‘ഇന്നത്തെ ഐഎം വിജയനിലേക്ക് എന്നെ എത്തിച്ചയാൾ’; ചിത്രം പങ്കുവച്ച് ഇതിഹാസ താരം

തന്നെ ഫുട്ബോളിലേക്ക് കൈപിടിച്ചുനടത്തിയ ആളുടെ ചിത്രം പങ്കുവച്ച് ഇന്ത്യയുടെ മുൻ ഇതിഹാസ താരം ഐഎം വിജയൻ. ജോസ് പറമ്പൻ എന്നയാളെയാണ് ഐഎം വിജയൻ പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ ഗുരുവെന്നോ വഴികാട്ടിയെന്നോ സ്വന്തം മകനെപ്പോലെ എന്നെ സ്നേഹിച്ച ആളെന്നോ ഒക്കെ വിളിക്കാം എന്ന് വിജയൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിയ്ക്കുന്നു. (im vijayan facebook post)
ഐഎം വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
വർഷങ്ങളായി ഞാൻ തേടിനടന്ന ചിത്രം. ഇന്നത് തികച്ചും യാദൃച്ഛികമായി കയ്യിൽ വന്നുപെട്ടപ്പോൾ, അറിയാതെ കണ്ണുകൾ നിറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലത്തിന്റെ ഓർമ്മകൾ മുഴുവൻ മനസ്സിൽ ഒഴുകിയെത്തി. ഈ ചിത്രം എന്റെ കയ്യിൽ എത്തിച്ച ദൈവത്തിന് എങ്ങനെ നന്ദി പറയാതിരിക്കും?
ഇത് ജോസ് പറമ്പൻ. നിങ്ങളറിയുന്ന ഇന്നത്തെ ഐ എം വിജയൻ എന്ന വ്യക്തിയിലേക്ക്, കളിക്കാരനിലേക്ക്, ഞാൻ യാത്ര തുടങ്ങിയത് ഈ വലിയ മനുഷ്യന്റെ കൈപിടിച്ചാണ്. കോലോത്തുംപാടത്ത് തുണിപ്പന്ത് കെട്ടി കളിച്ചു നടന്ന ഒരു കുട്ടിയിൽ എന്തോ ഒരു പ്രത്യേകത കണ്ടിരിക്കണം അദ്ദേഹം. സ്പോർട്സ് കൗൺസിലിന്റെ ത്രിവത്സര ക്യാമ്പിലേക്ക് എന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയത് അതുകൊണ്ടാവുമല്ലോ.
ഒന്നുമല്ലാതിരുന്ന ഒരു കുട്ടിയെ അറിയപ്പെടുന്ന പന്തുകളിക്കാരനാക്കാൻ എന്ത് ത്യാഗത്തിനും സന്നദ്ധനായിരുന്നു പറമ്പൻ സാർ. തൃശൂരിനപ്പുറം ഒരു ലോകമില്ലായിരുന്ന അവനെ നെഹ്‌റു കപ്പ് കാണിക്കാൻ ബസ്സിൽ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമായിരുന്നു. ആരുമല്ലാത്ത ഒരു കുട്ടിക്ക് വേണ്ടി, എല്ലാ ജീവിതത്തിരക്കുകളും മാറ്റിവെച്ചുള്ള ആ യാത്ര. അങ്ങനെ എത്രയെത്ര ഓർമ്മകൾ.
ആരായിരുന്നു എനിക്ക് ജോസ് പറമ്പൻ? ഗുരുവെന്നോ വഴികാട്ടിയെന്നോ സ്വന്തം മകനെപ്പോലെ എന്നെ സ്നേഹിച്ച ആളെന്നോ ഒക്കെ വിളിക്കാം. ഒരു ഫുട്ബാളർ എന്ന നിലയിലുള്ള എന്റെ എല്ലാ വളർച്ചക്കും അടിത്തറയിട്ടത് അദ്ദേഹമാണ്. ആ അടിത്തറയിൽ നിന്ന് തുടങ്ങുന്നു എന്റെ ഫുട്ബാൾ ജീവിതം.
ഇന്ന് പറമ്പൻ സാർ നമുക്കൊപ്പമില്ല. എങ്കിലും, അദ്ദേഹത്തെ കുറിച്ചോർക്കാത്ത, അദ്ദേഹത്തെ മനസ്സ് കൊണ്ട് നമിക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തിൽ. ഈ ചിത്രം എന്നെ വീണ്ടും ആ ഓർമ്മകളിലേക്ക് തിരികെ നടത്തുന്നു. ഒരിക്കലുമൊരിക്കലും മായാത്ത, മരിക്കാത്ത ആ ഓർമ്മകൾ ഇതാ ഈ നിമിഷവും എന്റെ കണ്ണുകൾ ഈറനാക്കുന്നു…
പ്രണാമം, ജോസ് പറമ്പൻ സാർ…
Story Highlights: IM Vijayan facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here