കോവിഡിനെ ഫലപ്രദമായി നേരിട്ട നഗരങ്ങളിൽ ഒന്നാമതായി അബുദാബി

കോവിഡിനെ മികച്ച രീതിയിൽ നേരിട്ട നഗരങ്ങളിൽ ഒന്നാമതായി അബുദാബി. ലോകത്തെ 100 മികച്ച നഗരങ്ങളിൽ നിന്നാണ് അബുദാബി ഒന്നാമതെത്തിയത്. നോളജ് അനലിറ്റിക്‌സ് (ഡികെഎ) എന്ന സ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ്‌ടെക് അനലിറ്റിക്കിന്റെ സഹോദര സ്ഥാപനമാണ് നോളജ് അനലിറ്റിക്‌സ്. അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖല ഈ അടുത്തകാലങ്ങളിൽ വളരെയധികം ശക്തിപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
മഹാമാരിയെ സമയോചിതമായി നേരിട്ട രീതി, ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യം, പ്രതിബദ്ധത, നേതൃത്വം, പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ വിലയിരുത്തിയാണ് ഇങ്ങനെയൊരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സർക്കാരിന്റെ കാര്യക്ഷമത, ആരോഗ്യപരിപാലനം, ക്വാറന്റീൻ നടപടികൾ, വാക്‌സീൻ യജ്ഞം, സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പ്, വാക്സീൻ സ്വീകരിച്ചവരുടെ തോത് എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി ലോക രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്.
കോവിഡ് ലോകരാജ്യങ്ങളെ മുഴുവൻ പിടിച്ചുകുലുക്കിയപ്പോഴും മാതൃകാപരമായ രീതിയിലാണ് അബുദാബി ഇതിനെ നേരിട്ടത്. ഈ സമയങ്ങളിലും അബുദാബിയുടെ സാമ്പത്തിക, വ്യാപാര, ആരോഗ്യ മേഖല വളരെ ശക്തമായി തന്നെ പിടിച്ചുനിന്നു. വാക്സീൻ പരീക്ഷണത്തിലും കുത്തിവയ്പിലും വാക്സീൻ വിതരണത്തിലുമെല്ലാം യുഎഇ ലോക രാജ്യങ്ങൾക്കു മാതൃകയായി. 60ലേറെ രാജ്യങ്ങളിലേക്കായി 26 കോടി ഡോസ് വാക്സീനാണ് അബുദാബി എത്തിച്ചത്. ഇതെല്ലാം മികവിന്റെ ഉയരങ്ങളിലെത്താൻ അബുദാബിയെ സഹായിച്ചു.
Story Highlights: Abu Dhabi ranked as world’s top pandemic-resilient city again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here