സൊനാലി ഫോഗട്ടിന്റെ മരണം; സഹായി നേരത്തെയും വിഷം കലർന്ന ഭക്ഷണം നൽകിയിട്ടുണ്ടെന്ന് കുടുംബം

ഹരിയാന ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിൻ്റെ മരണത്തിൽ പിടിയിലായ സഹായി സുധീർ പാൽ സാംഗ്‌വാനെതിരെ കുടുംബം. സൊനാലിയുടെ സമ്പത്തിൽ ഇയാൾക്ക് നോട്ടമുണ്ടായിരുന്നു എന്നും നേരത്തെയും സൊനാലിക്ക് ഇയാൾ വിഷം കലർന്ന ഭക്ഷണം നൽകിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. (Sonali Phogat spiked food)
23-ാം തിയതി ഗോവ റെസ്‌റ്റോറന്റിൽ വച്ച് സൊനാലി ഫോഗട്ടിന് കുറ്റാരോപിതർ മെത്താംഫീറ്റാമിൻ എന്ന മയക്കുമരുന്ന് നൽകിയതായി ഗോവ പൊലീസ് അറിയിച്ചു. പൊലീസ് കുറ്റവാളികളെന്ന് കണ്ടെത്തിയ സുധീർ സാങ്‌വാൻ, സുഖ്‌വിന്ദർ വാസി എന്നിവർക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മാർട്ടത്തിൽ സൊനാലിയുടെ ശരീരത്തിൽ മൂർച്ചയുള്ള എന്തോകൊണ്ട് മുറിവുകളേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സൊനാലിയുടെ സഹായികളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also: സൊനാലി ഫോഗാട്ടിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത്
മയക്കുമരുന്ന് കലർന്ന പാനീയം പ്രതികൾ സൊനാലിയെ നിർബന്ധിപ്പിച്ച് കുടിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. രണ്ട് തവണയിലേറെ ഇത്തരം പാനീയം സൊനാലി കുടിച്ചിട്ടുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പ്രതികൾ സൊനാലിക്ക് മയക്കുമരുന്ന് നൽകിയതെന്നും പൊലീസ് പറഞ്ഞു. ക്ലബിലെ ബാത്ത്‌റൂമിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സൊനാലി ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്ന് വിശ്വസിക്കാനാകില്ലെന്നും മരണത്തിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്നുമായിരുന്നു നേരത്തെ മുതൽ കുടുംബത്തിന്റെ വാദം. മരണത്തിനു തൊട്ടു മുൻപുള്ള ദിവസം വൈകുന്നേരം സഹോദരിയെ സൊനാലി ഫോണിൽ വിളിച്ചിരുന്നു. ‘എനിക്കൊരു കാര്യം പറയാനുണ്ട്. ഇവിടെ സംശയാസ്പദമായ ഒരു കാര്യം നടക്കുന്നുണ്ട്. ഞാൻ വാട്സപ്പിൽ പറയാം’- ഇത്രയും പറഞ്ഞ് ഫോൺ വച്ച സൊനാലി പിന്നീട് വിളിച്ചിട്ടില്ല.
ഗോവയിൽ ഒരു സംഘം ആളുകളോടൊപ്പം പോയതായിരുന്നു 42 കാരിയായ സൊനാലി ഫോഗട്ട്. എന്നാൽ ഇടയ്ക്ക് വച്ച് ഹൃദയാഘാതം സംഭവിച്ചുവെന്നും ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. പക്ഷേ ഈ മൊഴി വിശ്വാസത്തിലെടുക്കാനാവുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.
2006 മുതൽ ടെലിവിഷൻ അവതാരകയായിരുന്ന സൊനാലി 2016 ൽ ടി.വി ഷോയും 2019 ൽ വെബ് സീരീസും ചെയ്തിട്ടുണ്ട്. 2008 മുതൽ ബിജെപിയിൽ അംഗമാണ്.
Story Highlights: Sonali Phogat aide spiked food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here