67 വർഷത്തെ ഭരണത്തെക്കാൾ മികച്ചത് മോദിയുടെ 8 വർഷത്തെ ഭരണം; അദ്ദേഹത്തെ എല്ലാ ദിവസവും ആഘോഷിക്കണം: വി മുരളീധരൻ

മുൻ സർക്കാരുകളുടെ 67 വർഷത്തെ ഭരണത്തെക്കാൾ മികച്ചത് നരേന്ദ്ര മോദിയുടെ 8 വർഷത്തെ ഭരണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അദ്ദേഹത്തെ ജന്മദിനത്തിൽ മാത്രം ആഘോഷിക്കേണ്ട വ്യക്തിത്വമായി താൻ കാണുന്നില്ലെന്നും അദ്ദേഹത്തിൻ്റെ നയങ്ങളും നിലപാടുകളും എല്ലാ ദിവസവും ആഘോഷിക്കേണ്ട നയങ്ങളാണെന്നാണ് എൻ്റെ അഭിപ്രായമെന്നും വി മുരളീധരൻ 24നോട് പ്രതികരിച്ചു. [24 എക്സ്ക്ലൂസിവ്] (muraleedharan narendra modi birthday)
“ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിനം, ഈ ജന്മദിനത്തിൽ മാത്രം ആഘോഷിക്കേണ്ട വ്യക്തിത്വമായി ഞാൻ കാണുന്നില്ല. പകരം, ഒരുപക്ഷേ, ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും സമർത്ഥനായ, ശക്തനായ, കഴിവുറ്റ ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ നയങ്ങളും നിലപാടുകളും എല്ലാ ദിവസവും ആഘോഷിക്കേണ്ട നയങ്ങളാണെന്നാണ് എൻ്റെ അഭിപ്രായം.”- വി മുരളീധരൻ പറഞ്ഞു.
“പ്രധാനമന്ത്രി 2014ൽ അധികാരമേറ്റെടുത്തപ്പോൾ അദ്ദേഹം മുന്നോട്ടുവച്ച ആശയമാണ് സ്വച്ഛ് ഭാരത്. ഈ സ്വച്ഛ് ഭാരത് എന്ന ആശയം മുന്നോട്ടുവച്ചതിനോട് നമ്മളതിനെ പൂർണമായിട്ടുള്ള അർത്ഥത്തിൽ ഉൾക്കൊണ്ടിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്ന് തെരുവിൽ പട്ടികളുടെ കടിയേറ്റ് മരിക്കുന്നൊരു സാഹചര്യം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. അന്നത്തെ സർക്കാരുകൾ അത് വേണ്ടത്ര ഫലപ്രദമായി കേരളത്തിൽ നടപ്പാക്കിയോ എന്നറിയില്ല. അന്ന് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പറഞ്ഞപ്പോൾ പരിഹസിച്ച ആളാണ് ഭാരതത്തെ ഒന്നിപ്പിക്കാൻ എന്നുപറഞ്ഞ് നടക്കുന്നത്. അദ്ദേഹത്തിൻ്റെ യാത്രയിലടക്കം പട്ടി കടിക്കാതെ രക്ഷപ്പെട്ടാൽ സന്തോഷം. ഇത്തരത്തിലുള്ള ഒരു ഗതികേടിലേക്ക് നാടെത്തുന്നത്, ഇത് മുൻകൂട്ടി കണ്ടുകൊണ്ട് നമ്മുടെ നാട് ശുചിത്വമുള്ള നാടായിട്ട് മാറണം എന്നുള്ള ആഹ്വാനം.”- വി മുരളീധരൻ വ്യക്തമാക്കി.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ
“ഇതേപോലെ, കൊവിഡിൻ്റെ കാലത്ത് നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന് ആളുകൾക്ക്, കോടിക്കണക്കിന് ആളുകൾക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള സംവിധാനമുണ്ടാക്കി. അതിനു മുൻപ് ജൻ ധൻ അക്കൗണ്ടുകൾ ആരംഭിച്ചപ്പോൾ നമ്മുടെ നാട്ടിൽ അക്കൗണ്ട് ഇല്ലാത്ത ആരുമില്ല, അക്കൗണ്ടിൻ്റെ ആവശ്യവുമില്ല എന്ന് പറഞ്ഞിരുന്ന ആൾക്കാരാ. പക്ഷേ, കൊവിഡ് സമയത്ത് അതിൻ്റെ ആവശ്യം വന്നു. കാരണം, ഒരു ഡിജിറ്റൽ സമ്പദ് വ്യവസ്ഥ. അങ്ങനെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ഏറ്റവുമധികം കഷ്ടപ്പെട്ട ഒരു ഭരണാധികാരി. അങ്ങനെ ഓരോ മേഖല എടുത്തുകഴിഞ്ഞാൽ കഴിഞ്ഞ 67 കൊല്ലക്കാലത്തെ മറ്റ് സർക്കാരുകളുടെ ഭരണവും എട്ട് കൊല്ലക്കാലത്തെ നരേന്ദ്രമോദിയുടെ ഭരണവും. ഒരുപക്ഷേ, 67 കൊല്ലക്കാലത്തെക്കാൾ വലിയ നേട്ടങ്ങൾ, ആ നേട്ടങ്ങൾ നരേന്ദ്ര മോദിജിയുടെ എട്ട് കൊല്ലക്കാലം കൊണ്ട് കൈവരിക്കാൻ സാധിച്ചു എന്നുള്ളതാണ് നമ്മൾ നേടിയിട്ടുള്ള ഏറ്റവും നല്ല നേട്ടം.”- അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: v muraleedharan narendra modi birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here