’15 ആൽബങ്ങളിലായി ഏഴായിരത്തിലധികം ചിത്രങ്ങളുമായി ആൻമരിയ’; സ്വപ്നം സാക്ഷാത്ക്കരിക്കാൻ കൂടെയുണ്ടെന്ന് കേരള പൊലീസ്

15 ആൽബങ്ങളിലായി ഏഴായിരത്തിലധികം പൊലീസ് ചിത്രങ്ങളുമായി ആൻമരിയ ഷാബു. പൊലീസിൽ ജോലിചെയ്യുക എന്ന സ്വപ്‌നം അതിവേഗത്തിൽ നടക്കട്ടെയെന്ന് കേരള പൊലീസ് കുറിച്ചു. പൊലീസ് ചിത്രങ്ങൾ ഏത് പത്രത്തിൽ കണ്ടാലും ആന്മരിയ അപ്പോൾ അത് വെട്ടിയെടുത്തിരിക്കും. മലയാളത്തിലെയും ഇംഗ്ലീഷിലേയും പത്രങ്ങളിൽ വന്ന പൊലീസുകാരുടെയും പൊലീസ് വാർത്തകളുടെയും ചിത്രങ്ങളാണ് ആൻമരിയയുടെ ആൽബങ്ങളിൽ. ആൻ മരിയ. ഒരുനാൾ, പരിശീലനം പൂർത്തിയാക്കി പങ്കെടുക്കാൻ കൊതിക്കുന്ന പൊലീസ് പാസ്സിംഗ് ഔട്ട് പരേഡിന്റെ ചിത്രം ആൽബത്തിൽ പതിക്കാൻ കാത്തിരിക്കുകയാണെന്ന് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.(ann maria’s police album collection)
പൊലീസിനെ ഏറെ ഇഷ്ടമാണെന്നും പോലീസ് സേനയിൽ ചേരുകയും അങ്ങനെ പൊലീസിംഗ് ജീവിതത്തിൻെറ ഒരു ഭാഗമാക്കുകയും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് തൻെറ ലക്ഷ്യമെന്ന് ആൻമരിയ പറയുന്നു. പൊലീസിൽ ജോലിചെയ്യുക എന്ന പിതാവിന്റെ സ്വപ്‌നം മകളിലൂടെ സാധിപ്പിച്ചെടുക്കാനുമുള്ള പ്രയത്നത്തിലാണെന്നും ആൻമരിയയുടെ അച്ഛനായ ഷാബു പറയുന്നു. വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലിയുമായി ഷാബുവും തൊഴിലുറപ്പ് പണിക്കാരിയായ അമ്മ പ്രിൻസിയും ഏകമകളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കൂടെയുണ്ട്.- കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.
കേരള പൊലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
15 ആൽബങ്ങളിലായി ഏഴായിരത്തിലധികം ചിത്രങ്ങൾ. പുസ്തകത്തിലും ഹൃദയത്തിലും പോലീസിനെ പതിച്ച് ആൻമരിയ ഷാബു.
പൊലീസ് ചിത്രങ്ങൾ ഏത് പത്രത്തിൽ കണ്ടാലും ആന്മരിയ അപ്പോൾ അത് വെട്ടിയെടുത്തിരിക്കും. മലയാളത്തിലെയും ഇംഗ്ലീഷിലേയും പത്രങ്ങളിൽ വന്ന പൊലീസുകാരുടെയും പൊലീസ് വാർത്തകളുടെയും ചിത്രങ്ങളാണ് ആൻമരിയയുടെ ആൽബങ്ങളിൽ നിറയെ. പത്താം വയസ്സ് മുതൽ തുടങ്ങിയ ഈ ചിത്രകഥ ഒരുക്കൽ കഴിഞ്ഞ പത്തുവർഷമായി തുടരുന്നു. പതിനഞ്ച് പുസ്തകങ്ങൾ അഥവാ ആൽബങ്ങൾ ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു, ആൻ മരിയ.
ഒരുനാൾ, പരിശീലനം പൂർത്തിയാക്കി പങ്കെടുക്കാൻ കൊതിക്കുന്ന പൊലീസ് പാസ്സിംഗ് ഔട്ട് പരേഡിന്റെ ചിത്രം ആൽബത്തിൽ പതിക്കാൻ കാത്തിരിക്കുകയാണ് അവൾ. അതെ, വിശിഷ്ട വ്യക്തികളെ സല്യൂട്ട് ചെയ്ത്, മാർച്ച് ചെയ്ത് കടന്നുപോകുന്ന ആ സ്വപ്ന ചിത്രം.
പത്താം വയസ്സിൽ തുടങ്ങിയതാണ് ആൻമരിയയുടെ കേരള പോലീസിനോടുള്ള ഇഷ്ടം. പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ തോളൂർ പള്ളിക്കു സമീപം താമസം അറങ്ങാശ്ശേരി വീട്ടിൽ ഷാബുവിൻറേയും പ്രിൻസിയുടേയും ഏകമകളാണ് ആൻമരിയ. പറപ്പൂർ സെൻറ് ജോൺസ് ഹയർ സെക്കൻററി സ്കൂളിലായിരുന്നു ആൻമരിയയുടെ പഠനം. സ്കൂൾ പഠനക്കാലത്ത് ദിനപത്രങ്ങളിലും മാസികകളിലും വന്നിരുന്ന പോലീസിനെകുറിച്ചുള്ള വാർത്തകൾ പടങ്ങൾ സഹിതം വെട്ടിയെടുത്ത് ശേഖരിച്ചുവയ്ക്കുന്നത് ഒരു ശീലമാക്കിയിരുന്നു. വാർത്തയറിഞ്ഞ പേരാമംഗലം പേലീസ് സ്റ്റേഷനിൽ ചാർജ്ജുണ്ടായിരുന്ന പല പോലീസ് ഉദ്യോഗസ്ഥരും ആൻമരിയയുടെ ഈ ഹോബിയെ പ്രോത്സാഹിപ്പിച്ചു.
ആൻമരിയുടെ ഈ ഹോബി നേരിട്ട് കാണാനെത്തിയ ഉന്നത പൊലീസ് മേധാവികൾ ഉൾപ്പെടയുള്ള പോലീസ് ഉദ്യോഗസ്ഥർ ആൽബത്തിൽ സ്വന്തം കൈപടരേഖപെടുത്തി ആശംസകൾ അറിയിച്ചാണ് പിന്തുണയേകുന്നത്. പോലീസിനെ ഏറെ ഇഷ്ടമാണെന്നും പോലീസ് സേനയിൽ ചേരുകയും അങ്ങനെ പൊലീസിംഗ് ജീവിതത്തിൻെറ ഒരു ഭാഗമാക്കുകയും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് തൻെറ ലക്ഷ്യമെന്ന് ആൻമരിയ,
മികച്ച മാർക്കോടെ പ്ളസ് ടു വിജിയിച്ച ആൻമരിയ ഇപ്പോൾ തൃശ്ശൂർ സെൻറ് തോമാസ് കോളേജിൽ ക്രിമിനോളജി ആൻറ് പോലീസ് സയൻസ് എന്ന വിഷയത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.
പഠനം പൂർത്തിയാക്കി ഈ വിഷയത്തിൽതന്നെ ബിരുദാനന്തര ബിരുദവും സ്വന്തമാക്കണം എന്നതും ആഗ്രഹങ്ങളിൽ പ്രധാനം. പോലീസ് യൂണിഫോം ധരിക്കാനുള്ള ആവേശത്തിൽ അതിനുവേണ്ട പരീക്ഷകളുടെ പരിശീലനവും നടത്തുന്നതിനിടയിലും ശനി ഞായർ എന്നീ ഒഴിവു ദിവസങ്ങളിൽ പോലീസ് ചിത്രങ്ങളും വാർത്തകളും പതിച്ച് ആൽബങ്ങളുടെ നിർമാണത്തിനും സമയം കണ്ടെത്തുന്നു.
പോലീസിൽ ജോലിചെയ്യുക എന്നത് തൻെറ സ്വപ്നമായിരുന്നുവെന്നും. തനിക്ക് സാധിക്കാതെ പോയ ആഗ്രഹം മകളിലൂടെ സാധിപ്പിച്ചെടുക്കാനുമുള്ള പ്രയത്നത്തിലാണെന്നും ആൻമരിയയുടെ അച്ഛനായ ഷാബു പറയുന്നു. വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലിയുമായി ഷാബുവും തൊഴിലുറപ്പ് പണിക്കാരിയായ അമ്മ പ്രിൻസിയും ഏകമകളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കൂടെയുണ്ട്.
Story Highlights: ann maria’s police album collection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here