Advertisement

രാഷ്ട്രീയ സംഘർഷം; രാജി ഭീഷണി മുഴക്കി ഇറാഖ് പ്രധാനമന്ത്രി

August 31, 2022
2 minutes Read

രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജി ഭീഷണി മുഴക്കി ഇറാഖ് പ്രധാനമന്ത്രി. രാഷ്ട്രീയ സംഘർഷം പരിഹരിച്ചില്ലെങ്കിൽ തന്റെ സ്ഥാനം ഒഴിയുമെന്ന് മുസ്തഫ അൽ ഖാദിമി പറഞ്ഞു. ബാഗ്ദാദിലെ ഗ്രീൻ സോണിൽ നടന്ന അക്രമത്തിൽ 30 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് അൽ ഖാദിമിയുടെ പ്രതികരണം.

“അരാജകത്വത്തിന്റെയും സംഘർഷത്തിന്റെയും കലഹത്തിന്റെയും വിത്ത് വിതയ്ക്കുന്നത് തുടരുകയും, യുക്തിയുടെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്കെതിരെ ഞാൻ മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾ ഈ പാതയിൽ തുടരുകയാണെങ്കിൽ, ഭരണഘടനയുടെ 81-ാം അനുച്ഛേദം അനുസരിച്ച് എന്റെ സ്ഥാനം ഞാൻ ഒഴിയും.” – മുസ്തഫ അൽ ഖാദിമി പറഞ്ഞു.

“ഞാനൊരിക്കലും ഒരു പ്രശ്‌നത്തിൽ പങ്കാളിയോ ഭാഗമോ ആയിരുന്നിട്ടില്ല. ഇറാഖ് രാഷ്ട്രത്തെ ദുർബ്ബലമാക്കാൻ വിവിധ വശത്ത് നിന്നും ഉണ്ടായ എല്ലാത്തരം അധിക്ഷേപങ്ങളും തടസ്സങ്ങളും യുദ്ധവും ഞാൻ ക്ഷമയോടെ സഹിച്ചു. പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കുകയും, രക്തം ചിന്തുകയും ചെയ്തവരുടെ കൈകളിൽ ആയുധം നൽകിയവരെ കണ്ടെത്താൻ ഒരു അന്വേഷണ കമ്മിറ്റി രൂപീകരിക്കും” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച പ്രതിഷേധക്കാർ സർക്കാർ ആസ്ഥാനത്ത് അതിക്രമിച്ച് കയറിയതിനെത്തുടർന്ന് അൽ-ഖാദിമി മന്ത്രിസഭാ സമ്മേളനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരുന്നു. ഇറാന്‍ അനുകൂല നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിൽ ഇതിന് മുമ്പും രാജ്യത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ പൊതു തെരഞ്ഞെടുപ്പില്‍ ഷിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ രാഷ്ട്രീയ സഖ്യമാണ് ഭൂരിപക്ഷം സീറ്റുകളില്‍ വിജയിച്ചത്. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് അധികാരമേല്‍ക്കാനായില്ല. ഇതേത്തുടര്‍ന്ന് ഒമ്പത് മാസമായി തുടരുന്ന അനിശ്ചിതത്വമാണ് പ്രതിഷേധങ്ങൾ വഴിവെച്ചത്. ഇറാന്‍ അനുകൂലിയായ നേതാവ് മുഹമ്മദ് അല്‍ സുദാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഷിയാ നേതാക്കള്‍.

Story Highlights: Iraqi PM threatens to quit if complications persist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top