മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ പിടിവീഴും; ആധുനിക പരിശോധന സംവിധാനവുമായി പൊലീസ്

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചുള്ള റോഡപകടങ്ങൾ തടയാൻ നടപടിയുമായി സംസ്ഥാന പൊലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ‘ആൽക്കോ സ്‌കാൻ ബസ് സംവിധാനം ഉപയോഗിച്ച് ശാസ്ത്രീയ പരിശോധന നടത്തി നിയമ നടപടികൾ സ്വീകരിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന.
ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബ് കേരള പൊലീസിന് കൈമാറി. ബസിന്റെ ഫ്‌ളാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പൊലീസിന്റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്.
മാർച്ച് 31ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പൊതുനിരത്തുകളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസുകൾ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും. മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാൽ പരിശോധിച്ച് കണ്ടെത്താൻ സംവിധാനമുള്ളത് പോലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവർമാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള പരിശോധന സംവിധാനങ്ങൾ ലഭ്യമായിരുന്നില്ലെന്ന് ചടങ്ങിൽ സംസാരിച്ച വിജിലൻസ് ഡയറക്ടർ എ.ഡി.ജി.പി മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.
Story Highlights: Kerala Police gets ‘Alco Scan Van’ to test drunk drivers on the spot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here