ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. രാജ്യാന്തര ടി20 മത്സരത്തിൽ ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. പാകിസ്താനെതിരെ വിജയം നേടിയ ടീമിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തൽ രാത്രി 7.30 നാണ് മത്സരം.
ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്താനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്നത്തെ കളി വിജയിച്ച്, ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ നിറം മങ്ങിയ മുൻ നിര താരങ്ങൾക്ക് ഫോം കണ്ടെത്താൻ ഈ മത്സരം സഹായകമാണ്.
ദുർബലരെങ്കിലും ഹോങ്കോംഗിനെ എഴുതിത്തള്ളാൻ കഴിയില്ല. 2018ലെ ഏഷ്യാ കപ്പിൽ ഇന്ത്യയെ വിറപ്പിച്ചവരാണ് അവർ. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെ 127 റൺസിന്റെയും അമ്പാട്ടി റായിഡുവിന്റെ 60 റൺസിന്റെയും ബലത്തിൽ, 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു. 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോംഗിന്റെ തുടക്കം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
അന്നത്തെ ക്യാപ്റ്റൻ അൻഷുമാൻ റാത്തും നിലവിലെ ക്യാപ്റ്റൻ നിസാക്കത്ത് ഖാനും ഹോങ്കോംഗിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. റാത്ത് 73 റൺസും ഖാൻ 92 റൺസിന്റെ ഇന്നിംഗ്‌സും കളിച്ച് ഒന്നാം വിക്കറ്റിൽ 174 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മത്സരം ഇന്ത്യയുടെ കൈയിൽ നിന്ന് വഴുതിപ്പോവുന്നതായി തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്.
തോൽവി ഭയന്ന ഇന്ത്യയെ തിരിച്ചു കൊണ്ടുവന്നത് കുൽദീപ് യാദവാണ്. കുൽദീപ് റാത്തിനെ പവലിയനിലേക്ക് അയച്ചു. പിന്നീട് വന്ന ഖലീൽ അഹമ്മദ് നിസാക്കത്തിനെയും കുൽദീപ് പുറത്താക്കി. അധികം വൈകാതെ 25 റൺസിനിടെ നാല് വിക്കറ്റുകൾ വീണു. ഒടുവിൽ ഹോങ്കോംഗിൻ്റെ പോരാട്ടം 8 വിക്കറ്റിന് 256 റൺസിൽ അവസാനിച്ചു.
നേരത്തെ 2008 ഏഷ്യാ കപ്പിൽ ഇന്ത്യ ഹോങ്കോംഗിനെതിരെ 256 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുന്നത്. ഈ ഗ്രൗണ്ടിൽ ടോസിന്റെ പങ്ക് പ്രധാനമാണ്. കഴിഞ്ഞ 16 അന്താരാഷ്ട്ര മത്സരങ്ങളിൽ 15 തവണയും ചേസ് ചെയ്ത ടീമാണ് വിജയിച്ചത്.
Story Highlights: India vs Hong Kong Asia Cup 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here