസൺ മത്സരങ്ങൾ കളിക്കാനായി ക്ലബ് ഒരാഴ്ച കൂടി യുഎഇയിൽ തന്നെ തുടർന്നേക്കും.
ഈ മാസം 26നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന (എഐഎഫ്എഫ്) വിലക്ക് ഫിഫ പിൻവലിച്ചത്. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയിൽ തന്നെ നടക്കും. ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി പിരിച്ചു വിട്ടുവെന്ന് സ്ഥിരീകരണം ലഭിച്ചതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്ന് ഫിഫ അറിയിച്ചു.
എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡൻ്റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രിം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതായിരുന്നു എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം.
Story Highlights: kerala blasters won uae club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here