ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൽ ധോണിയല്ലാതെ ആരും പിന്തുണച്ചില്ലെന്ന കോലിയുടെ പരാമർശം; പറയുന്നത് സത്യമല്ലെന്ന് ബിസിസിഐ

ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞപ്പോൾ എംഎസ് ധോണിയല്ലാതെ മറ്റാരും പിന്തുണച്ചില്ലെന്ന വിരാട് കോലിയുടെ പരാമർശം സത്യമല്ലെന്ന് ബിസിസിഐ. കോലിക്ക് എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു എന്നും എന്താണ് അദ്ദേഹം പറയുന്നത് എന്നതിൽ വ്യക്തതയില്ലെന്നും ഒരു മുതിർന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇൻസൈഡ്സ്പോർട്ട് റിപ്പോർട്ട് ചെയ്തു. (bcci virat kohli captaincy)
“കോലിക്ക് എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു. ബിസിസിഐയിൽ നിന്നും ടീം അംഗങ്ങളിൽ നിന്നും അദ്ദേഹത്തിനു പിന്തുണ ലഭിച്ചു. അപ്പോൾ, പിന്തുണ ലഭിച്ചില്ലെന്ന് പറയുന്നത് സത്യമല്ല. അദ്ദേഹത്തിന് വേണ്ട വിശ്രമം നൽകിയിട്ടുണ്ട്. ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിൽ ബിസിസിഐ അദ്ദേഹത്തിന് ആശംസയർപ്പിച്ചു.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി ഇൻസൈഡ്സ്പോർട്ട് റിപ്പോർട്ട് ചെയ്തു.
Read Also: ‘ബാബർ നല്ല വ്യക്തി, പാക് താരങ്ങൾ സൗഹാർദപരമായി ഇടപഴകുന്നു’; പ്രശംസിച്ച് വിരാട് കോലി
അതേസമയം, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടതോടെ ഏഷ്യാ കപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ കടമ്പ. സൂപ്പർ ഫോറിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാലേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാനാവൂ. അതേസമയം, ശ്രീലങ്ക പാകിസ്താൻ മത്സര ഫലവും ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമാവും.
ഇനി അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഇന്ത്യയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ഉയർന്ന മാർജിനിൽ ജയിക്കണം. ഇതോടെ അഫ്ഗാനിസ്ഥാൻ പുറത്താവും. സൂപ്പർ ഫോറിൽ അഫ്ഗാൻ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ശ്രീലങ്ക-പാകിസ്താൻ മത്സരത്തിൽ ശ്രീലങ്ക വിജയിച്ചാൽ ഇന്ത്യയുടെ നില പരുങ്ങലിലാവും. അങ്ങനെയെങ്കിൽ നെറ്റ് റൺ റേറ്റ് നിർണായകമാവും. എന്നാൽ, പാകിസ്താൻ ശ്രീലങ്കയെ തോല്പിച്ചാൽ ഇന്ത്യ ഫൈനൽ കളിക്കും.
സൂപ്പർ ഫോർ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു. 51 പന്തിൽ 71 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന് ജയം സമ്മാനിച്ചത്. മുഹമ്മദ് നവാസ് 20 പന്തിൽ 42 റൺസ് നേടി. ഖുശ്ദിൽ ഷാ 11 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു, ഇഫ്തിഖർ അഹമ്മദ് രണ്ട് റൺസെടുത്തു.
Story Highlights: bcci virat kohli captaincy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here