മിനറൽ വാട്ടർ കുപ്പികൾക്കുള്ളിൽ ചാരായം; കൊല്ലം എഴുകോണിൽ കാടുപിടിച്ചു കിടന്ന പ്രദേശത്ത് കണ്ടെത്തിയത് വൻവാറ്റുകേന്ദ്രം

ആൾപ്പാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന പ്രദേശത്ത് വൻ വാറ്റുകേന്ദ്രം കണ്ടെത്തി. കൊല്ലം എഴുകോൺ വൈദ്യർ മുക്കിനു സമീപത്താണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും കന്നാസുകളിലും കുപ്പികളിലും പാത്രങ്ങളിലുമായി ശേഖരിച്ച് വച്ചിരുന്ന 40 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും എക്സൈസ് സംഘം പിടികൂടി. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എ സഹദുള്ളയുടെ നേത്രത്വത്തിൽ എഴുകോൺ പവിത്രേശ്വരം ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. ( 40 liters of alcoholic drink seized in Kollam ).
ഓണ വിപണി ലക്ഷ്യമിട്ട് വ്യാജ ചാരായം നിർമ്മിച്ചു വിൽപന്ന നടത്തുന്നത് തടയാൻ എക്‌സൈസ് ഷാഡോ സംഘത്തെ നിയോഗിച്ചിരുന്നു. കന്നാസുകൾക്കു പുറമെ 20 മിനറൽ വാട്ടർ കുപ്പികളിലും ചാരായം സൂക്ഷിച്ചിരുന്നു. മിനറൽ വാട്ടർ മൊത്തത്തിൽ വാങ്ങി ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം ചാരായം നിറച്ചു മിനറൽ വാട്ടർ പായ്ക്കുകളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ശേഖരിച്ചു വച്ചിരുന്നത്. ഇത്തരം രീതിയിൽ സൂക്ഷിക്കുന്നത് ചാരായം കടത്തിക്കൊണ്ട് പോകുന്നതിനും മിനറൽ വാട്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചു പരിശോധനയിൽ നിന്നും രക്ഷപെടാനുമാണ്.
Read Also: വീട്ടിൽ ചാരായം വാറ്റി വിൽപ്പന; വാവയെന്ന ഇരട്ടപ്പേരിലറിയപ്പെടുന്നയാൾ പിടിയിൽ
ഇതിന് പിന്നിലുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓണാഘോഷ വേളയിലെ അനധികൃത ലഹരി വിപണനം തടയുന്നത് ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പ് ശക്തമായ പരിശോധനയാണ് നടത്തുന്നത്.
Story Highlights: 40 liters of alcoholic drink seized in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here