നിരത്ത് വിഭാഗത്തിൽ പൂർത്തീകരിച്ചത് 2175 കോടി രൂപയുടെ 330 പദ്ധതികൾ: മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് നിരത്ത് വിഭാഗത്തിൽ 2175 കോടി രൂപയുടെ 330 പദ്ധതികൾ പൂർത്തീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതുകൂടാതെ 2752 കോടി രൂപയുടെ 767 പദ്ധതികൾ പുരോഗമിക്കുകയാണ്. പശ്ചാത്തല സൗകര്യം വർധിക്കുമ്പോൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ഉണ്ടാവുന്നതെന്നും, ഇതുറപ്പുവരുത്താൻ തുടർന്നും ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.
വരുന്ന 4 വർഷത്തിനുള്ളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 50% റോഡുകളെങ്കിലും ബിഎം ആൻഡ് ബിസി നിലവാരത്തിൽ പണി കഴിപ്പിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. പ്ലാംപഴിഞ്ഞി പാലത്തിന്റെയും ഉദിയൻകുളങ്ങര -മലയിൽകട -വടകര- മാരായമുട്ടം- അരുവിപ്പുറം- അയിരൂർ റിങ് റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റശേഖരമംഗലം, ആര്യൻകോട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാംപഴിഞ്ഞി കടകംമണ്ണടി പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിന് 2019-20 വർഷത്തെ പൊതുമരാമത്ത് വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6.2 കോടി രൂപയാണ് ചെലവഴിച്ചത്. ഇതോടൊപ്പം ഇവിടുത്തെ യാത്രാക്ലേശം കുറയ്ക്കുന്നതിനായി കാട്ടാക്കട – വെള്ളറട – പ്ലാംപഴിഞ്ഞി – കടകംമണ്ണടി റൂട്ടിലേക്കുള്ള കെ.എസ്.ആർ.റ്റി.സി ബസ് സർവീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കൊല്ലയിൽ, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണ് ഉദിയൻകുളങ്ങര- മലയിൽകട-വടകര-മാരായമുട്ടം-അരുവിപ്പുറം -അയിരൂർ റിംഗ് റോഡ്. 2018-19 വർഷത്തെ സെൻട്രൽ റോഡ് ഫണ്ട് പ്രോജക്റ്റിൽ ഉൾപ്പെടുത്തി 10.5 കോടി ചെലവഴിച്ചാണ് റോഡ് ബിഎം.ബിസി നിലവാരത്തിൽ നവീകരിച്ചത്.
Story Highlights: 330 projects worth Rs 2175 crore have been completed; PA Muhammad Riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here