‘ശത്രുപാളയത്തിലെ ആനുകൂല്യം പറ്റുന്നവനല്ല’; ലീഗ് യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ.എം ഷാജി

മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ എം ഷാജി. ലീഗ് തന്നെ വിമര്‍ശിച്ചെങ്കില്‍ തന്നെ, ശത്രുകൂടാരത്തില്‍ അഭയം പ്രാപിക്കുമെന്ന് കരുതേണ്ടെന്ന് കെ എം ഷാജി പറഞ്ഞു.
‘കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് യോഗത്തില്‍ കെ എം ഷാജിക്കെതിരെ വലിയ വിമര്‍ശനമുണ്ടായെന്ന് വാര്‍ത്ത വന്നു. എല്ലാ ചാനലും അത് കൊടുത്തു. അവര്‍ക്ക് സന്തോഷമാകുകയും ചെയ്തു. ബിരിയാണി കൊടുക്കല്‍ മാത്രമല്ല, നേതാക്കന്മാരെ ലീഗ് വിമര്‍ശിക്കുന്നുണ്ടെന്ന് സമ്മതിച്ചല്ലോ.
പക്ഷേ ആ യോഗത്തില്‍ അങ്ങനെയൊരു വിമര്‍ശനമുണ്ടായിട്ടില്ലെന്ന് പാര്‍ട്ടിയുടെ ചുമതലയുള്ള സെക്രട്ടറിയും നേതാക്കന്മാരും പറഞ്ഞു. ഇനിയിപ്പോള്‍ എന്നെ വിമര്‍ശിച്ചെന്നും തിരുത്തണമെന്നും അവര്‍ പറഞ്ഞെന്നിരിക്കട്ടെ, അതില്‍ മനം നൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം തേടുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ശത്രുവിന്റെ കൂടാരത്തില്‍ ഞാന്‍ അഭയം പ്രാപിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അതിനുള്ള വെള്ളമങ്ങ് വാങ്ങിവച്ചേക്ക്’. കെ എം ഷാജി പറഞ്ഞു.
പാര്‍ട്ടി വേദികളില്‍ അല്ലാതെ മുസ്ലിം ലീഗിനെതിരെ കെ എം ഷാജി വിമര്‍ശനമുന്നയിക്കുന്നു എന്നാണ് കെ എം ഷാജിക്കെതിരെ കുറ്റപ്പെടുത്തലുണ്ടായത്.ഷാജിക്കെതിരെ നടപടിയെടുക്കണം എന്നും ലീഗ് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Read Also: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ സർക്കാർ പൂർണമായും പിന്മാറണം: മുസ്ലിം ലീഗ്
അച്ചക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ പറഞ്ഞു. ക്രിയാത്മക വിമര്‍ശനം പാര്‍ട്ടി വേദികളില്‍ മാത്രം മതിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം അനുവദിക്കില്ല. ഈ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ലീഗ് യോഗത്തില്‍ തീരുമാനമായി.
പാര്‍ട്ടിവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഇനി മുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. അഞ്ചംഗങ്ങള്‍ ഉള്‍പ്പെട്ട അച്ചടക്ക സമിതിയായിരിക്കും കാര്യങ്ങള്‍ വിലയിരുത്തുക. മുന്നണി മാറാനുള്ള സാഹചര്യം നിലവിലില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും പി എം എ സലാം മലപ്പുറത്ത് പറഞ്ഞിരുന്നു.
Story Highlights: KM Shaji said that there was no criticism against him in league meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here