കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട്; സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എന്നാൽ കെട്ടിടാനുമതിക്കുപയോഗിക്കുന്ന ആപ്ലിക്കേഷനിലെ പിഴവ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല.
കോഴിക്കോട് കോർപ്പറേഷന്റെ ബേപ്പൂർ സോണൽ ഓഫിസ് സൂപ്രണ്ട് കെ.കെ.സുരേഷ്, റവന്യൂ സൂപ്രണ്ട് കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്പെക്ടർ മുസ്തഫ, എലത്തൂർ സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ പ്രീത എന്നിവരെയാണ് സസ്പെൻഷൻ പിൻവലിച്ച് സ്ഥലം മാറ്റി നിയമിച്ചത്. കെട്ടിടാനുമതിക്ക് തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന സഞ്ജയ ആപ്ലിക്കേഷനിലെ പിഴവുപയോഗിച്ചായിരുന്നു ക്രമക്കേട് നടത്തിയത്.
എന്നാൽ സഞ്ജയയിലെ പിഴവ് ആദ്യം കണ്ടെത്തി കോർപ്പറേഷൻ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയ റവന്യൂ ഇൻസ്പെക്ടർ ശ്രീനിവാസന്റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. ആപ്ലിക്കേഷനിൽ പിഴവുണ്ടെന്ന് ശ്രീനിവാസൻ കഴിഞ്ഞവർഷമവസാനം തന്നെ കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ഡിജിറ്റൽ സിഗ്‌നേച്ചർ തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു സസ്പെൻഷൻ.
ഓഫിസ് സമയം കഴിഞ്ഞും തന്റെ വിവരങ്ങൾ ഉപയോഗിച്ച് കൃത്രിമം നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ശ്രീനിവാസൻ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ലാപ് ടോപ് വിവരങ്ങൾ, ഡിജിറ്റൽ സിഗ്നേചർ നൽകിയതിന്റെ വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാലാണ് സസ്പെൻഷൻ പിൻവലിക്കാത്തതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. നാലുദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഇവർക്കെതിരെയുളള അന്വേഷണം തുടരുമെന്നും ഉത്തരവിലുണ്ട്. തുടക്കത്തിൽ ഫറോക് അസി. കമ്മീഷണർ അന്വേഷിച്ച കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. കോർപ്പറേഷനിലെ രണ്ട് ജീവനക്കാർ ഉൾപ്പടെ ഏഴ്പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
Story Highlights: Building permit irregularity in Kozhikode Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here