Advertisement

‘പുതുതലമുറയിൽ ലിവിങ് ടുഗതർ വർധിക്കുന്നു; ജീവിതാസ്വാദനത്തിന് തടസമായി വിവാഹ ബന്ധത്തെ കാണുന്നു’ : ഹൈക്കോടതി

September 1, 2022
2 minutes Read
living together relationship increase among youngsters

ജീവിതാസ്വാദനത്തിന് തടസമായി പുതുതലമുറ വിവാഹ ബന്ധത്തെ കാണുന്നുവെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ സ്വദേശിയായ യുവാവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത് സംബന്ധിച്ച പരാമർശം നടത്തിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ. ( living together relationship increase among youngsters says hc )

‘പുതുതലമുറയിൽ ലിവിങ് ടുഗതർ ബന്ധങ്ങൾ വർധിച്ചു വരുന്നു. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു’- ഹൈക്കോടതി പരാമർശം ഇങ്ങനെ. യുവാവിന്റെ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

2009 ലാണ് ആലപ്പുഴ സ്വദേശിയായ യുവാവ് ആലപ്പുഴ സ്വദേശിനി തന്നെയായ യുവതിയുമായി വിവാഹം കഴിക്കുന്നത്. ഇരുവരും സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇരുവർക്കും മൂന്ന് പെൺകുട്ടികളുമുണ്ട്. ആദ്യ വർഷങ്ങൾ വിവാഹ ബന്ധം സുഖമമായിരുന്നുവെന്നും എന്നാൽ പിന്നീട് പല പൊട്ടിത്തെറികളുമുണ്ടായതായും പരാതിക്കാരൻ ആലപ്പുഴ കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ തന്നെ മർദിച്ചിരുന്നുവെന്നും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും യുവതി തന്റെ കടമകൾ നിർവഹിക്കുന്നില്ലെന്നും യുവാവ് വിവാഹമോചന ഹർജിയിൽ ചൂണ്ടിക്കാട്ടി. യുവാവ വാങ്ങിയ വസ്തുവകകൾ തന്റെ പേരിലേക്ക് മാറ്റിയെഴുതാൻ യുവതി സമ്മർദം ചെലുത്തിയതായും യുവാവ് ആരോപിച്ചു.

എന്നാൽ വിവാഹ മോചനത്തെ ഭാര്യ എതിർത്തു. ഭർത്താവ് തന്നിൽ നിന്നും കുട്ടികളിൽ നിന്നും അകലം പാലിക്കുകയാണെന്നും താനൊരിക്കലും ഭർത്താവിനെ മർദിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഭർത്താവിന് സാമ്പത്തിക അച്ചടക്കമില്ലെന്നും താൻ സ്വയം വാങ്ങിയ വീടാണ് അതെന്നും യുവതി വ്യക്തമാക്കി. തനിക്ക് ഭർത്താവിനേയും തന്റെ കുട്ടികൾക്ക് അച്ഛനേയും വേണമെന്ന് യുവതി കോടതിയിൽ അഭ്യർത്ഥിച്ചു. യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവാവിന്റെ അമ്മ തന്നെ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.

ഭാര്യ മർദിക്കുന്നതായി വാദി ഭാഗത്തിന് തെളിയിക്കാൻ കഴിയാതിരുന്നതുകൊണ്ട് തന്നെ ആലപ്പുഴ കുടുംബ കോടതി യുവാവിന്റെ ഹർജി തള്ളി. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

Story Highlights: living together relationship increase among youngsters says hc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top