കത്തിച്ച് പിടിച്ച ചുരുട്ടുമായി ഐ.എഫ്.എഫ്.കെ ഉദ്ഘാടനം; മലയാളം സിനിമാപ്രേമികളെ ഞെട്ടിച്ച ഗൊദാർദ്

ജീവിതത്തിലും സിനിമയിലും അതുവരെ അനുവർത്തിച്ചുവന്നിരുന്ന പരമ്പരാഗത ശൈലികളെയെല്ലാം തച്ചുടച്ച് മുന്നേറിയ ചലച്ചിത്ര സംവിധായകനെയാണ് ഴാങ് ലൂക് ഗൊദാർദിന്റെ വിയോഗത്തിലൂടെ സിനിമാ ലോകത്തിന് നഷ്ടമായത്. ചെയ്യുന്ന എല്ലാ കാര്യത്തിലും തന്റേതായ വേറിട്ട വ്യക്തിമുദ്ര പതിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. ( Inauguration of IFFK with lit cigar; Jean-Luc Godard shocked Malayalam movie lovers ).
കൊവിഡ് മാഹാമാരിക്കിടെ നടന്ന കേരളത്തിന്റെ ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയിൽ ഷീൻ ലൂക് ഗൊദാർദ് ഓൺലൈനായി പങ്കെടുത്തിരുന്നു. സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ഗൊദാർദിന്റെ കൈയിലെ ചുരുട്ടാണ് അന്ന് ഉദ്ഘാടനച്ചടങ്ങിനെത്തിയവർക്കിടയിൽ ഏറെ ചർച്ചയായത്. ഇതിഹാസ സംവിധായകൻ കേരളത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെ ചുരുട്ട് കത്തിച്ച് വലിക്കുകയായിരുന്നു.
ആധിപത്യക്കാരുടെ ഭാഷയിൽ (ഇംഗ്ലീഷ്) സംസാരിക്കേണ്ടി വരുന്നതിൽ ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയിൽ അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. തന്നെ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചതിന് നന്ദി അറിയിച്ച അദ്ദേഹം മികച്ചതും യുക്തിക്ക് നിരക്കുന്നതുമായ ചിത്രങ്ങൾ നിരവധിയായി നിർമ്മിക്കാനും വിതരണം ചെയ്യാനും സാധിക്കട്ടേയെന്ന് ആശംസിക്കുകയും ചെയ്തു.
Read Also: ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് അന്തരിച്ചു
ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായ ഗൊദാർദിന് സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
1950-ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്‌ത്രത്തിൽ ഉന്നതബിരുദം നേടിയ അദ്ദേഹം തിരക്കഥാ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളും സ്‌ത്രീലൈംഗികതയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെത്ത്‌ലെസ് ആദ്യ ചിത്രവും എ വുമൺ ഈസ് എ വുമൺ (1969) ആദ്യ വർണചിത്രവുമാണ്.
ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) എന്ന ചിത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ദ സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന ഗൊദാർദ്, രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. എഴുപതുകളിൽ വിഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രരംഗത്തേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
Story Highlights: Inauguration of IFFK with lit cigar; Jean-Luc Godard shocked Malayalam movie lovers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here