ഭക്ഷണം ഉണ്ടാക്കിയില്ല, കന്നുകാലികൾക്ക് തീറ്റ നൽകിയില്ല; 12 കാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ തള്ളി; മാതാപിതാക്കൾ അറസ്റ്റിൽ

കൃത്യസമയത്ത് ഭക്ഷണം പാകം ചെയ്യാത്തതിനും, കന്നുകാലികൾക്ക് തീറ്റ നൽകാത്തതിൻ്റെയും പേരിൽ 12 കാരി മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. അച്ഛൻ മകളെ വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭാര്യയുടെ സഹായത്തോടെ മകളുടെ മൃതദേഹം അടുത്തുള്ള വനത്തിൽ തള്ളി. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം.
ഈ വർഷം ജൂണിലാണ് കൊലപാതകം നടന്നത്. ജൂൺ 28 ന് ഖല ദാരിമ ഗ്രാമത്തിലെ താമസക്കാരനായ വിശ്വനാഥ് എക്ക വീട്ടിലെത്തിയപ്പോൾ മകൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും കാളകൾക്ക് കാലിത്തീറ്റ നൽകിയില്ലെന്നും മനസിലാക്കി. കുപിതനായ പിതാവ് മകളെ വടികൊണ്ട് അടിച്ചു. പെൺകുട്ടി നിലത്ത് വീഴുകയും തല ഒരു കല്ലിൽ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
സംഭവ സമയത്ത് ഇരയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. പിന്നീട് വിശ്വനാഥ് എക്കയും ഭാര്യയും ചേർന്ന് മൃതദേഹം സമീപത്തെ കാട്ടിൽ തള്ളുകയായിരുന്നു. ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മകളെ കാണാനില്ലെന്ന് ദമ്പതികൾ പരാതിയും നൽകി. ഓഗസ്റ്റ് 26 ന് പെൺകുട്ടിയുടെ പിതാവ് തന്നെ പൊലീസിനെ സമീപിക്കുകയും, മകളുടെ അഴുകിയ മൃതദേഹം തുലാം വനത്തിൽ കിടക്കുന്നുണ്ടെന്നും, വസ്ത്രങ്ങളും ചെരിപ്പുകളും ഉപയോഗിച്ച് അവളെ തിരിച്ചറിഞ്ഞതായും പറഞ്ഞു.
എന്നാൽ ചോദ്യം ചെയ്യലിൽ വിശ്വനാഥ് എക്കയുടെയും ഭാര്യയുടെയും പറഞ്ഞത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് കുറ്റം ചെയ്തതെന്ന് പ്രതികൾ മൊഴി നൽകി. ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Story Highlights: Parents Killed Their 12-Year-Old Daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here