എഐഎഫ്എഫ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ബൈചുങ് ബൂട്ടിയ [24 Exclusive]

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് മുൻ ഇന്ത്യൻ നായകൻ ബൈചുങ് ബൂട്ടിയ 24നോട് പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിനെ ശക്തിപ്പെടുത്തുന്നതിനാണ് തൻ്റെ ശ്രമം. അതിനായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. (bhaichung bhutia 24 exclusive)
ഫുട്ബോൾ തനിക്ക് നൽകിയത് തിരിച്ചുനൽകാനാണ് ശ്രമമെന്ന് ബൂട്ടിയ പറഞ്ഞു. എല്ലാ സംസ്ഥാന അസോസിയേഷനുകളുമായും സംസാരിച്ചു. എല്ലാവരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചു. സംസ്ഥാന അസോസിയേഷനുകൾക്ക് വേണ്ട സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകാമെന്ന് താൻ അറിയിച്ചു എന്നും ബൂട്ടിയ പറഞ്ഞു.
നേരത്തെ തന്നെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബൂട്ടിയ തീരുമാനിച്ചിരുന്നു. ഇതിനായി അദ്ദേഹം നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു. പിന്നീടാണ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് നീട്ടിവച്ചത്.
Read Also: എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ബൈചുങ് ബൂട്ടിയ
ഇലക്ട്രൽ കോളജിൽ മാറ്റം വരുത്തിയതോടെ ബൂട്ടിയ മത്സരിക്കില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. ഇതിനിടെ കല്യൺ ചൗബെ പ്രസിഡന്റായി ഏകപക്ഷീയ പാനൽ അവതരിപ്പിക്കാൻ സംസ്ഥാന അസോസിയേഷനുകൾ പദ്ധതിയിട്ടതിനു പിന്നാലെ ബൂട്ടിയ വീണ്ടും മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ആന്ധ്രാ ഫുട്ബോൾ അസോസിയേഷനാണ് ബൂട്ടിയയെ നിർദ്ദേശിച്ചത്. രാജസ്ഥാൻ ഫുട്ബോൾ അസോസിയേഷൻ ഇദ്ദേഹത്തെ പിന്താങ്ങിയിട്ടുണ്ട്.
എക്‌സിക്യൂട്ടീവ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആയിരുന്നു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു.
ഈ മാസം 26നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന (എഐഎഫ്എഫ്) വിലക്ക് ഫിഫ പിൻവലിച്ചത്. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയിൽ തന്നെ നടക്കും. ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി പിരിച്ചു വിട്ടുവെന്ന് സ്ഥിരീകരണം ലഭിച്ചതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്ന് ഫിഫ അറിയിച്ചു.
എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡൻ്റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രിം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതായിരുന്നു എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം.
Story Highlights: bhaichung bhutia 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here