Advertisement

632 കോടി രൂപ വില; ഹൈദരാബാദ് നൈസാം എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ച നെക്‌ലേസ്‌

September 9, 2022
Google News 2 minutes Read

എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ചു ദിവസമായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു എലിസബത്ത്. ബ്രിട്ടന്‍ കണ്ണീരോടെ അവര്‍ക്ക് വിടനല്‍കാന്‍ ഒരുങ്ങുമ്പോള്‍ ബ്രിട്ടനെ കൂടാതെ 14 കോമണ്‍വല്‍ത്ത് രാജ്യങ്ങള്‍ക്കും അവരുടെ രാജ്ഞിയെ നഷ്ടമായി. സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി ശ്രദ്ധേയയായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണ ശേഖരണം തന്നെ രാജ്ഞിക്കുണ്ടായിരുന്നു. അതിൽ ഹൈദരാബാദ് നൈസാം സമ്മാനിച്ച നെക്‌ലേസും ഉൾപ്പെട്ടിരുന്നു.

1947ല്‍ രാജ്ഞിയുടെ വിവാഹത്തിന് ഹൈദരാബാദ് നൈസാം സമ്മാനമായി നല്‍കിയതാണ് ഈ നെക്‌ലേസ്‌. അക്കാലത്ത് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന ഹൈദരാബാദിന്റെ ഭരണാധികാരി അസഫ് ജാ ഏഴാമനാണ് വിലയേറിയ നെക്‌ലേസ്‌ രാജ്ഞിക്ക് സമ്മാനമായി നല്‍കിയത്. ലോകത്തിലെ ഏറ്റവും ധനികനായ ഒരാളായിരുന്നു അസഫ് ജാ.വിവാഹസമ്മാനം രാജ്ഞി നേരിട്ടു തിരഞ്ഞെടുക്കണമെന്ന് ആഭരണ നിര്‍മ്മാതാക്കളായ കാര്‍ട്ടിയറിന് നിസാം അന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു

300 രത്നങ്ങള്‍ പതിച്ച ഈ പ്ലാറ്റിനം നെക്‌ലേസ് ആണ് അന്ന് രാജ്ഞി സമ്മാനമായി തെരെഞ്ഞെടുത്തത്. തന്‍റെ രാജവാഴ്ചയില്‍ നിരവധി തവണ പല സന്ദര്‍ഭങ്ങളിലായി രാജ്ഞി ഈ നെക്‌ലേസ് അണിഞ്ഞിട്ടുണ്ട്. കിരീടധാരണത്തിന് ദിവസങ്ങള്‍ക്കു ശേഷം ഡൊറോത്തി വൈല്‍ഡിങ് പകര്‍ത്തിയ രാജ്ഞിയുടെ ഔദ്യോഗിക ചിത്രത്തിലും ഈ നെക്ലേസ് ധരിച്ച രാജ്ഞിയെ കാണാം. ഈ ഫോട്ടോയാണ് പിന്നീട് ബ്രിട്ടീഷ് സ്റ്റാംപിലും ലോകമെങ്ങുമുള്ള എംബസികളിലും റെജിമെന്‍റുകളിലും രാജ്ഞിയുടെ ഔദ്യോഗിക ചിത്രമായി ഉപയോഗിച്ചത്.

66 മില്യണ്‍ പൗണ്ട് അതായത് ഏകദേശം 632 കോടി രൂപയാണ് ഇതിന്റെ വില. പ്രശസ്തമായ ഹൈദരാബാദ് ടിയാരയും അദ്ദേഹം രാജ്ഞിക്ക് സമ്മാനിച്ചിട്ടുണ്ട്. വജ്രങ്ങൾ കൊണ്ട് നിർമ്മിച്ചതും പ്ലാറ്റിനത്തിൽ സ്ഥാപിച്ചതുമായ ടിയാര ഇംഗ്ലീഷ് റോസാപൂവിന്റെ മാതൃകയിലാണ് നിർമ്മിച്ചത്.

Story Highlights: Queen Elizabeth II got a necklace with 300 diamonds from Nizam of Hyderabad as a wedding gift

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here